ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാണ രംഗത്തെ അതികായന്മാരായ വിവോയെ പൂട്ടാൻ കേന്ദ്ര നീക്കം. രാജ്യത്തിന് ലഭിക്കേണ്ട പണം ചൈനയിലേക്ക് കടത്തിയ നടപടിയാണ് കേന്ദ്രസർക്കാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇഡിയെ ഉപയോഗിച്ചു വിവോയെ അടപടലം പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ വിറ്റുവരവിന്റെ അമ്പതുശതമാനത്തോളം തുക ചൈനയിലേക്ക് മാറ്റിയെന്ന് ഇഡി കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് വരേണ്ട തുകയും അതിന്റെ നികുതിയുമാണ് വിവോ ചൈനയിലേക്ക് മാറ്റിയതെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. 62476 കോടി രൂപയാണ് വിറ്റുവരവിനത്തിൽ വിവോ ചൈനയിലേക്ക് മാറ്റിയത്. ഈ തുകയുടെ നികുതിയിനത്തിൽ വരേണ്ട ഭീമമായ തുക ഇന്ത്യയിൽ അടയ്ക്കാതെ ചൈനയിലാണ് വിവോ അടച്ചത്. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കുന്നതിന് വേണ്ടി വിവോ മനഃപൂർവം ഇത്തരത്തിലൊരു നീക്കം നടത്തുകയായിരുന്നെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ.

ഇതുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ നടത്തിയ റെയ്ഡിൽ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപയും 73 ലക്ഷത്തിന്റെ രണ്ട് കിലോ സ്വർണകട്ടികളും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും 23 അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലായിരുന്നു ഈ നിക്ഷേപണങ്ങളെല്ലാം നടത്തിയിരുന്നത്.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ഇ ഡി കരുതുന്ന മുൻ വിവോ ഡയറക്ടർ ബിൻ ലൂ 2018ൽ തന്നെ ഇന്ത്യ വിട്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. രാജ്യം വിടുന്നതിന് മുമ്പ് ഇപ്പോൾ ഇ ഡിയുടെ നിരീക്ഷണ വലയത്തിനുള്ളിലുള്ള കമ്പനികളെ വിവോ മൊബൈൽ ഇന്ത്യയുടെ കീഴിൽ ഇയാൾ കൂട്ടിച്ചേർത്തതായും കണ്ടെത്തിയിട്ടുണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം കൂടുതൽ ഊർജിതമാക്കിയതിനു പിന്നാലെയാണ് വിവോയുടെ ഇന്ത്യയിലെ ഡയറക്ടർമാരായിരുന്ന സെങ്ഷെൻ ഓവു, സാങ് ജിയ് എന്നിവരും രാജ്യം വിട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളിൽ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉത്തർപ്രദേശിലും മധ്യപ്രദേശിലുംം ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം. വിവോ മൊബൈൽ കമ്യൂണിക്കേഷൻസ്, മറ്റു ചില ചൈനീസ് കമ്പനികളുടെ ഓഫിസുകൾ എന്നിവിടങ്ങളിലായിരുന്നു തിരച്ചിലും തെളിവു ശേഖരണവും. ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാർട്ട്മെന്റ്, കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തിൽ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികൾക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്ക്കെതിരെ ഇഡിയുടെ തിരച്ചിലും. കള്ളപ്പണം വെളുപ്പിക്കൽനിരോധന നിയമത്തിന്റെ (പിഎംഎൽഎ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജൻസികളും അന്വേഷിക്കുന്നത്.

മറ്റ് ചൈനാ കേന്ദ്രീകൃത കമ്പനികൾക്കെതിരെയും അന്വേഷണം നടക്കുന്നു. വിവോ മൊബൈൽ കമ്യൂണിക്കേഷൻസിന് എതിരെയുള്ള അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയോ എന്നു വ്യക്തമല്ല. നിയമ ലംഘനവും തട്ടിപ്പുകളും നടന്നോ എന്ന അന്വേഷണത്തിൽ കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം അതീവ താത്പര്യത്തോടെയാണ് ഇടപെടുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. വിവോയ്ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഏപ്രിലിലാണ് ഉണ്ടായത്.

അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട് ഫോൺ വിൽക്കുന്ന കമ്പനിയായ ഷഓമിക്കെതിരെ ഇഡി അടക്കമുള്ള ഏജൻസികൾ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഷഓമിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 72.5 കോടി ഡോളർ പിടിച്ചെടുക്കുകയും ചെയ്തു. ഷഓമിയിലെ ജോലിക്കാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഇഡി ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയിരുന്നു എന്നും ആൻഡ്രോയിഡ് പൊലിസ്.കോമിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സ്മാർട് ഫോൺ വിപണിയെ അടക്കി വാഴുന്നത് ചൈനീസ് സ്മാർട് ഫോൺ കമ്പനികളും അവയുടെ സബ് ബ്രാൻഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യൻ വിപണിയിൽ കാര്യമായ സ്വാധീനമുള്ളത് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.

മെയ്‌ ഒടുവിൽ ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് വിവോ, സെഡ്ടിഇ കമ്പനികൾ നടത്തിയേക്കാവുന്ന തട്ടിപ്പുകളെക്കുറിച്ച് പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ആരോ കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു പരാതി നൽകിയിരുന്നു എന്നാണ്. കമ്പനികളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക റിപ്പോർട്ടിങ് എന്നിവയിലാണ് പ്രശ്നമെന്നും സെഡ്ടിഇയുടെ സാമ്പത്തിക രേഖകൾ അടിയന്തരമായി പരിശോധിക്കാൻ ഉത്തവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേന്ദ്ര സർക്കാർ അഞ്ഞൂറിലേറെ ചൈനീസ് കമ്പനികളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഷഓമി, ഒപ്പോ, വാവെയ്, ആലിബാബ തുടങ്ങിയ കമ്പനികൾക്കെതിരെയാണ് അന്വേഷണം.

ചൈനീസ് കമ്പനികൾക്കെതിരെയുള്ള അന്വേഷണവും നടപടി സ്വീകരിക്കലും ഇന്ത്യയിൽ ആദ്യമായല്ല . 2020 ൽ ടിക്ടോക്, ക്യാംസ്‌കാനർ തുടങ്ങി 56 ചൈനീസ് ആപ്പുകൾക്കെതിരെ അന്വേഷണം നടത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷഓമി, ബായിഡു തുടങ്ങിയ കമ്പനികളുടേത് അടക്കം 108 ചൈനീസ് ആപ്പുകളും അവയുടെ ഡവലപ്പർമാരെയും നിരോധിച്ചിരുന്നു. ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെ തുടർന്നായിരുന്നു ഇത്.