- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃഗൃഹത്തിൽ വിസ്മയയുടെ മരണം: കിരണിന്റെ കസ്റ്റഡി അപേക്ഷ ശാസ്താംകോട്ട കോടതി പരിഗണിക്കും
തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ വി. നായർ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി കിരണിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.
കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുകൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. കിരണിനെ കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ടിനോട് കോടതി കഴിഞ്ഞ ഉത്തരവിട്ടിരുന്നു.
പ്രോസിക്യൂഷൻ ഭാഗവും പ്രതിഭാഗവും കേട്ട ശേഷം കസ്റ്റഡി അപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഡന മരണം) , 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഡനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറിൽ ചുമത്തിയിട്ടുള്ളത്. വിസ്മയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് ലബോറട്ടറി പരിശോധനാ റിപ്പോർട്ടും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേ സമയം ആന്തരികാവയങ്ങളായ കരൾ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി റിപ്പോർട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളിൽ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വൽ ടർക്കിയിൽ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു. കെമിക്കൽ ഫലത്തിനായി കാക്കുകയാണ് പൊലീസ്.
2021 ജൂൺ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിന്റെ വീടായ ശാസ്താംകോട്ട പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസം വീട്ടിൽ ഒന്നാം നിലയിൽ ദമ്പതികളുടേ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ ജനൽ കമ്പിയിൽ ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിൽ വിസ്മയയെ കണ്ടതായി കിരൺ വെളിപ്പെടുത്തിയത്.
കിരൺ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും 10 ലക്ഷത്തിന്റെ ടൊയോറ്റ കാർ വിറ്റ് 10 ലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ തെളിവായി ശരീരത്തിലുള്ള പരിക്കിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കൾക്കും കൂട്ടുകാരികൾക്കും വാട്ട്സ്ആപ്പ് അയച്ചിരുന്നു.
മരണത്തിന് മണിക്കൂറുകൾ മുമ്പ് മർദ്ദനപാടുകൾ ഉള്ള ഫോട്ടോ വിസ്മയ സഹോദരന് അയച്ചു. ഇതേച്ചൊല്ലിയും കിരൺ വിസ്മയയുമായി വഴക്കുണ്ടാക്കി ഫോൺ പിടിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ പലപ്പോഴായി 5 ഫോണുകൾ തല്ലിപ്പൊട്ടിച്ചു കളഞ്ഞു. മാതാപിതാക്കളുടെ നമ്പരുകൾ കിരൺ ബ്ലോക്കും ചെയ്തു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വിസ്മയയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
2020 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നായർ മാട്രിമോണി വെബ് സൈറ്റ് മുഖേന നടന്നത്. 101 പവനും 1 ഏക്കർ 20 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരൺ വാങ്ങിയിരുന്നത്.