തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരം ഇന്ന് ആരംഭിക്കുമ്പോൾ പ്രതിരോധമില്ലാതെ വലഞ്ഞ് അദാനി ഗ്രൂപ്പ്. തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികൾ ഉപരോധിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയർത്തി. രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ഈ സമരം വെട്ടിലാക്കും. അദാനി തുറമുഖ നിർമ്മാണം പൂർത്തിയാക്കാതെ തന്നെ കോടികൾ ദിവസവും ഉണ്ടാക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ വറുതിയിലാണ്. ചില സിപിഎം നേതാക്കളുടെ മക്കളും കുടുംബാഗങ്ങളുമെല്ലാം ഈ തട്ടിപ്പിന്റെ ഭാഗമാണ്.

കേരളത്തിലുടനീളം ധാരാളം പ്രശ്നങ്ങളാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ അവർക്ക് വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. വിഴിഞ്ഞത്തെ കരാറുകളൊക്കെ തട്ടിപ്പാണ്. തട്ടിപ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതാണെങ്കിലും ഇപ്പോഴത്തെ സർക്കാർ അന്വേഷിക്കുന്നില്ലെന്നും ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറയുന്നു. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ എന്നൊക്കെയാണ് ഈ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒന്നും ചെയ്തില്ല. വലിയതുറയിലെ ക്യാമ്പുകൾ സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നും കുറ്റപ്പെടുത്തുന്നു.

തുറമുഖ കമ്പനിയുമായി സർക്കാരും പ്രതിപക്ഷവുമൊക്കെ പുറത്തുപറാൻ പറ്റാത്ത രീതിയിലുള്ള ഇടപെടലുകളാണ് നടത്തിയിരിക്കുന്നത്. സർക്കാർ ഞങ്ങളുമായി സംസാരിക്കണം. ഞങ്ങൾ ഉയർത്തുന്ന മുദ്രാവാക്യം കേൾക്കണമെന്നും ലത്തീൻ രൂപത വികാരി ജനറൽ പറഞ്ഞു. രാഷ്ട്രീയമായി തന്നെ ഈ വിഷയം ചർച്ചയാക്കാനാണ് ലത്തീൻ രൂപയുടെ തീരുമാനം. തങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക് മാത്രം വോട്ട നൽകാനും തീരുമാനിച്ചേക്കും. ഇത് അദാനിയുടെ തുറമുഖ നിർമ്മാണ പ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ഈ സ്വപ്ന പദ്ധതിയുടെ നിർമ്മാണത്തിൽ മെല്ലേപ്പോക്കാണ് ഉണ്ടായിരിക്കുന്നത്. കരാർ ലംഘിച്ചാൽ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും നയപരമായ തീരുമാനമെടുക്കാതെ സർക്കാറും മെല്ലെപ്പോക്കിലാണ്. അദാനിയെ പോലെ കേന്ദ്രസർക്കാറിന്റെയും മോദിയുടെയും അടുപ്പക്കാരനായ വ്യവസായിയെ പിണക്കാൻ സർക്കാറിന് താൽപ്പര്യമില്ലെന്നതാണ് കാര്യം. ഇതിനിടെയാണ് സമ്മർദ്ദവുമായി ലത്തീൻ രൂപത എത്തുന്നത്. വിഴിഞ്ഞം പൈലിംഗും ഡ്രഡ്ജിങ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം പൂർത്തിയായിട്ടില്ല. എന്നിട്ടും ഇപ്പോൾ തന്നെ തീരം മുഴുവൻ കടലെടുത്തു. ഇതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് ലത്തീൻ രൂപതയുടെ സമരം.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് ഉയർത്തുന്ന കരിങ്കൽ പ്രശ്‌നത്തിലും ഒട്ടേറെ ദുരൂഹതകൾ നിലനിൽക്കുന്നണ്ട്. കരിങ്കല്ലിൽ കൃത്രിമ ക്ഷാമം കാണിച്ച് പോർട്ട് നിർമ്മാണം നീട്ടിക്കൊണ്ടു പോകാനാണ് അദാനിയുടെ ശ്രമം. കരിങ്കൽ പ്രശ്‌നം തന്നെയാണോ വിഴിഞ്ഞം പോർട്ട് വൈകാൻ കാരണം എന്ന സംശയവും ഇപ്പോൾ ഉയർന്ന് നിൽക്കുന്നു. 2015 ഡിസംബർ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. 4 വർഷമായിരുന്നു കരാർ കാലാവധി. അതായത് 2019 ഡിസംബർ 4ന് ആദ്യഘട്ട നിർമ്മാണം പൂർത്തിയാവണം. കരാർ കാലാവധിക്കും മുമ്പെ ആയിരം ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. ഇതെല്ലാം വെറുതെയായി.

സർക്കാരിന്റെ കണക്ക് അനുസരിച്ച് തന്നെ പദ്ധതിക്കുവേണ്ടി വരുന്ന ആകെ ചെലവ് 7525 കോടിയാണ്. ഇതിൽ 5071 കോടിയും സർക്കാർ മുതൽമുടക്കാണ്. ബാക്കി 2454 കോടി മാത്രമാണ് അദാനി മുടക്കുന്നത്. പദ്ധതിക്കായി സർക്കാർ അദാനിക്ക് അഞ്ഞൂറ് ഏക്കർ ഭൂമിയാണ് നൽകുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വച്ച് കണക്കാക്കിയാൽ വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറിൽ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കർ മാത്രമാണ്. ആകെ ലഭിക്കുന്ന 500 ഏക്കർ ഭൂമി പണയം വച്ചാൽ മൂവായിരം കോടി വരെ വായ്പ എടുക്കാം.

എന്നുപറഞ്ഞാൽ, സർക്കാർ നൽകുന്ന ഭൂമി പണയം വച്ച് എടുക്കുന്ന മൂവായിരം കോടിയിൽ നിന്ന് 2454 കോടി മാത്രം പദ്ധതിക്കായി അദാനി മുടക്കിയാൽ മതി.

പ്രത്യക്ഷ സമരവുമായി ലത്തീൻ സഭ

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറയുന്നു. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു

തീരദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുന്നു. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്തി. വികസനം എന്ന ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങി

തീരദേശ പ്രദേശങ്ങളിൽ നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി . ശേഷം മുല്ലൂരിൽ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകൽ ഉപരോധ സമരം അതിരൂപത സഹായ മെത്രാൻ ആർ ക്രിസ്തുദാസ് ഉത്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസന്ദേശം നൽകും. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാൻ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22 ന് മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും രംഗത്ത് വന്നിരുന്നു. തീരമേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് തടഞ്ഞത് നേരത്തെ സംഘർഷത്തിനിടയാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിക്കുകയായിരുന്നു. സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പാറയിൽ ദിവസവും കോടികളുടെ ലാഭം മുതലാളിക്ക്

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പേരിൽ പാറമടകൾ സർക്കാരിൽ നിന്ന് കിട്ടുമ്പോൾ അദാനി പോർട്ടിന് കിട്ടുന്നത് കോടികളുടെ ലാഭമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണ്. ഇതിന് കല്ലു കൊണ്ടു വരേണ്ടത് ആ സ്ഥാപനവും. എന്നാൽ ക്വാറികൾ കുറഞ്ഞു തുകയ്ക്ക് എഴുതി നൽകി അദാനിക്ക് ലാഭം നൽകുകയാണ് സംസ്ഥാന സർക്കാർ. ആയിരം ദിവസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് വീമ്പു പറഞ്ഞാണ് അദാനി പണി തുടങ്ങിയത്. അതെല്ലാം കഴിഞ്ഞ് വർഷങ്ങളായി. പണി നീളുമ്പോൾ നഷ്ടപരിഹാരം കേരളത്തിന് നൽകണമെന്ന വ്യവസ്ഥ കരാറിലുണ്ട്. ഇത് വേണ്ടെന്ന് വച്ചാണ് ഉള്ള പാറ കൂടി സംസ്ഥാന സർക്കാർ അദാനിക്ക് നൽകുന്നത്.

അഞ്ചു ക്വാറികളാണ് അദാനി പോർട്ടിന് ഈയിടെ സർക്കാർ കൈമാറിയത്. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് ഉയരുന്ന ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന വികസനം അദാനി പോർട്ടിന്റെ ഉത്തരവാദിത്തമാണ്. ഇതിനൊപ്പമാണ് ബ്രേക്ക് വാട്ടർ നിർമ്മാണവും. ഏതാണ്ട് മൂന്നര കിലോമീറ്ററോളം കടലിൽ കല്ലിടണം. ഈ പദ്ധതിക്കുള്ള പണം നൽകുന്നത് സംസ്ഥാന സർക്കാരാണ്. സർക്കാരുമായി കരാറുണ്ടാക്കിയാണ് ബ്രേക്ക് വാട്ടർ നിർമ്മാണം. അടിസ്ഥാന സൗകര്യ വികസനം അദാനി നടത്തുന്നതു കൊണ്ട് തന്നെ പണി പൂർത്തിയായാൽ തുറമുഖം അദാനിയുടെ ചുമതലയിലാകും. എല്ലാം കൊണ്ടും നേട്ടം പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തായ അദാനിക്കും. ഇതിന് എല്ലാ സഹായവും പിണറായി സർക്കാർ ചെയ്യുന്നുവെന്നതാണ് വസ്തുത.

7,525 കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 2,454 കോടി രൂപ അദാനിഗ്രൂപ്പിന്റെ സ്വന്തം ഫണ്ടാണ്. 1,635 കോടി രൂപ കേന്ദ്രസർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകാനാണ് തീരുമാനം. സംസ്ഥാന സർക്കാരിൽനിന്നുള്ള വിഹിതം 3,436 കോടി രൂപയാണ്. സംസ്ഥാന സർക്കാർ വിഹിതം ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് വേണ്ടിയാണ് പ്രധാനമായുമുള്ളത്. ഉദ്ദേശം പാറ ടണിന് 1400 രൂപ വിലയിട്ടാണ് ഇത്തരമൊരു തുകയിലേക്ക് കാര്യങ്ങളെത്തുന്നത്. എന്നാൽ സർക്കാർ സ്ഥലങ്ങളിലെ ക്വാറികൾ സ്വന്തമാക്കുന്നതോടെ പാറ ടണിന് നൂറു രൂപയിൽ താഴെ നിരക്കിൽ അദാനിക്ക് കിട്ടും. ഈ പാറ വിഴിഞ്ഞത്ത് ഏത്തിക്കുമ്പോൾ ശതകോടികളുടെ ലാഭമാകും അദാനി ഗ്രൂപ്പിനുണ്ടാകുക.

അതായത് സർക്കാർ വസ്തുവിൽ നിന്ന് ടണ്ണിന് നൂറു രൂപയിൽ കുറവിൽ പാറ സ്വന്തമാക്കി അതേ വസ്തു സർക്കാരിന് തന്നെ 1400 രൂപയ്ക്ക് കൊടുക്കുന്ന തന്ത്രം. പണി എത്രയും വേഗം തീർക്കുക എന്ന നല്ല ഉദേശമാണ് ക്വാറികൾ അദാനിക്ക് കൊടുക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇത്തരത്തിൽ അഞ്ച് ക്വാറികളാണ് നൽകിയത്. ഇവിടെ നിന്ന് പാറ കൊണ്ടു പോകുമ്പോൾ ഒരു ടണിന് അമ്പത് രൂപ സർക്കാരിന് കിട്ടും. പാറ പൊട്ടിക്കൽ എല്ലാം കൂടി കുറച്ചു കൂടി തുക അദാനിക്കാകും. ഇത് വിഴിഞ്ഞത്ത് എത്തിക്കാൻ ഉള്ള ചെലവെല്ലാം കൂട്ടിയാലും ഒരു ടൺ പാറയ്ക്ക് മുടക്കേണ്ടി വരിക 200 രൂപയിൽ താഴെയാണെന്നാണ് വിലയിരുത്തൽ. ഇങ്ങനെ സർക്കാരിൽ നിന്ന് കിട്ടുന്ന പാറ വിഴിഞ്ഞത്ത് 1400 രൂപയ്ക്ക് തിരിച്ചു കൊടുക്കുന്ന സാമ്പത്തിക ശാസ്ത്രമാണ് അദാനിയുടേത്.

തുടക്കത്തിൽ സ്വകാര്യ വ്യക്തികളിൽ നിന്നാണ് അദാനി പാറ വാങ്ങിയിരുന്നത്. അന്ന് ടണ്ണിന് ആയിരം രൂപയോളം സ്വകാര്യ വ്യക്തികൾക്ക് അദാനി നൽകുമായിരുന്നു. എന്നാൽ സർക്കാർ ക്വാറികൾ ആവശ്യത്തിന് കിട്ടുമ്പോൾ ഇങ്ങനെ പാറ വാങ്ങേണ്ട അവസ്ഥ ഇല്ലാതാകുന്നു. ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് പാറ എത്തിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും അദാനിയുടേത് മാത്രമാണ്. അങ്ങനെ ഇരിക്കെയാണ് ഉള്ള പാറ എല്ലാം അദാനിക്ക് തീറെഴുതുന്നത്. കേരളത്തിലെ കടൽ തീരത്ത് കടൽഭിത്തി നിർമ്മാണത്തിന് ആവശ്യത്തിന് പാറയില്ല. കടൽതീരത്തെ വീടുകളെല്ലാം തകരുകയാണ്. മത്സ്യത്തൊഴിലാളികൾ ആശങ്കയിലും. ഇതൊന്നും ആദാനിക്ക് പാറകൊടുക്കുന്നതിന് ആർക്കും തടസ്സമാകുന്നില്ല.

നെയ്യാർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങൾക്ക് സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് അനുമതി കിട്ടിയത് ദിവസങ്ങൾക്ക് മുമ്പാണ്. കേന്ദ്ര വന്യ ജീവി ബോർഡാണ് അനുവാദം നൽകിയത്. സംസ്ഥാന വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ ബോർഡ് അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നിന്ന് 5 കിലോമീറ്ററും നെയ്യാറിൽ നിന്ന് 6.76 കിലോമീറ്ററും മാത്രം ആകാശദൂരമുള്ളയാടത്താണ് ഖനന പ്രവർത്തനങ്ങൾക്ക് കേന്ദ്ര വന്യ ജീവി ബോർഡ് അനുമതി നൽകിയത്. നിർദിഷ്ട പരിസ്ഥിതി ലോല മേഖലക്ക് പുറത്താണ് ക്വാറിയെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ അനുകൂല ശുപാർശ പറയുന്നു.

ഖനനത്തിന്റെ ആഘാതം കുറക്കാൻ പ്രത്യേക ലഘൂകരണ നടപടികൾ ആവശ്യമില്ലെന്നും ശുപാർശ കത്ത് വ്യക്തമാക്കുന്നു. പേപ്പാറ നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 70.9 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം വൻ എതിർപ്പിത് ഇടയാക്കിയതിന് പിറകെയാണ് അതിന് തൊട്ടുപുറത്ത് അദാനിക്ക് ഖനനാനുമതി നൽകിയിരിക്കുന്നത്. ഇതെല്ലാം സംശയങ്ങൾ കൂട്ടുന്നുണ്ട്. മൂന്ന് നിബന്ധനകളോടെയാണ് ഖനന അനുമതി നൽകിയിരിക്കുന്നത്. സൂര്യോദയത്തിന് മുൻപും അസ്തമയത്തിന് പിൻപും ഖനനം പാടില്ല. 10 ലക്ഷം രൂപ അദാനി ഗ്രൂപ്പ് കെട്ടിവെക്കണം വർധിക പ്രവർത്തന സർട്ടിഫിക്കറ്റ് വൈൽഡ്‌ലൈഫ് ബോർഡിന് നൽകണം. ഈ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പ് നൽകണമെന്നും അനുമതിപത്രം വ്യക്തമാക്കുന്നു. നഗരൂരിലും ഇവർക്ക് ക്വാറി നൽകിയിട്ടുണ്ട്.

സിപിഎം ബന്ധവും ചർച്ചകളിൽ

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ക്വാറികളിൽ നിന്ന് പാറ കൊണ്ടുപോകുന്ന ലോറിക്കാരിൽ നിന്ന് കമ്മിഷൻ വാങ്ങുന്നുണ്ടെന്ന പരാതിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ അനിൽ മടവൂരിനെതിരെ പാർട്ടിയുടെ അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്ത മുഖ്യധാരാ മാധ്യങ്ങൾ അടക്കം കൊടുത്തിരുന്നു. കല്ലറ പങ്ങോട് നിന്നുള്ള നേതാവാണ് അനിൽ മടവൂർ. ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരീ പുത്രൻ രഞ്ജിത്ത് ഭാസി നൽകിയ പരാതിയിലാണ് അന്വേഷണമെന്ന് പിന്നീട് മറുനാടൻ നടത്തിയ അന്വേഷണത്തിലും വ്യക്തമായി. എന്നാൽ ഈ വാർത്ത സിപിഎം നിഷേധിച്ചു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന വാർത്തയാണ് നിഷേധിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി മുരളി അധ്യക്ഷനായ കമ്മിഷനിൽ സംസ്ഥാന സമിതിയംഗം വി. ജോയ്, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു എന്നിവരാണ് അംഗങ്ങൾ എന്നയിരുന്നു വാർത്ത. സിപിഎമ്മിന്റെ തിരുവനന്തപുരത്തെ തലമുതിർന്ന നേതാവാണ് ആനത്തലവട്ടം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള പരാതിയെ ഗൗരവത്തോടെ പാർട്ടി എടുത്തുവെന്നതാണ് വസ്തുത. ഈ പരാതിയും വിഴിഞ്ഞത്തെ സിപിഎം ബന്ധുക്കളുടെ ഇടപെടലിന് കാരണമായിരുന്നു.

കേരള മൈനിങ് കോർപ്പറേഷൻ ചെയർമാനാണ് അനിൽ മടവൂർ. സാധാരണക്കാരായ ലോറിക്കാരിൽ നിന്ന് കൂടുതൽ പണം ഈടാക്കി അത് മടവൂർ അനിൽ ഉൾപ്പടെയുള്ളവർ പങ്കിടുന്നു എന്നാണ് പരാതി എന്നായിരുന്നു വാർത്ത. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെയാണ് ഇങ്ങനെയൊരു പരാതി ഉയർന്നുവന്നതും ജില്ലാ നേതൃത്വം കമ്മിഷനെ നിയോഗിച്ചതും എന്നും റിപ്പോർട്ടും എത്തി. കമ്മിഷൻ പരാതിക്കാരായ ചിലരിൽ നിന്ന് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ചില നിർണ്ണായക തെളിവുകൾ കിട്ടിയെന്നാണ് സൂചന. സിപിഎമ്മിന്റെ കിളിമാനൂർ മേഖലയിലെ പ്രധാന നേതാവാണ് അനിൽ.

ആനത്തലവട്ടം ആനന്ദന്റെ പിന്തുണയിൽ സിപിഎമ്മിൽ സജീവമായ അനിൽ മടവൂർ പിന്നീട് നേതാവുമായി അകലുകയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയും അന്വേഷണവും. ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരീ പുത്രൻ രഞ്ജിത്ത് ഭാസിക്ക് മറ്റൊരു സിപിഎം നേതാവിന്റെ മക്കളുമായി അടുത്ത സൗഹൃദവും ഉണ്ട്. വിവാദങ്ങളുടെ ആഴം മനസ്സിലാക്കിയാണ് സിപിഎം ഈ ആരോപണങ്ങൾ നിഷേധിച്ചത്.

ഇതുകൊള്ള ലാഭം അദാനിക്ക് നൽകുന്ന കരാർ

പദ്ധതി രേഖകൾ പറയുന്നത് പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാർ പ്രകാരം 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവർത്തിപ്പിക്കാം. ഇത് 20 വർഷം കൂടി നീട്ടുകയും ചെയ്യാം; 15 വർഷത്തിനു ശേഷം സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും. ഇത് സാധാരണ പദ്ധതി പ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമായ രീതിയാണെന്ന് അന്നുതന്നെ വിമർശനം ഉയർന്നിരുന്നു.

സാധാരണ സർക്കാർ നൽകുന്ന വി.ജി.എഫ്. എന്ന ധനസഹായം പദ്ധതിയുടെ ഒരു ഘട്ടം പൂർത്തിയായിക്കഴിയുമ്പോൾ അതിന്റെ വിടവു നികത്താൻ കരാറുകാർക്കു നൽകുകയാണ് ചെയ്യുന്നത്. പദ്ധതി പാതിവഴിയിൽ അവർ ഉപേക്ഷിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ സർക്കാർ മുതൽമുടക്കെല്ലാം ആദ്യംതന്നെ വേണ്ടിവരുന്നു എന്ന പോരായ്മ മിക്കവരും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഇതൊക്കെ അവഗണിച്ച് അന്നത്തെ സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ് ചെയ്തത്.

സമുദ്രത്തിൽനിന്ന് 130 ഏക്കർ നികത്തിയെടുക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയതിനു പുറമേ 360 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നിലവിൽ സംഭാവന ചെയ്തു. സർക്കാർ മുതൽമുടക്കിനുശേഷം മാത്രമേ അദാനിഗ്രൂപ്പിന്റെ നിക്ഷേപം ആരംഭിക്കൂവെന്നതാണ് വസ്തുത. അതായത്, സ്ഥലം ഏറ്റെടുക്കലും കപ്പൽച്ചാലിന് ആഴംകൂട്ടലും യാർഡ് നിർമ്മാണവും പൂർത്തിയാക്കിയാൽ മാത്രമാണ് അദാനിക്ക് പാർപ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിർമ്മിക്കുക. ഇത്തരം യുക്തിരഹിതമായ പല കാര്യങ്ങളും പദ്ധതി കരാറിലുണ്ടെന്ന് 2017-ലെ സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 40 വർഷത്തെ ഇളവ് കാലാവധി അവസാനിക്കുമ്പോൾ പദ്ധതിക്ക് 5,608 കോടി രൂപയുടെ നഷ്ടമാകും സംഭവിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം പദ്ധതിച്ചെലവിൽ വരെ കാര്യമായ പിഴവുകളും സി.എ.ജി കണ്ടെത്തിയിരുന്നു.

ആകെ നിർമ്മിക്കേണ്ട 4.5 കിലോമീറ്റർ ബ്രേക്ക് വാട്ടർ നിർമ്മിതിയുടെ വെറും 800 മീറ്റർ മാത്രമാണ് ആദ്യ അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കിയത്. ഇതിൽ ഒരു കിലോമീറ്റർ കടലിലേക്ക് ഇറക്കിയാണ് പുലിമുട്ട് ഇടേണ്ടിയിരുന്നത്. ഓഖി വന്നപ്പോഴും 2019-ലെ കടൽ ക്ഷോഭത്തിലുമായി നിർമ്മിച്ചതിൽ ഏകദേശം 700 മീറ്റർ നിർമ്മിതി കടൽ കൊണ്ടുപോയി. പശ്ചിമഘട്ട മലനിരകൾ പൊട്ടിച്ചെടുത്തുകൊണ്ടുവന്ന ലക്ഷകണക്കിന് ടൺ കരിങ്കല്ല് അക്ഷരാർത്ഥത്തിൽ കടലിൽ കളയുകയായിരുന്നു.