- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; പദ്ധതികൾ പൂർത്തിയാക്കുന്നതിൽ അഭിമാനം; ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഇക്കൂട്ടരെ കണ്ടില്ലെന്നും പറഞ്ഞ് വി ഫോർ കൊച്ചിക്കാരെ കുറ്റപ്പെടുത്തി പിണറായി; അരാജകത്വത്തിന് കുട പിടിക്കുന്നെന്ന് കമാൽ പാഷക്കും വിമർശനം
കൊച്ചി: കൊച്ചിയിലെ പ്രധാന ഗതാഗത കുരുക്കിന് പരിഹാരമായി വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും. പൂർണമായും കിഫ്ബിയുടെ ധനസഹായത്തിലായിരുന്നു നിർമ്മാണം.
മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വി ഫോർ കൊച്ചിക്കാരെയും അതിനെ പിന്തുണച്ച ജസ്റ്റിസ് കമാൽ പാഷയെയും പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഇക്കൂട്ടരെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാജകത്വത്തിന് കുട പിടിക്കണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിക്കൂറിൽ 13,000 വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനജംഗ്ഷനാണിത്. ഇവിടെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എടപ്പള്ളി, പാലാരിവട്ടം, കുണ്ടന്നൂർ. വൈറ്റില എന്നീ ജംഗ്ഷനുകളിൽ 2008-ലാണ് മേൽപ്പാലം പണിയാൻ തീരുമാനമായത്. അന്ന് കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് കിട്ടിയില്ല. പിന്നീട് ഇടത് സർക്കാർ വഴിയാണ് പദ്ധതിക്ക് പണം അനുവദിച്ചതും ഇതിന് ജീവൻ വച്ചതും. എല്ലാ പ്രതിസന്ധികൾക്കിടയിലും ആസൂത്രണത്തോടെയും എഞ്ചിനീയറിങ് മികവോടെയും വൈറ്റില മേൽപ്പാലം പൂർത്തിയായി. ഇതിന് പൊതുമരാമത്ത് വകുപ്പിനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു'', എന്ന് മുഖ്യമന്ത്രി പറഞ്ഞു
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വളരെ സന്തോഷം തോന്നുന്ന മുഹൂർത്തമാണെന്നും, സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സുധാകരൻ പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രി ടിഎം തോമസ് ഐസക്കായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പതിനൊന്ന് മണിക്ക് കുണ്ടന്നൂർ പാലം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനാണ് വൈറ്റില. ആലപ്പുഴയിൽ നിന്നും കോട്ടയത്ത് നിന്നും അടക്കം എറണാകുളം ജില്ലയിലേക്ക് കടക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും കുണ്ടന്നൂരിന്റെയും വൈറ്റിലയുടെയും കുടുക്കറിയണം. ആറിലധികം വഴികളിലേക്ക് പിരിയുന്ന, ദേശീയ പാതയും സംസ്ഥാനപാതയും വന്നുചേരുന്ന ജംഗ്ഷനിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് 200 മീറ്റർ കടക്കാൻ കാത്തിരിക്കേണ്ടത് പലപ്പോഴും ഒരുമണിക്കൂർ വരെയാണ്. ആലപ്പുഴ, തൃപ്പൂണിത്തുറ എറണാകുളം ഭാഗങ്ങളിലേക്ക് നീണ്ട വാഹനനിരയാണ് മിക്കപ്പോഴും.
ദേശീയപാതയിലൂടെ ആലപ്പുഴ ഭാഗത്ത് നിന്നും ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന് നേരെ കടന്നുപോകേണ്ട വാഹനങ്ങൾ മേൽപ്പാലത്തിലൂടെ കടന്നുപോകും. വൈറ്റിലയിൽ നിന്ന് തിരിഞ്ഞുപോകേണ്ട വാഹനങ്ങൾ മേൽപാലത്തിന്റെ ഇരുവശങ്ങളിലൂടെയും വേണം ജംഗ്ഷനിലേക്കെത്താൻ. ഈ വാഹനങ്ങൾ ഒരു കാരണവശാലും മേൽപ്പാലത്തിൽ കയറരുത് എന്നതുകൊണ്ട് ഇടത്തേക്ക് ബോർഡുമുണ്ട്. മേൽപ്പാലം പണി തുടങ്ങിയ വഴിതിരിച്ചുവിട്ട ഗതാഗത പരിഷ്കാരങ്ങൾ ഒഴിവാകുമെന്നതും വലിയ ആശ്വാസമാകും.
മറുനാടന് മലയാളി ബ്യൂറോ