കൊച്ചി: പറവൂരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മഞ്ഞുമ്മൽ സ്വദേശി വിവേക് വർഗീസിനെ ഏറെ പാടുപെട്ടാണ് പൊലീസ് പിടികൂടിയത്. പിടിയിലായത്. ഇയാൾക്കെതിരേ അഞ്ചോളം കേസുകൾ വിവിധ സ്‌റ്റേഷനുകളിലായി നിലവിലുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞദിവസമാണ് കാക്കനാടുനിന്നും ഒരു യുവാവിനെ പൊലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തത്. പൊലീസിനെ കണ്ട് കിണറ്റിൽ ചാടാൻ ഒരുങ്ങിയ യുവാവിനെ അതിസാഹസികമായി പൊലീസ് പിടിക്കുകയായിരുന്നു.

കാക്കനാടുള്ള ഒരു അഡ്വർടൈസിങ് കമ്പനിയിലെ ഡ്രൈവറാണ് വിവേക്. കമ്പനി ഉടമ എളമക്കര സ്വദേശിനിയാണ് വിവേകിനു കേസിന് ആധാരമായ വിദ്യാർത്ഥിനിയെ പരിചയപ്പെടുത്തി കൊടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയത്. മന്നം സ്വദേശിയായ +1 വിദ്യാർത്ഥിനിയെ കുറച്ചു ദിവസം മുമ്പാണ് കാണാതായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി വയനാട് ഉണ്ടെന്നും വിവേകാണ് കൊണ്ടുപോയതെന്നും മനസ്സിലാക്കി. കുട്ടിയെ വയനാട് നിന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് വിവേകിനെ പിടികൂടിയത്.

പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ - എളമക്കരയിൽ പരസ്യസ്ഥാപനം നടത്തുന്ന യുവതിയുടെ ഡ്രൈവറാണ് വിവേക്. ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി. യുവാവിനെക്കാൾ പ്രായക്കൂടുതലുണ്ട് വിവാഹമോചിതയായ സിന്ധുവിന്. ഇവർക്ക് പ്രായപൂർത്തിയാകാത്ത മകളുമുണ്ട്. കാമുകിയുടെ മകളുമായി ഇയാൾ പ്രണയത്തിലായി. വിവേക് മകളെ ഒരുവർഷമായി പീഡിപ്പിക്കുകയായിരുന്നു. ഇത് മനസിലാക്കിയ യുവതി മകളെ വിവേകിൽനിന്ന് അകറ്റാൻ ശ്രമിച്ചു.

ഇതിനായി മകളുടെ കൂട്ടുകാരിയായ പറവുർ സ്വദേശിനിയെ വിവേകിന് പരിചയപ്പെടുത്തി കൊടുത്തു. വിവേക് തന്റെ മകളെ കൈവിടുന്നതിനുവേണ്ടിയായിരുന്നു ഇത്. സ്വന്തം മകനെന്ന് പരിചയപ്പെടുത്തിയായിരുന്നു പെൺകുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. വിവേകുമായി സംസാരിക്കാൻ യുവതി പെൺകുട്ടിക്ക് മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ ഇറക്കിക്കൊണ്ടുവന്ന് വിവിധയിടങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

വിവേകിനെ അതി നാടകീയമായാണ് പൊലീസ് കുടുക്കിയത്. സീപോർട്ട് എയർപോർട്ട് റോഡിൽവച്ച് വിവേക് സിവിൽ ഡ്രസിലെത്തിയ പൊലീസിനെ കണ്ടു. അതോടെ പേടിച്ചോടിയ വിവേക് അടുത്തുള്ള വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. വീട്ടുമുറ്റത്തെ കിണറ്റിൻകരയിലെത്തിയ ഇയാൾ കിണറിന്റെ മൂടിമാറ്റി ചാടാൻ ശ്രമിച്ചു. പൊലീസ് അതോടെ അടങ്ങി. നാട്ടുകാരും കൂടിയതോടെ വൻജനസമുദ്രമായി. കിണർ മൂടിയിരുന്ന ഇരുമ്പ് ഗ്രില്ല് ഉയർത്തി അതിനടിയിലൂടെ അരഭിത്തിയിൽ കയറി രണ്ടു കാലും താഴേക്കിട്ട് ഇരിപ്പുറപ്പിച്ച യുവാവ് ബക്കറ്റിലെ കയറഴിച്ചു കഴുത്തിലും കെട്ടി.

വീട്ടുകാർ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ ഫയർഫോഴ്‌സും രംഗത്തെത്തി. കിണറിലേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ ആരും യുവാവിനടുത്തേക്കു ചെന്നില്ല. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭീഷണിയിൽ ഉറച്ചു നിന്നു. ഇതിനിടെ യുവാവ് തന്റെ ആവശ്യം വിളിച്ചുപറഞ്ഞു. മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കാം. ഒരാളെ മാദ്ധ്യമപ്രവർത്തകനായി പൊലീസ് അവതരിപ്പിച്ചു. ഇയാൾ നല്ല സ്‌റ്റൈലായി വിവേകിന്റെ ഫോട്ടോ എടുക്കാൻ തുടങ്ങി.

വിവേക് കൂടുതൽ സുന്ദരനായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ കീഴടക്കുകയും ചെയ്തു. വിവേകിനെ അറസ്റ്റ് ചെയ്തതോടെയാണ് സ്ഥാപന ഉടമയായ നാൽപ്പിത്തിയഞ്ചുകാരിയുടെ ഇടപെടലും തിരിച്ചറിഞ്ഞത്.