രാജ്‌കോട്ട്: രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് 25,000 ത്തിലേറെ വോട്ടിനാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ജയിച്ചുകയറിയത്.2002 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മൽസരിച്ച മണ്ഡലമായതിനാൽ ഇവിടെ അഭിമാന പോരാട്ടമായിരുന്നു ബിജെപിക്ക്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കൈവശമിരിക്കുന്ന സീറ്റാണിത്.2014 ലെ ഉപതിരഞ്ഞെടുപ്പിലാണ് വിജയ് രൂപാനി മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയത്.

രാജേകോട്ട് ഈസ്റ്റിൽ കഴിഞ്ഞ തവണ വൻ വിജയംന നേടിയ രാജ്ഗുരു ഇന്ദ്രാനിൽ ഇത്തവണ മുഖ്യമന്ത്രിക്കെതിരെ പോരാടാൻ വെസ്റ്റ് മണ്ഡലം ചോദിച്ചുവാങ്ങുകയായിരുന്നു.ഇന്ദ്രാണിലിന് 1258ഉം രൂപാണിന് 491മായിരുന്നു ആദ്യഘട്ടത്തിലെ വോട്ട്. എന്നാൽ പിന്നീടു ഫലം മാറിമറിഞ്ഞു. പത്തു മണിയോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ രൂപാണി മുന്നിലേക്കു കയറി. അതു പിന്നെ വോട്ടെണ്ണൽ തീരും വരെ തുടർന്നു.

ഒടുവിൽ വൻ ഭൂരിപക്ഷത്തോടെ, സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഗുജറാത്ത് മുഖ്യൻ വീണ്ടും വിജയവഴിയിൽ. 46,159 വോട്ടുകൾ രൂപാണി നേടിയപ്പോൾ ഇന്ദ്രാണിലിനു നേടാനായത് 25,359 വോട്ടുകൾ മാത്രം 20,800 വോട്ടിന്റെ ഭൂരിപക്ഷം.

ആനന്ദിബെൻ പട്ടേൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ പട്ടേൽ വിഭാഗത്തിൽത്തന്നെയുള്ള നിധിൻ പട്ടേലിനെയായിരുന്നു ആ സ്ഥാനത്തു പലരും പ്രതീക്ഷിച്ചിരുന്നത്. രാജ്‌കോട്ട് മേയറും പിന്നീടു രാജ്യസഭാംഗവുമായ രൂപാണി 2014ലെ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോൾ മുഖ്യമന്ത്രിപദം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ നറുക്കുവീണതാകട്ടെ രൂപാണിക്കും. വിവാദങ്ങളൊന്നുമില്ലാത്ത നേതാവ് എന്ന പദവിയാണ് ഈ അറുപത്തിയൊന്നുകാരനു ഗുണകരമായത്.

നവംബർ അവസാനവാരമായിരുന്നു സംഭവം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതെന്ന പേരിൽ ഒരു ഫോൺ സംഭാഷണം വൈറലായി. ഒരു സ്വതന്ത്രസ്ഥാനാർത്ഥിയോടു മത്സരത്തിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുന്ന ഓഡിയോ ആയിരുന്നു അത്. ഗുജറാത്തിൽ ബിജെപിയുടെ മാത്രമല്ല, തന്റെ നിലയും പരുങ്ങലിലാണ് എന്നു രൂപാണി ഫോണിലൂടെ പറയുന്നതു വൻവാർത്തയുമായി. രൂപാണിക്കു സുരക്ഷിത മണ്ഡലം കൂടി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളിയതും തിരിച്ചടിയായി.

ജനക്കൂട്ടത്തെ ആവേശഭരിതരാക്കുന്ന നേതൃപാടവമില്ല എന്നതു നിധിൻ പട്ടേലിനു തിരിച്ചടിയായപ്പോൾ അക്കാര്യത്തിൽ മിടുക്കനായിരുന്നു രൂപാണി. അങ്ങനെ അമിത് ഷായുടെ വിശ്വസ്തൻ മുഖ്യമന്ത്രി പദവിയിലേക്കെത്തി. പാർട്ടിയുടെ മുൻ അധ്യക്ഷൻ എന്ന നിലയിൽ മികവു തെളിയിച്ചത് മോദിയുടെ 'ഗുഡ്ബുക്കിലും' രൂപാണി സ്ഥാനം പിടിക്കാൻ സഹായകമായി. ഗുജറാത്തിൽ വെറും അഞ്ചു ശതമാനം മാത്രമുള്ള ജൈന ബനിയ വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ് രൂപാണി.