ചെക്കോസ്ലോവാക്യയിലെ മുൻ എക്കണോമിസ്റ്റും പിന്നീട് രാഷ്ട്രീയപ്രവർത്തകനുമായിത്തീർന്ന വിറ്റ് ജെഡ്‌ലിക്ക് ഒരു വെർച്വൽ സ്റ്റേറ്റ് രൂപീകരിച്ചിരിക്കുന്നു. ലിബർലാൻഡ് എന്ന പേരിട്ടിരിക്കുന്ന ഈ രാജ്യത്തെ പൗരത്വത്തിനായി അഞ്ച് ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. ഇവരിൽ 5500പേർ യുകെയിൽ നിന്നുള്ളവരാണ്. ഭരിക്കാൻ സർക്കാരില്ല...നിയന്ത്രിക്കാൻ പൊലീസ് ഇല്ല...നികുതി അടച്ച് വിഷമിക്കേണ്ട...കറൻസി ബിറ്റ്‌കോയിൻ മാത്രം....തുടങ്ങിയ അനേകം സവിശേഷതകൾ ഉള്ള ഒരു വെർച്വൽ രാജ്യമാണിത്. ഇങ്ങനെയും ഒരു രാജ്യം ലോകത്തുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നാം. എന്നാൽ സംഗതി സത്യമാണ്.

ഏഴ് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചെറിയ രാജ്യമാണിത്. മൊണാക്കോയും വത്തിക്കാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണിത്. ക്രൊയേഷ്യയ്ക്കും സെർബിയക്കും ഇടയിൽ ആരും അവകാശവാദമുന്നയിക്കാത്ത ഭൂപ്രദേശമാണിത്. വെർച്വലായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണീ രാജ്യം രൂപീകരിച്ചിരിക്കുന്നത്. വിശ്വസ്തരായ പൗരന്മാർക്ക് ഗവൺമെന്റുകളുടെ ചട്ടക്കൂടുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ പരസ്പര പിന്തുണയോടെ അഭിവയോധികിപ്പെടുന്നതിനുള്ള രാജ്യമാണിതെന്നാണ് ഇതിന്റെ സ്ഥാപകൻ ഈ ആഴ്ച നടത്തിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അനാവശ്യമായ നിയന്ത്രണങ്ങളും നികുതികളും ഒഴിവാക്കിക്കൊണ്ടുള്ള രാജ്യമായിരിക്കും ലിബർലാൻഡ് എന്നും ജെഡ്‌ലി വെളിപ്പെടുത്തുന്നു. ഇവിടെ പോസ്റ്റ് ഓഫീസുകൾ ഉണ്ടാവില്ലെന്നും വെറും ഇമെയിൽ വിലാസങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇതിന് പുറമെ പൗരന്മാർക്ക് ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളുമുണ്ടാകും. ഈ രാജ്യത്തിന് വിമാനത്താവളങ്ങളോ സൈന്യമോ ഉണ്ടായിരിക്കില്ല. ഇനി പറയുന്ന നാല് കാര്യങ്ങൾ പാലിച്ചാൽ മാത്രമേ ഇവിടുത്തെ പൗരത്വം നൽകുകയുള്ളൂ.

1 മറ്റുള്ളവരെയും അവരുടെ അഭിപ്രായങ്ങളെയും ബഹുമാനിക്കണം. അതായത് മറ്റുള്ളവരുടെ ജാതി, മതം, വർഗം, തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിക്കാതെ എല്ലാവരെയും സമന്മാരായി പരിഗണിക്കണം. 2 സ്വകാര്യം ഉടമസ്ഥതയെ ബഹുമാനിക്കണം.3 കമ്മ്യൂണിസ്റ്റ്, നാസി, അല്ലെങ്കിൽ മറ്റേതെങ്കിലും തീവ്ര വിശ്വാസം പാടില്ല. 4 നിങ്ങൾ കുററവാളിയോ ശിക്ഷ ലഭിച്ച ആളോ ആവരുത്. 

പുതിയ രാജ്യത്തിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ, അപ്ലിക്കേഷൻ നടപടികൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ക്രൊയേഷ്യയിലെ സ്വാതന്ത്ര്യ സമരം വരെ ലിബർലാൻഡിന്റെ ഭരണം നിർവഹിച്ചിരുന്നത്. എന്നാൽ നിലവിൽ യാതൊരു രാജ്യത്തിനും ഇതിന്റെ അധികാരം യുഎൻ അംഗീകരിച്ച് നൽകിയിട്ടില്ല.