തിരുവനന്തപുരം: വിഴിഞ്ഞത്ത് അയൽവാസിയായ വൃദ്ധയെ കൊന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയവർ തന്നെയാണ് ഒരു വർഷം മുമ്പ് വിഴിഞ്ഞത്ത് 14 വയസുകാരിയായ വിദ്യാർത്ഥിയേയും കൊലപ്പെടുത്തയതെന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ. വൃദ്ധയെ കൊന്ന് മൃതദേഹം തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിൽ ചോദ്യം ചെയ്യുമ്പോഴാണ് ഒരു വർഷം മുൻപ് 14 കാരിയുടെ കൊലപാതക വിവരവും പുറത്തുവരുന്നത്.

പ്രതികൾ വാടക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ മൊഴിയാണ് പതിനാലുകാരിയുടെ കൊലപാതകത്തിൽ നിർണായകമായത്. മകൻ കാരണം ഒരു പെണ്ണ് ചത്തുവെന്ന് റഫീഖ ഒരിക്കൽ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. ഒരുവർഷത്തെ ഇടവേളയിൽ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതികളിലും ആണെന്നതും കേസിലെ പ്രത്യേകതയാണ്.

മകൻ പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാനാണ് 14 കാരിയെ കൊലപ്പെടുത്തിയതെന്നാണ് ഇന്നലെ അറസ്റ്റിലായ റഫീഖ ബീവി വിശദമാക്കുന്നത്. പതിനാലുകാരിയായ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിൽ റഫീഖ ബീവിയും മകനും രണ്ട് വർഷത്തോളമാണ് താമസിച്ചത്. കഴിഞ്ഞ ജനുവരി 13 നാണ് പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. പിന്നീട് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30ൽ അധികം പേരെ അന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കേസിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വീണ്ടും നടന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയത് കേസിനെ കാര്യമായി ബാധിച്ചിരുന്നു. കുട്ടിയുടെ കാലിന് വീക്കമല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്ന് വീട്ടുകാർ അന്ന് മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രിയിൽ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

കൂടാതെ അന്ന് തന്നെ കുട്ടി സമീപവീടുകളിൽ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു. ഇതിനിടയിൽ ഇവിടെ നിന്നും റഫീഖാ ബീവിയും മകനും വീട് മാറി പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് പെൺകുട്ടിയുടെ തലയിലും ഷെഫീക്ക് അടിച്ചതെന്നാണ് റഫീക്ക ബീവി വെളിപെടുത്തിയിരിക്കുന്നത്. ഒരുവർഷം മുൻപ് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനായി മുന്നിൽ നിന്നത് റഫീഖ ബീവിയായിരുന്നു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിലെ അന്വേഷണമാണ് പതിനാലുകാരിയുടെ മരണത്തിലും വഴിത്തിരിവായത്. 75കാരിയുടെ കൊലപാതകത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനി റഫീഖ ബീവി(48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ ശേഷം ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ മൃതദേഹം വീടിന്റെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്ത് പിഎസ്‌സി പഠിക്കാൻ എത്തിയ വാടക വീടിന്റെ ഉടമസ്ഥന്റെ മകൻ വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കാണുന്നതും പൊലീസിൽ വിവരം അറിയിക്കുന്നതും. തുടർന്ന് പൊലീസിന്റെ സമയബന്ധിതമായ ഇടപെടൽ കൊണ്ട് പ്രതികൾ ഒരു മണിക്കൂറിനുള്ളിൽ പിടിയിലാകുകയായിരുന്നു.

വാടക വീട്ടിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറി. തുടർന്ന നടന്ന അന്വേഷണത്തിൽ പ്രതികൾ കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ കയറിയതായി കണ്ടെത്തി. സൈബർ സെൽ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ കഴക്കൂട്ടം ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കിയതിനെ തുടർന്ന് വിവരം ഉടൻ തന്നെ കഴക്കൂട്ടം പൊലീസിന് കൈമാറി. കഴക്കൂട്ടം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ രക്ഷപെടുകയായിരുന്ന പ്രതികൾ പിടിയിലായത്.