- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം നടപ്പിലായാൽ സ്മാർട്ട് സിറ്റി മുടങ്ങും; പിന്മാറിയാൽ തെരഞ്ഞെടുപ്പിൽ തോൽക്കും; പത്ത് ദിവസം മാത്രം നൽകി അദാനി; ചെകുത്താനും കടലിനുമിടയിൽ ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: രാജ്യത്തെ വികസന സ്വപ്‌നങ്ങൾക്ക് പോലും കരുത്ത് പകരാൻ പോന്ന തുറമുഖ പദ്ധതിയാണ് വിഴിഞ്ഞത്തേത്. സ്വാഭാവിക തുറമുഖം യാഥാർത്ഥ്യമായാൽ അന്താരാഷ്ട്ര തലത്തിൽ പല വമ്പന്മാർക്കും പണി കിട്ടും. അതുകൊണ്ട് തന്നെയാണ് വിഴിഞ്ഞത്തെ തകർക്കാൻ അന്താരാഷ്ട്ര ലോബി സജീവമായുള്ളത്. ദുബായ് കേന്ദ്രീകരിച്ചാണ് പല ഗൂഢാലോചനയും നടക്കുന്നതെന്നും ആ
തിരുവനന്തപുരം: രാജ്യത്തെ വികസന സ്വപ്‌നങ്ങൾക്ക് പോലും കരുത്ത് പകരാൻ പോന്ന തുറമുഖ പദ്ധതിയാണ് വിഴിഞ്ഞത്തേത്. സ്വാഭാവിക തുറമുഖം യാഥാർത്ഥ്യമായാൽ അന്താരാഷ്ട്ര തലത്തിൽ പല വമ്പന്മാർക്കും പണി കിട്ടും. അതുകൊണ്ട് തന്നെയാണ് വിഴിഞ്ഞത്തെ തകർക്കാൻ അന്താരാഷ്ട്ര ലോബി സജീവമായുള്ളത്. ദുബായ് കേന്ദ്രീകരിച്ചാണ് പല ഗൂഢാലോചനയും നടക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. ഈ വാദങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിലാണ് സംസ്ഥാന സർക്കാരിൽ പുതിയ പ്രതിസന്ധിയെത്തുന്നത്. സംസ്ഥാനത്തെ രണ്ട് സ്വപ്‌ന പദ്ധതികളാണ് വിഴിഞ്ഞ തുറമുഖവും സ്മാർട് സിറ്റിയും. ഇതിലൊന്ന് മാത്രമേ പൂർണ്ണ തോതിൽ യാഥാർത്ഥ്യമാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളുടെ പോക്ക്.
ഡിപി വേൾഡും(ദുബായ് പോർട്‌സ്) അദാനി ഗ്രൂപ്പും തമ്മിൽ കടുത്ത ഭിന്നതയിലാണ്. ഗുജറാത്ത് കോടതിയിലെ കേസിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. വിഴിഞ്ഞം പദ്ധതിയുടെ യഥാർഥ 'സാങ്കേതിക പ്രശ്‌നം' തുടങ്ങുന്നതു ദുബായിൽ നിന്നാണെന്നാണു സൂചന. സ്മാർട് സിറ്റി പദ്ധതിയാണു വിലപേശലിനായി ഉപയോഗിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കാൻ അരുവിക്കര ഉപതെരഞ്ഞെടുപ്പിനു മുൻപേ മന്ത്രിസഭ തീരുമാനിച്ചതാണ് . ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയ മുഖ്യ വികസന പദ്ധതിയും ഇതു തന്നെ. എന്നാൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ജൂലൈ രണ്ടിന് അവസാനിച്ചിട്ടും പദ്ധതി അദാനിക്കു നൽകാനുള്ള ഉത്തരവു പോലുമായിട്ടില്ല. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള അദാനിക്കു പദ്ധതി അനുവദിക്കുന്നതിനോടു കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു താൽപര്യമില്ലാത്തതാണു കാരണമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ദുബായ് പോർട്ടാണ് യഥാർത്ഥ വില്ലനെന്നാണ് സൂചന.
ദുബായ് ഭരണകൂടമാണ് സ്മാർട് സിറ്റിയിലെ പ്രധാന നിക്ഷേപകർ. ഇവരുടേതാണ് ദുബായ് പോർട്ടും. വല്ലാർപ്പാടും തുറമുഖത്തിന്റെ നടത്തിപ്പുകാരും ദുബായ് പോർട്ടാണ്. വിഴഞ്ഞത്തെ അട്ടിമറിക്കാൻ ദുബായ് പോർട്ടിന് പ്രത്യേക താൽപ്പര്യമുണ്ട്. വിഴിഞ്ഞത്തിൽ ഗൗതം അദാനിക്ക് കരാർ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ദുബായ് പോർട് അതി ശക്തമായി രംഗത്ത് വന്നതായാണ് സൂചന. വിഴിഞ്ഞത്തിലെ കരാർ അദാനിക്ക് നൽകാതിരിക്കാൻ പല വിധ സമ്മർദ്ദങ്ങളും ദുബായ് കമ്പനി നടത്തി. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ എതിർപ്പു പോലും അങ്ങനെ ഉണ്ടായതാണെന്നാണ് സൂചന. ഇതിനെയെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അതിജീവിച്ചതോടെ പുതിയ തന്ത്രമെത്തി. വിഴിഞ്ഞത്തിൽ അദാനിയെ പിന്തുണച്ചാൽ സ്മാർട് സിറ്റിയിൽ നിന്ന് പിന്മാറുമെന്നാണ് ദുബായ് സംഘത്തിന്റെ ഭീഷണി. ഇതോടെ സ്മാർട് സിറ്റി ആദ്യ ഘട്ടം തുടങ്ങിയാൽ തന്നെ അതിനപ്പുറത്തേക്ക് ഒരു നിക്ഷേപം ടികോം നടത്തില്ലെന്ന് വ്യക്തമായി.
സ്മാർട് സിറ്റിയിലൂടെ കൊച്ചിയുടെ മുഖം മാറ്റാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. സ്മാർട് സിറ്റിയുടെ സാധ്യതകൾ കൂടി പരിഗണിച്ചാണ് കൊച്ചി മെട്രോ പദ്ധതി പോലും ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ സ്മാർട് സിറ്റിയിൽ നിന്ന് ടികോം പിന്മാറിയാൽ അത് വലിയ തിരിച്ചടിയാകും. വിഴിഞ്ഞത്തിലെ വിലപേശൽ അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് കടുത്ത സമ്മർദ്ദമാണ് നൽകുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിഴിഞ്ഞം പദ്ധതി അദാനിക്ക് അനുവദിച്ചെന്ന തരത്തിലാണ് പ്രചരണം നടത്തിയത്. അതുകൊണ്ട് തന്നെ വിഴിഞ്ഞം പൊളിഞ്ഞാൽ അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. കൊച്ചി സ്മാർട് സിറ്റിയും അഭിമാനത്തോടെ അവതരിപ്പിച്ചതാണ്. അതും ഒഴിവാക്കാൻ കഴിയില്ല. എന്തായാലും നിലവിൽ വിഴഞ്ഞത്തിനൊപ്പമാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സ്. എങ്ങനെയെങ്കിലും ടികോമിനെ അനുനയിപ്പിക്കാനാണ് ശ്രമം. അതിനിടെയാണ് അദാനിയുടെ അന്ത്യശാസനം എത്തുന്നത്. ഇതോടെ മുഖ്യമന്ത്രി കടുത്ത സമ്മർദ്ദത്തിലായി.
വിഴിഞ്ഞം തുറമുഖത്തിന്റെ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും വൈകിയാൽ ടെൻഡറിനെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്നാണ് അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. പത്തു ദിവസത്തിനകം സർക്കാർ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ കുളച്ചൽ പദ്ധതി ഏറ്റെടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന വ്യക്തമായ സൂചന അദാനി ഗ്രൂപ്പ് അധികൃതർ സർക്കാരിനു നൽകി. നടപടിക്രമങ്ങൾ വൈകുന്നതിനു പിന്നിൽ ദുബായ് പോർട്ട് വേൾഡിന്റെ താൽപര്യമാണെന്ന സൂചനകൾ മനസ്സിലാക്കിയാണ് ഇത്. ഡിപി വേൾഡിന്റെ പങ്കാളിത്തമുള്ള വല്ലാർപാടം, ദുബായ് തുറമുഖങ്ങൾ നഷ്ടത്തിലാവുമെന്ന ആശങ്കയാണു കാരണം. അതിനിടെ ഗൗതം അദാനിയുടെ സഹോദരൻ രാജേഷ് അദാനി മുഖ്യമന്ത്രി ജയലളിതയുമായി കുളച്ചൽ പദ്ധതി സംബന്ധിച്ചു ചർച്ച നടത്തിക്കഴിഞ്ഞു എന്നാണു വിവരം.
തമിഴ്‌നാട് സർക്കാരിന്റെ എല്ലാ സഹായവും ജയ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജയയുമായി ഉണ്ടായിരുന്ന ചില അഭിപ്രായവ്യത്യാസങ്ങൾ മറക്കാനുള്ള അവസരം കൂടിയായാണ് ഇതിനെ അദാനി കാണുന്നത്. മാത്രമല്ല, അടുത്ത അഞ്ചു വർഷം കൂടി തമിഴ്‌നാട്ടിൽ ജയലളിതയ്ക്ക് എതിർപ്പുണ്ടാകാൻ ഇടയില്ലെന്ന രാഷ്ട്രീയ വിലയിരുത്തലും അദാനി കണക്കിലെടുക്കുന്നു. കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുളച്ചൽ. ഈ സാഹചര്യത്തിൽ ബിജെപിയിലെ ഒരു വിഭാഗത്തിനും കുളച്ചലിനോട് അതിയായ താൽപ്പര്യമുണ്ട്. എന്നാൽ വിഴിഞ്ഞത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞാണ് അദാനി കാത്തിരിക്കുന്നത്. സ്വാഭാവിക തുറമുഖമെന്ന നിലയിൽ വിഴിഞ്ഞത്ത് വലിയ സാധ്യതയുണ്ടെന്ന് അദാനിക്കറിയാം. അതുകൊണ്ട് മാത്രമാണ് പത്ത് ദിവസം കൂടി അനുവദിക്കുന്നത്.
അതിനിടെയിൽ ധാരണാപത്രമായില്ലെങ്കിൽ അദാനി പിന്മാറും. വിഴിഞ്ഞത്തിൽ ഒരു ടെൻഡർ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ട് മറ്റാർക്കും പദ്ധതി ഏൽപ്പിക്കാനും സംസ്ഥാന സർക്കാരിന് കഴിയില്ല. പുതിയ ടെൻഡർ നടപടികൾ തുടങ്ങുന്നതിന് മുമ്പ് തന്നെ കുളച്ചലിൽ അദാനി പണിയും തുടങ്ങും. അതോടെ വിഴിഞ്ഞത്തിന്റെ സാധ്യത പൂർണ്ണമായും അടയും.