തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിദ്‌ഘോഷിച്ച് നടപ്പിലാക്കിയ വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ നിർമ്മാണം പുരോഗതിയില്ലാതെ പ്രതിസന്ധിയിൽ. നിർമ്മാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ അദാനിയോട് കർശന നിലപാട് സ്വീകരിക്കാൻ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുങ്ങുന്നത്. മുമ്പ് പിണറായി തന്നെയാണ് പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോൾ കരാർ പ്രകാരമുള്ള പദ്ധതികളിൽ വീഴ്‌ച്ച വരുത്തിയ അദാനിയോട് സോഫ്റ്റ് കോർണർ വേണ്ടെന്ന നിലപാടിലാണ് സർക്കാർ.

കരാർ പ്രകാരമുള്ള നിർമ്മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചു. 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. എന്നാൽ ഇതുവരെ അദാനി ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. നേരത്തേ, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളി. ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ഡ്രഡ്ജർ തകർന്നതുമൂലം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തടസമായെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്.

വിഴിഞ്ഞം പദ്ധതിയുടെ കരാർ പ്രകാരമുള്ള കാലവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സർക്കാരിനു നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. നേരത്തെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായി കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പിന്റെ സിഇഒ കരൺ അദാനി പിണറായി വിജയനെ കണ്ടിരുന്നു. തുറമുഖം നിശ്ചിത സമയത്ത് പൂർത്തീകരിക്കാതിരുന്നാൽ സർക്കാറിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ട അവസ്ഥ വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് കരൺ അദാനി മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. ഈ കൂടിക്കാഴ്‌ച്ചയിൽ ചില സോപ്പിടൽ തന്ത്രങ്ങളും അദാനി ഗ്രൂപ്പ് പയറ്റിയിരുന്നു.

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നാണ് അവർ അറിയിച്ചത്. കമ്പനി സിഇഒ കരൺ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണു തീരുമാനം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ രണ്ടുലക്ഷം രൂപ ഉൾപ്പെടെ 22 ലക്ഷം രൂപ സംസ്ഥാന സർക്കാർ വിതരണം ചെയ്തു. ഇതിനു പുറമെയാണ് അദാനിയുടെ സഹായം. സഹായത്തുക ഉടൻ കൈമാറുമെന്നും അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ സഹായം കൊണ്ടെന്നും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല.

തുറമുഖ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകണമെന്ന അദാനി പോർട്സിന്റെ ആവശ്യം സർക്കാർ തള്ളുകയാണ് ഉണ്ടായത്. . നിലവിലുള്ള ധാരണപ്രകാരം 2019 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നും 16 മാസം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദാനി പോർട്സ് സിഇഒ കരൺ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെങ്കിലും നേരത്തെ സമയം നീട്ടിനൽകിയതിനാൽ വീണ്ടും നീട്ടുന്നത് അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

2020 ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അദാനി ഗ്രൂപ്പ് അധികൃതർ പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ പങ്കുവച്ചത്. ഓഖി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളും പാറക്കല്ല് ക്ഷാമവും മൂലം മാസങ്ങളായി നിർമ്മാണം നിലച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കരൺ അദാനി പറഞ്ഞു. പ്രകൃതിദുരന്തങ്ങളുണ്ടായാൽ നിർമ്മാണ കാലാവധി നീട്ടിനൽകാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നും പറഞ്ഞു. എന്നാൽ, 2019 ഡിസംബറിൽ തന്നെ പണി പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാറക്കല്ല് ക്ഷാമം തീർക്കാൻ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പാറ ലഭ്യമാക്കാൻ ഒട്ടേറെ ക്വാറികൾക്കു സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. മറ്റു നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതോടെ സമയം നീട്ടി നൽകണെന്ന് ആവശ്യത്തിൽ നിന്നും അദാനി ഗ്രൂപ്പ് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിശദീകരണം അദാനി ഗ്രൂപ്പിൽ നിന്നും ഉണ്ടാകാതെ വന്നതോടെയാണ് സർക്കാർ അദാനിക്ക് നോട്ടീസ് നൽകിയത്.

ഓഖിയുടെ പേരിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള സമയപരിധി നീട്ടി ചോദിച്ചതു നഷ്ടപരിഹാരം നൽകുന്നതിൽനിന്നു രക്ഷപ്പെടാനല്ലെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു. തുറമുഖം കമ്മീഷൻ ചെയ്താൽ മാത്രമേ അദാനി ഗ്രൂപ്പിനു വരുമാനം കിട്ടിത്തുടങ്ങൂ എന്നാണ് അവരും വ്യക്തമാക്കിയത്. ഓഖി ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ സമയം നീട്ടിനൽകണം എന്നാവശ്യപ്പെട്ടു കത്തുനൽകിയതിന് പിന്നാലെയാണ് കരൺ അദാനി നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്.

600 മീറ്ററോളം നിർമ്മാണം പൂർത്തിയായ പുലിമുട്ടിന്റെ 150 മീറ്റർ ഒലിച്ചുപോയി. 20 ശതമാനം പൈലുകൾ തകർന്നു. രണ്ടു ഡ്രഡ്ജറുകൾക്കു കേടുപാടുണ്ടായി. അറ്റകുറ്റപ്പണിക്കു സമയം ആവശ്യമാണ്. നാശനഷ്ടം എത്രയെന്നു കൃത്യമായി കണക്കാക്കണം. കൂടുതൽ വിഭവങ്ങൾ സമാഹരിക്കണം. കണക്കെടുത്തു കൂടിയാലോചനകൾ നടത്തിയേ എത്രസമയമെടുക്കും എന്നു പറയാൻ പറ്റൂവെന്നാണ് അദാനി തുറമുഖ വിഭാഗം പറയുന്നത്.