- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുക നാളെ; സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണാ, ഗാർഹിക പീഡന കുറ്റങ്ങൾ തെളിഞ്ഞു; കിരണിന്റെ ജാമ്യവും റദ്ദാക്കി; കോളിളക്കം സൃഷ്ടിച്ച കേസിൽ നിർണായക വിധി പുറപ്പെടുവിച്ചതു കൊല്ലം ഒന്നാം അഡീഷനണൽ സെഷൻസ് കോടതി
കൊല്ലം: കൊല്ലത്ത്, ബി.എ.എം.എസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷനണൽ സെഷൻസ് കോടതിയാണ് വിസ്മയയുടെ ഭർത്താവ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കിരൺ കുമാറിന്റെ ശിക്ഷ വിധിക്കുക നാളയൊണ്. സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞു. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറഞ്ഞത്.
സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിൽ മൂന്ന് വകുപ്പുകൾ തെളിഞ്ഞു.
42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 120 രേഖകളിൽനിന്നും 12 മുതലുകളിൽനിന്നും കുറ്റകൃത്യങ്ങൾ പൂർണമായി തെളിഞ്ഞതായി വാദിച്ചിട്ടുണ്ട്. 2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എംപി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ച കേസിൽ മെയ് 18ന് വാദം പൂർത്തിയായി. ജി. മോഹൻരാജായിരുന്നു ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിയുടെ പിതാവ് സദാശിവൻപിള്ള, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറി.
വിവാഹം കഴിഞ്ഞ് 9ാം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. കേസിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകൾ.