തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന് വ്യക്തമാക്കി നിർമ്മാണ ചുമതലയുള്ള അദാനി ഗ്രൂപ്പ് രംഗത്ത്. ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയ സയത്ത് ഉണ്ടായ കടലാക്രമണത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ഡ്രഡ്ജർ തകർന്നുവെന്നും ഇത് നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായെന്നുമാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പരാതി ഉന്നയിക്കുന്നത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ അദാനി ഗ്രൂപ്പ് സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ടിവരും.

പണി പൂർത്തിയാകാത്ത ഒരോ ദിനത്തിനും പ്രതിദിനം 12 ലക്ഷം രൂപവീതം തുറമുഖ കമ്പനിക്ക് തിരികെ നൽകേണ്ട സ്ഥിതിയാണ് ഉണ്ടാവുക. ഇതിൽ നിന്ന് തലയൂരാനാണ് അദാനി ഗ്രൂപ്പ് ഓഖി ദുരന്തത്തെ കൂട്ടുപിടിച്ച് പണി നടക്കുന്നില്ലെന്ന് വരുത്താൻ ശ്രമിക്കുന്നതെന്നാണ് സൂചനകൾ. സമാന രീതിയിൽ തുറമുഖ പ്രവർത്തനത്തിന് വേണ്ടി പാറകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും മറ്റൊരു തടസ്സവാദവും ഉന്നയിക്കുന്നുണ്ട് കമ്പനി.

കരാർ ലംഘനം ഉണ്ടായാൽ നൽകേണ്ട നഷ്ടപരിഹാരത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ഇത്തരം തടസ്സവാദങ്ങൾ നേരത്തെ തന്നെ കമ്പനി ഉന്നയിച്ചു തുടങ്ങുന്നതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. പദ്ധതി വൈകിയേക്കുമെന്ന് വ്യക്തമാക്കി തുറമുഖ കമ്പനിക്ക് അദാനി ഗ്രൂപ്പ് കത്ത് നൽകിയിട്ടുണ്ട്.


അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് എതിരായ സിഎജി റിപ്പോർട്ടിനെ കുറിച്ചന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ അതിൽ നടപടികൾ തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ കമ്മിഷൻ തുറമുഖ പ്രദേശത്ത് സന്ദർശനം നടത്തുകയും തുടർന്ന് തെളിവെടുപ്പമടക്കുള്ള അന്വേഷണ നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്നും, അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കാനെ നിലവിലെ കരാർ ഉപകരിക്കൂ എന്നതടക്കം ഗുരുതരമായ കണ്ടെത്തലുകളാണ് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് പിണറായി സർക്കാർ ജൂഡിഷ്യൽ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ, കെ.മോഹൻദാസ്, പി.മാത്യൂ അടക്കമുള്ള കമ്മീഷൻ അംഗങ്ങളാണ് വിഴിഞ്ഞം സന്ദർശിച്ചത്. അദാനി സി പോർട്ട് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആണ് സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്. സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. 2015ൽ യുഡി എഫ് സർക്കാർ അദാനിയുമായുണ്ടാക്കിയ വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സി എ ജി റിപ്പോർട്ട്. കരാർ കാലാവധി 10 വർഷം നീട്ടിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29, 217 കോടിയുടെ അധികവരുമാനം ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്നും സി എ ജി കണ്ടെത്തി. ഇപ്പോഴത്തെ കരാർ പ്രകാരം അദാനിക്ക് എൺപതിനായിരത്തോളം കോടിയുടെ അധിക നേട്ടമുണ്ടാക്കുമെന്നാണ് സി എ ജി നിഗമനം.

നിർമ്മാണ കാലാവധി 10 വർഷം കൂട്ടിനൽകിയത് നിയമവിരുദ്ധമാണ്. ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടും. സിഎജി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിർമ്മാണക്കമ്പനിക്ക് 30 വർഷമാണ് സാധാരണ കാലാവധി അനുവദിക്കുക. അതേസമയം, പത്തുവർഷത്തെ കാലാവധി നീട്ടിനൽകിയതിനു പുറമെ ആവശ്യമെങ്കിൽ 20 വർഷം കൂടി കാലാവധി നൽകാമെന്നും കരാറിൽ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താൽ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്പനികൾക്കുള്ള കാലാവധി 30 വർഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിർദ്ദേശം മറികടക്കുന്നതു തന്നെ തെറ്റാണെന്നും ഓഹരി ഘടനയിലെ മാറ്റം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തിയിരുന്നു.