തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിക്കുമ്പോൾ ചർച്ചയാകുന്നത് ദേശീയ പാതാ അഥോറിറ്റിയുടെ കണ്ണടയ്ക്കലും. കഴക്കൂട്ടം മുതൽ കന്യാകുമാരി വരെ നീളുന്ന അതിവേഗ പാതയ്ക്ക് സമാനമായ റോഡിന്റെ ഭാഗമാണ് ഇത്. എന്നാൽ കോവളം ജംഗ്ഷൻ മുതൽ ഈ റോഡ് യാത്രക്കാർക്ക് തുറന്നു കൊടുത്തിട്ടില്ല.

വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന റോഡ് പണിയാണ് ഇവിടെ നടക്കുന്നത്. കോവളം മുതൽ പൂവാറിലേക്ക് തിരിയുന്ന ജംഗ്ഷൻ വരെയുള്ള റോഡിന്റെ പണി ഏതാണ്ട് എൺപത് ശതമാനം പൂർത്തിയായി. അതിവേഗ പണിയിലൂടെ ഈ റോഡ് യാത്രക്കാർക്ക് അതുവരെ തുറന്നു കൊടുക്കാം. എന്നാൽ കോവളത്തെ നിയമവിരുദ്ധ ലോബിക്ക് വേണ്ടി ഈ റോഡ് അടച്ചിട്ടിരിക്കുകയാണ് അധികാരികൾ. ഇതിന്റെ ബാക്കി പത്രമാണ് ബൈക്ക് റെയ്‌സിംഗും അപകടങ്ങളും.

ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കളും മരിച്ചത്. അതിവേഗതയിൽ വന്ന ബൈക്ക് പരസ്പരം ഇടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത് ഞെട്ടിക്കുന്ന മത്സരയോട്ടം ഈ മേഖലയിൽ നടക്കുന്നതിന് തെളിവാണ്. കോവളത്ത് നിന്ന് പൂവാറിന് അടുത്തു വരെ നീളുന്ന ദേശീയ പാതയിൽ എൺപത് ശതമാനം ഭാഗത്തും ടാറിങ് പൂർത്തിയാക്കി.

കോവളത്ത് റോഡ് അടച്ചിരിക്കുന്നു. എന്നാൽ സർവ്വീസ് റോഡിലൂടെ പോയി ഈ ദേശീയ പാതയിലേക്ക് ആർക്കും എളുപ്പത്തിൽ കടക്കാം. ഇതുവരെ പൂവാറിലേക്കും മറ്റും ചുരുക്കം വാഹനങ്ങളും കടന്നു പോകാറുണ്ട്. ഈ റോഡിന്റെ ചില ഭാഗങ്ങളിൽ പണി ഇപ്പോഴും നടക്കുന്നു. അതിനാൽ സർവ്വീസ് റോഡു വഴി എത്തുന്ന മറ്റ് വാഹനങ്ങൾ ഒരു സൈഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകും. മറുഭാഗമാണ് അതിവേഗ റൈഡർമാരുടെ താവളം.

ലക്ഷങ്ങൾ വിലമതിപ്പുള്ള ബൈക്കുകളുമായി യുവാക്കൾ ഇവിടെ കൂട്ടത്തോടെ എത്തുന്നു. വൈകുന്നേരങ്ങളിൽ മത്സര ഓട്ടവും ലഹരിക്കച്ചവടവും ഇവിടെ സജീവം. ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കുകൾ വാടയ്ക്ക് എടുത്ത് റെയ്‌സിംഗിൽ പങ്കെടുക്കാനും അവസരമുണ്ട്. ഇതിനൊപ്പം പണം വാങ്ങി മത്സരം നടത്തുന്ന സംഘങ്ങളും ഇവിടെ സജീവം. അങ്ങനെ എല്ലാ അർത്ഥത്തിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

നിയമപരമല്ലെങ്കിലും സർവ്വീസ് റോഡിലൂടെ വരുന്ന മറ്റ് വാഹനങ്ങൾക്കും ഈ മത്സര ഓട്ടം തലവേദനയാണ്. പലരും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവർ. വിഴിഞ്ഞം പൊലീസിനും കോവളം പൊലീസിനും പൂവാർ പൊലീസിനും എല്ലാം ഇതറിയാം. പക്ഷേ കാശുള്ള വീട്ടിലെ കുട്ടികളാണ് ലക്ഷങ്ങളുടെ ബൈക്കുമായി മത്സര ഓട്ടത്തിന് എത്തുന്നത്. അതുകൊണ്ട് തന്നെ പൊലീസും ഈ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു.

ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മത്സര ഓട്ടത്തിൽ മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപമാണ് അപകടം. വെങ്ങാനൂർ ഭാഗത്തു നിന്നും വിഴിഞ്ഞം തിയേറ്റർ റോഡിൽ നിന്നും അടച്ചിട്ടിരിക്കുന്ന ഈ ദേശീയ പാതയിലേക്ക് കടക്കാം. ഇതിന് തുറന്ന വഴി ഈ ഭാഗത്തുണ്ട്. അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടാകുന്നത്. ബൈക്ക് റേസിങ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു.

റേസിനിടെ മത്സരിച്ച് മുന്നോട്ടുകുതിച്ച ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ബൈ്ക്കുകൾ തകർന്നു. വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിങ് പതിവായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെക്കൂടി നാല് വാഹനങ്ങൾ അമിതവേഗതയെത്തുടർന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറയുന്നു.

അതായത് പൊലീസിനും എല്ലാം അറിയാമെന്ന് സാരം. കോവളത്ത് നിന്നുള്ള റോഡിന്റെ തുടക്കഭാഗം അടച്ചിരിക്കുന്നതാണ് ഇതിനെല്ലാം കാരണമെന്നതാണ് വസ്തുത. പൂവാർ ഏതാണ്ട് ടാറിങ് പൂർത്തിയായ റോഡ് അതിവേഗം സഞ്ചാരത്തിന് തുറന്നു കൊടുത്താൽ പോലും റെയ്‌സിംഗുകൾ നടക്കാത്ത സ്ഥിതി വരും. അല്ലാത്ത പക്ഷം എല്ല ഇടറോഡുകളും അടയ്ക്കണം. അതിലൂടെയും ലഹരിമാഫിയേയും വേഗ മാഫിയേയും ഈ ഭാഗത്ത് നിന്ന് അകറ്റാനാകും.