- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ചൈനക്കാർ കമ്പനിയിൽ ഷെയർ എടുത്തു; നിർണ്ണായകമായത് കേന്ദ്ര സർക്കാർ ജീവനക്കാരന്റെ വിലാസം കണ്ടെത്തിയത്; 'വിവോ'യെ കുടുക്കാൻ രണ്ടും കൽപ്പിച്ച് ഇഡി; ഇന്ത്യയിൽ നിന്നും നികുതി നൽകാതെ കടത്തിയത് 62,476 കോടിയോ? വിവോ ഡയറക്ടർമാർ മുങ്ങിയത് അറസ്റ്റു ഭയത്തിൽ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ചൈനീസ് സ്മാർട് ഫോൺ കമ്പനി 'വിവോ'യുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫിസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധനയിൽ തെളിയുന്നത് ക്രമക്കേടുകളോ? കേരളം, ഡൽഹി, യുപി, മേഘാലയ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 48 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 465 കോടി രൂപ നിക്ഷേപമുള്ള 119 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തട്ടിപ്പു കണ്ടെത്തിയതിന്റെ സൂചനയാണ് ഇത്.
വിവോയുടെ വരുമാനത്തിന്റെ 50 ശതമാനത്തോളം നികുതി നൽകാതെ ചൈനയിലേക്കു കടത്തിയെന്നാണ് വിലയിരുത്തൽ. വ്യാജകടലാസ് കമ്പനികൾ വഴി പണം ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് സംശയം. ഏകദേശം 62,476 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനിടെ വിവോ കമ്പനിക്കെതിരായ അന്വേഷണം സുതാര്യവും വിവേചനമില്ലാതെയും നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചൈനീസ് എംബസി പ്രതികരിച്ചു. ഇന്ത്യയിലെ മൊബൈൽ വിപണിയിൽ ഏറെ ചലനമുണ്ടാക്കിയ ബ്രാൻഡാണ് വിവോ.
വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ ഓഫിസുകളിലും ഗ്രാൻഡ് പ്രോസ്‌പെക്ടസ് ഇന്റർനാഷനൽ കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ജിപിഐസിപിഎൽ) ഉൾപ്പെടെ ഇവരുമായി സഹകരിക്കുന്ന 23 മറ്റു കമ്പനികളുടെ ഓഫിസുകളിലും ആയിരുന്നു പരിശോധന. കൊച്ചി കേന്ദ്രമായ ഹൈജിൻ ട്രേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലും പരിശോധന നടത്തി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ചൈനക്കാർ കമ്പനിയിൽ ഷെയർ എടുത്തെന്ന കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
ബിൻ ലു, സാങ് ജി, സെൻഷൻ ഔ എന്നീ 3 ചൈനക്കാർക്ക് നിക്ഷേപമുള്ള ജിപിഐസിപിഎൽ 2014 ഡിസംബർ 3നാണു ഷിംല കേന്ദ്രമായി രജിസ്റ്റർ ചെയ്തത്. ബിൻ ലു 2018 ഏപ്രിൽ 26നും സാങ് ജിയും സെൻഷൻ ഔയും കഴിഞ്ഞ വർഷവും ഇന്ത്യ വിട്ടു. അന്വേഷണത്തിൽ ഇവർ നൽകിയ വിലാസം കേന്ദ്രസർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റേതായിരുവെന്നു കണ്ടെത്തി. ബിൻ ലു വിവോയുടെ മുൻ ഡയറക്ടറാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. രാജ്യത്തെ 18 കമ്പനികളുമായി ബിൻ ലു ഒരേസമയം സഹകരിച്ചിരുന്നുവെന്നും വിശദീകരിക്കുന്നു.
വിവോ 2014ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചതിനു പിന്നാലെയാണ് ഈ കമ്പനികളും ആരംഭിച്ചത്. 2 കിലോ സ്വർണക്കട്ടികൾ, 73 ലക്ഷം രൂപ എന്നിവയും ഇഡി പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഓരോ രാജ്യത്തെയും ചട്ടങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് ലംഘിച്ചോ എന്നാണ് പരിശോധിക്കുന്നത്. അതിനിടെ വിവോയുടെ ഡയറക്ടർമാർ ഇന്ത്യയിൽനിന്നു കടന്നെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിവോയുടെ ഇന്ത്യയിലെ ഡയറക്ടർമാരായിരുന്ന സെങ്ഷെൻ ഓവു, സാങ് ജിയ് എന്നിവർ രാജ്യം വിട്ടത്.
വിവോ മൊബൈൽ കമ്യൂണിക്കേഷൻസ്, മറ്റു ചില ചൈനീസ് കമ്പനികളുടെ ഓഫിസുകൾ എന്നിവിടങ്ങളിലായിരുന്നു തിരച്ചിലും തെളിവു ശേഖരണവും. ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാർട്ട്മെന്റ്, കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തിൽ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികൾക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്ക്കെതിരെ ഇഡിയുടെ തിരച്ചിലും. കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമത്തിന്റെ (പിഎംഎൽഎ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജൻസികളും അന്വേഷിക്കുന്നത്.
മറ്റ് ചൈനാ കേന്ദ്രീകൃത കമ്പനികൾക്കെതിരെയും അന്വേഷണം നടക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട് ഫോൺ വിൽക്കുന്ന കമ്പനിയായ ഷഓമിക്കെതിരെ ഇഡി അടക്കമുള്ള ഏജൻസികൾ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഷഓമിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 72.5 കോടി ഡോളർ പിടിച്ചെടുക്കുകയും ചെയ്തു. ഷഓമിയിലെ ജോലിക്കാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഇഡി ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയിരുന്നു എന്നും ആൻഡ്രോയിഡ് പൊലിസ്.കോമിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സ്മാർട് ഫോൺ വിപണിയെ അടക്കി വാഴുന്നത് ചൈനീസ് സ്മാർട് ഫോൺ കമ്പനികളും അവയുടെ സബ് ബ്രാൻഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യൻ വിപണിയിൽ കാര്യമായ സ്വാധീനമുള്ളത് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനു മാത്രമാണ്. ചൈനീസ് കമ്പനികൾക്കെതിരെയുള്ള അന്വേഷണവും നടപടി സ്വീകരിക്കലും ഇന്ത്യയിൽ ആദ്യമായല്ല . 2020 ൽ ടിക്ടോക്, ക്യാംസ്‌കാനർ തുടങ്ങി 56 ചൈനീസ് ആപ്പുകൾക്കെതിരെ അന്വേഷണം നടത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷഓമി, ബായിഡു തുടങ്ങിയ കമ്പനികളുടേത് അടക്കം 108 ചൈനീസ് ആപ്പുകളും അവയുടെ ഡവലപ്പർമാരെയും നിരോധിച്ചിരുന്നു. ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെ തുടർന്നായിരുന്നു ഇത്.
മറുനാടന് മലയാളി ബ്യൂറോ