തിരുവനന്തപുരം:  വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ മാറുന്നില്ല. സ്ഥലം ഏറ്റെടുക്കലിനെ തടസ്സപ്പെടുത്തി പദ്ധതിയെ അട്ടിമറിക്കാൻ അന്താരാഷ്ട്ര ലോബി സജീവമാകുന്നതായാണ് സൂചന. പൂർണ്ണമായും ഭൂമി ഏറ്റെടുത്ത് നൽകിയാൽ മാത്രമേ നിർമ്മാണം തുടങ്ങാനാകൂവെന്നാണ് ഗൗതം അദാനിയുടെ നിലപാട്. കേരളത്തിലെ വികസന പ്രശ്‌നങ്ങൾക്കെല്ലാം ഭൂമി ഏറ്റെടുക്കൽ പ്രശ്‌നമാകാറുണ്ട്. വിഴിഞ്ഞം പോലൊരു പദ്ധതി ഇതിന്റെ പേരിൽ തടസ്സപ്പെടുന്നത് മൂലം അദാനിക്ക് കോടികളുടെ നഷ്ടം വരും. അതിനാൽ നവംബർ ഒന്നിന് പണി തുടങ്ങും മുമ്പ് പൂർണ്ണമായും ഭൂമി ഏറ്റെടുക്കൽ നടത്തണമെന്നാണ് നിർദ്ദേശം.

ഇക്കാര്യത്തിലുള്ള അതൃപ്തി സർക്കാരിനെ അദാനി അറിയിച്ചു കഴിഞ്ഞു. ചിങ്ങം ഒന്നായ ഈ മാസം പതിനേഴിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം. കൈമാറേണ്ട ഭൂമി പൂർണമായും ഏറ്റെടുക്കാൻ സർക്കാരിന് ഇതുവരെ കഴിയാത്തതിലാണ് അദാനിക്ക് അതൃപ്തി. ഏറ്റെടുക്കാനുള്ള ഭൂമിയുടെ വില നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടറും ഉൾപ്പെട്ട സമിതിക്ക് കഴിഞ്ഞില്ലെന്നതും റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്കുമാണു പ്രശ്‌ന കാരണമെന്നാണു സൂചന. ആദ്യഘട്ട കൈമാറ്റത്തിൽ ഉൾപ്പെട്ട 26 ഏക്കർ ഭൂമിയാണ് ഇതുവരെ ഏറ്റെടുക്കാനാവാത്തത്. രണ്ട് ബാക്ക്അപ്പ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള റോഡും നിർമ്മാണത്തിനാവശ്യമായ ഭൂമിയും ഇതിൽ ഉൾപ്പെടും. റിസോർട്ട് ഉടമകളാണ് സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രശ്‌നമാകുന്നത്. ഇവർക്ക് ഭരണത്തിലും ചിലരുടെ പിന്തുണയുണ്ടെന്ന് അദാനിക്ക് പരാതിയുണ്ട്.

റിസോർട്ട് ഉടമകളുടേതടക്കം 30.62 ഏക്കറാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇവിടെ സെന്റിന് ഏഴ് മുതൽ ഏഴരലക്ഷം വരെയാണ് നേരത്തേ നിശ്ചയിച്ച വില. എന്നാൽ, ഇത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തള്ളി. തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും. നേരത്തേ നിശ്ചയിച്ച വില കുറയ്ക്കുന്നതിൽ എതിർപ്പുണ്ടായാൽ പഴയ തീരുമാനവുമായി മുന്നോട്ടുപോകാനാണ് ധാരണ. തുറമുഖ നിർമ്മാണത്തിന് വേണ്ട പാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് താൽക്കാലിക സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നാണ് പാറ ക്വാറികൾ കണ്ടത്തെുക. സർക്കാർ ഭൂമിയിലെ പാറയും ഇതിനായി ഉപയോഗിക്കും.അദാനിയുടെ ആവശ്യം പരിഗണിച്ച് പള്ളിച്ചൽ വിഴിഞ്ഞം, ബാലരാമപുരം മുക്കോല, വഴിമുക്ക് കാഞ്ഞിരംകുളം റോഡുകളുടെ വീതികൂട്ടി ബലപ്പെടുത്താൻ ദേശീയപാത അഥോറിറ്റിക്ക് സർക്കാർ നിർദ്ദേശവും നൽകി. എന്നാൽ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നമായി തുടരുകയാണ്.

ചിങ്ങം ഒന്നിന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിടുമ്പോൾ നിർമ്മാണാവശ്യത്തിനുള്ള ഭൂമിയുടെ ലൈസൻസ് അടക്കം കൈമാറണം. എന്നാൽ ആദ്യഘട്ട നിർമ്മാണാവശ്യത്തിനുള്ള ഭൂമി പൂർണമായും ഏറ്റെടുക്കാൻ സർക്കാരിനായിട്ടില്ല. ഇക്കാര്യത്തിലുള്ള ആശങ്ക അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസത്തെ ഉന്നതതലയോഗത്തിലും വ്യക്തമാക്കിയിരുന്നു. ഭൂവില നിർണയത്തിനായുള്ള പർചേയ്‌സ് കമ്മിറ്റി ഒറ്റത്തവണ മാത്രമാണു ചേർന്നത്. നിലവിലുള്ള റോഡിന്റെ ഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സ്‌പെഷ്യൽ തഹസിൽദാർ ഓഫിസിൽ നിന്നു ഭൂമി സംബന്ധിച്ച രേഖകൾ ജില്ലാതല പർചേയ്‌സ് കമ്മിറ്റിക്ക് ഇതുവരെ നൽകിയില്ല. വെയർഹൗസ് നിർമ്മാണാവശ്യത്തിനായി കോട്ടുകാൽ വില്ലേജിൽ ഏറ്റെടുക്കാനുള്ള ഭൂമി നേരത്തെയുള്ള വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയെങ്കിലും സമയപരിധിക്കുള്ളിൽ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല.

എട്ട് ഏക്കർ ഭൂമി വിലയ്ക്കുവാങ്ങാൻ ഈമാസം ആദ്യം ഉത്തരവിറക്കിയെങ്കിലും രേഖകൾ തയ്യാറാക്കുന്നതിൽ റവന്യൂവകുപ്പിന്റെ മെല്ലെപ്പോക്ക് ഇവിടെയും തിരിച്ചടിയായി. അദാനിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഭൂമി ഏറ്റെടുക്കാനുള്ള ചുമതല ജില്ലാ കളക്ടർ ബിജു പ്രഭാകറിനെ ഏൽപ്പിച്ചത്. അഴിമതിക്കാരല്ലാത്ത കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങൾ ഏൽപ്പിക്കണമെന്നായിരുന്നു അദാനിയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ബിജു പ്രഭാകർ വിഴഞ്ഞത്ത് സജീവമാകുന്നത്. പരമാവധി വിട്ടുവീഴ്ചയിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് നീക്കം. അത് നടന്നില്ലെങ്കിൽ ബലം ഉപയോഗിച്ച് സ്ഥലം പിടിച്ചെടുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുക. റിസോർട്ട് ഉടമകൾ ഉൾപ്പെടെയുള്ളവരെ ഇക്കാര്യം ബിജു പ്രഭാകർ അറിയിച്ചു കഴിഞ്ഞു. അതു വേണ്ടി വന്നാൽ പാക്കേജിന്റെ പ്രയോജനം ആർക്കും നൽകില്ല.

വിഴിഞ്ഞം പദ്ധതിക്കായി ഏറ്റെടുക്കാനുള്ള ശേഷിക്കുന്ന ഭൂമിയുടെ വില നിർണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണു ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല കമ്മറ്റി യോഗം ചേർന്നിരുന്നു്. എന്നാൽ മുൻ നിശ്ചയിച്ച വിലയിൽ നിന്ന് ഒരു രൂപ പോലും കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് ഭൂവുടമകൾ. ഇതോടെ ഏറ്റെടുക്കൽ പ്രതിസന്ധിയിലുമായി. 18 ഭൂവുടമകളിൽ നിന്ന് 23 ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇവരിൽത്തന്നെ വീടുള്ള ആറ് ഉടമസ്ഥർ മാത്രമാണ് ഇന്നത്തെ യോഗത്തിനെത്തിയത് ഇവർ സെന്റിന് ആറ് ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും വീടിന് പൊതുമരാമത്ത് വകുപ്പ് ഈടാക്കുന്ന വിലും ആ വിലയുടെ 50 ശതമാനവും ആറ് മാസത്തെ തൊഴിലില്ലായ്മ വേതനവും ആറ് മാസത്തെ വീട് വാടകയുമെന്ന പാക്കേജ് അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ സ്ഥലം മാത്രമുള്ളവർ നേരത്തെ നിശ്ചിയച്ച ഏഴും ഏഴര ലക്ഷവുമെന്ന തുകയിൽ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. അനുനയശ്രമം തുടരാനാണ് ശ്രമം . അതും നടപ്പായില്ലെങ്കിൽ പഴയ തീരുമാനവുമായി മുന്നോട്ടുപോകും. ഇവരുടെ ഭൂമി കൂടാതെ റിസോർട്ട് ഉടമകളുടെ ഭൂമിയും ഏറ്റെടുക്കാനുണ്ട്. ഇവരിൽ രണ്ട് റിസോർട്ട് ഉടമകളൊഴികെ ബാക്കി എല്ലാവരും സമ്മതപത്രം നൽകിയിട്ടുണ്ട്. ഇവർ വിഴിഞ്ഞം പദ്ധതിക്ക് തന്നെ എതിരാണ്. ഇതും പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നവംബർ 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തറക്കല്ലിടാനാണ് പദ്ധതി. മൂന്ന് വർഷം കൊണ്ട് വിഴിഞ്ഞത്ത് തുറമുഖം യാഥാർത്ഥ്യമാക്കുമെന്നാണ് അദാനിയുടെ ഉറപ്പ്. ഇതിനെല്ലാം തടസ്സമാണ് ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങൾ.

തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ലത്തീൻ സഭ

അതിനിടെ വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ കത്തോലിക്കാ സഭയും രംഗത്തുവന്നു. ഈ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് സഭയുടെ ഇടയലേഖനം. തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ലത്തീൻ സഭ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിനായി സ്ഥലമേറ്റെടുക്കുന്‌പോഴുള്ള പുനരധിവാസ പാക്കേജിൽ ഇപ്പോഴും വ്യക്തതയില്ല. പദ്ധതി ഈ നിലയിൽ മുന്നോട്ട് പോയാൽ എന്തു വില കൊടുത്തും തടയുമെന്നും സൂസപാക്യം നാളെ പള്ളികളിൽ വായിക്കാൻ തയ്യാറാക്കിയ ഇടയലേഖനത്തിൽ വ്യക്തമാക്കി.

പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയതു വസ്തുകൾ മറച്ചുവച്ചാണ്. തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി വരുന്നതോടെ 32 തീരദേശ ഗ്രാമങ്ങളിലായി അരലക്ഷത്തോളം പേർക്ക് ഭൂമി നഷ്ടമാവും. ഇതിന് മതിയായ പരിഹാരം കണ്ടിട്ടില്ലെന്നും ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.