തൃശൂർ: സെക്യൂരിറ്റിയെ വാഹനം ഇടിപ്പിച്ചുകൊന്ന കേസിൽ നിഷാമിനെ കേസിൽ നിന്ന് ഊരിയെടുക്കുന്നതിന് വേണ്ടി  ചരടുവലികൾ നടത്തിയെന്ന് ആരോപണമുയർന്നിരിക്കുന്ന വൈത്തീശ്വരൻ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തി കോടീശ്വരനായ വ്യക്തിയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. തന്റെ പേരിലുള്ള ഒരു കേസിൽ നിരവധി തവണ തൃശൂർ സിറ്റിപൊലീസ് മുൻ കമ്മീഷണർ നടപടിയെടുക്കാത്തതു മൂലമാണ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിന് പരാതി നൽകുകയും അദ്ദേഹത്തെ ചെന്ന് കാണുകയും ചെയ്തതെന്ന് വൈത്തീശ്വരൻ വ്യക്തമാക്കിയതോടെയാണ് പൊലീസും വൈത്തീശ്വരനും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ചുരുളുകൾ അഴിയുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പണം തരാനുണ്ടായിരുന്ന ചിലർ പണം ചോദിച്ചതിന്റെ വൈരാഗ്യത്തിന് തന്നെയും സ്ഥാപനത്തെയും അപമാനിച്ചുവെന്നാണ് വൈത്തീശ്വരന്റെ പരാതി. രാജേഷ് ഗോപാലകൃഷ്ണൻ, സുരേഷ് മോഹൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. കമീഷണർ കേസ് വൈകിപ്പിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്തു വച്ചാണ് ഡി.ജി.പിയെ നേരിൽ കണ്ടതെന്നും വൈത്തീശ്വരൻ വെളിപ്പെടുത്തിയിരുന്നു.

ചേലക്കരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന വ്യക്തിയാണെങ്കിലും ഇയാൾ പൊലീസിനും രാഷ്ട്രീയക്കാർക്കും വിഐപി ആയതിന്റെ പിന്നിലുള്ള കഥകൾ ഇപ്പോൾ അവ്യക്തം. ചുരുങ്ങിയ കാലം കൊണ്ട് ഉന്നത കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിച്ച വൈത്തീശ്വരൻ പാട്ടുരായ്ക്കലിൽ ആവോക്കാരൻ ആർക്കേഡ്‌സിൽ ധനലക്ഷ്മി സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തി വരികയാണിപ്പോൾ. എൽ ഐ സി മ്യൂച്ചൽ ഫണ്ടിന്റേയും മറ്റും ബ്രോക്കിങ് ഇടപാടുകളും നാല്പതുകാരനായ ഇയാൾ ചെയ്യുന്നുണ്ട്.
തനിക്കെതിരേ അശ്ലീലം പ്രചരിപ്പിക്കുന്നുവെന്ന് ഒരു അദ്ധ്യാപിക മുമ്പ് ഇയാൾക്കെതിരേ പരാതി നൽകിയെങ്കിലും പൊലീസുമായുള്ള ഇയാളുടെ ബന്ധത്തിന്റെ മുന്നിൽ പരാതി വെളിച്ചം പോലും കണ്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 14നാണ് സ്വകാര്യ സിബിഎസ്ഇ സ്‌കൂൾ അദ്ധ്യാപിക വൈത്തീശ്വരനെതിരേ ടൗൺ സ്റ്റേഷനിൽ പരാതി നൽകുന്നത്. എന്നാൽ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് കേസിൽ നടപടിയൊന്നും സ്വീകരിക്കാൻ പൊലീസിനായില്ല.

തൃശൂരിലെ മറ്റൊരു കെട്ടിട നിർമ്മാണ ഗ്രൂപ്പും ഒരു പ്രവാസി എൻജിനീയറുമായി നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോഴും വൈത്തീശ്വരൻ ഇടപെട്ടിരുന്നു എന്നും ആരോപണമുണ്ട്. ഇതിൽ കേസ് ഒതുക്കുന്നതിന് വൈത്തീശ്വരൻ പൊലീസിലുള്ള തന്റെ ഉന്നത ബന്ധം ഇവർക്ക് ലഭ്യമാക്കിക്കൊടുത്തിരുന്നു.

പ്രവാസി എൻജിനീയർ നൽകിയ കേസിൽ രണ്ടരകോടിയോളം രൂപ നൽകാൻ കോടതി വിധിയുണ്ടായതുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായത്. എൻജിനീയർക്ക് അനുകൂലമായ വിധി ഒത്തുതീർക്കാൻ വൈത്തീശ്വരൻ ഇയാളിൽ സമ്മർദം ചെലുത്തിയെങ്കിലും താൻ നിരസിച്ചതോടെ ഭാര്യക്കെതിരേ അപവാദപ്രചാരണം നടത്തിയെന്നാണ് എൻജിനീയർ വ്യക്തമാക്കുന്നത്. ഇയാളുടെ ബന്ധുവിന്റെ ഭാര്യക്കെതിരേ അശ്ലീലപരാമർശമുണ്ടായെന്നു കാട്ടി മറ്റൊരു പരാതി കൂടി നിലവിലുണ്ട്. വീട്ടമ്മ തന്നെയാണ് ഈ പരാതി നൽകിയിരിക്കുന്നത്. ഇതിനു തെളിവായി വൈത്തീശ്വരന്റെ ഫോൺ സംഭാഷണം തെളിവായി നൽകിയെങ്കിലും അഞ്ചുമാസമായിട്ടും ഇതിൽ നടപടിയൊന്നുമായിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. തന്റെ സ്വാധീനമുപയോഗിച്ച് വൈത്തീശ്വരൻ ഈ കേസുകളെല്ലാം ഒതുക്കിത്തീർക്കുകയായതിനാൽ പൊലീസുകാർ നിസഹായരായി  മാറുകയാണ്.

ഈ കേസിൽ കോടതിവിധിയുണ്ടായശേഷം രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എൻജീനിയറെ വിളിച്ചു സംസാരിച്ചിരുന്നു. കോടതിവിധി വന്നതിനാൽ അതുപ്രകാരമുള്ള തുക വേണമെന്ന് നിലപാടെടുത്തതോടെയാണ് കുടുംബത്തിനെതിരേ അശ്ലീലപ്രചാരണമുണ്ടായതെന്നാണ് ആക്ഷേപം. ഓൺലൈനിലൂടെ നടത്തിയ അപവാദപ്രചാരണം സംബന്ധിച്ച് വ്യക്തമായ തെളിവുകളോടെയാണ് പരാതി നൽകിയത്. ഈ കേസിന്റെ നടപടി സംബന്ധിച്ച് പി.സി. ജോർജ് പുറത്തുവിട്ട സി ഡിയിൽ പരാമർശമുണ്ട്. കോടതിവിധി വന്ന കേസുകളിൽ ഇടപെടുന്നതിനു പരിമിതിയുണ്ടെന്ന് താൻ പറഞ്ഞതായി ജേക്കബ് ജോബ് ഫോൺസംഭാഷണത്തിൽ വിശദീകരിക്കുന്നു. സ്ത്രീകളുടെ പരാതിക്ക് കൂടുതൽ ഗൗരവം നൽകണമെന്ന നിയമവ്യവസ്ഥ പൊലീസ് ലംഘിച്ചതായി പരാതിക്കാരിയുടെ കുടുംബവൃത്തങ്ങൾ പറഞ്ഞു.