- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയ കേസിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങില്ല; കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കാൻ ഐജി ഹർഷിത അട്ടല്ലൂരിയുടെ നിർദ്ദേശം; കിരണിന്റെ സാന്നിധ്യത്തിൽ സഹോദരി അടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്യും
കൊല്ലം: വിസ്മയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള കിരൺകുമാറിനെ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവാത്ത വിധം പൂട്ടാൻ അന്വേഷണ സംഘത്തിന് ഐജിയുടെ നിർദ്ദേശം. 90 ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ കിരൺ കുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ഓഫീസിൽ കൊണ്ടു വന്ന് ചോദ്യം ചെയ്തിരുന്നു. കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ വിസ്മയയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ കിരണും വിസ്മയയും തമ്മിൽ കാറിൽ വെച്ച് വഴക്കിട്ടു. കിരൺ മർദ്ദിക്കാൻ ശ്രമിച്ചതിനെതുടർന്ന് വിസ്മയ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തിലെത്തിച്ച് തെളിവെടുപ്പു നടത്തും. കിരണിന്റെ സാന്നിധ്യത്തിൽ സഹോദരിയെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.
കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വഷണം നടത്തുമെന്ന് ഐജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കിരണിനെതിരെ ചുമത്തിയതെന്ന് ഐജി പറഞ്ഞിരുന്നു.
കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജന്മാർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചിരുന്നു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവു ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി നിർദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ