തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരം പൊളിക്കാൻ നുഴഞ്ഞു കയറ്റം. സമരക്കാർക്കിടയിൽ അദാനിയുടെ ആളുകൾ കയറി പ്രശ്‌നമുണ്ടാക്കാൻ ശ്രമം. ഇവരെ സമരക്കാർ കണ്ടെത്തി. ഒടുവിൽ പൊലീസ് രക്ഷിച്ചു കൊണ്ടു പോയി. തന്ത്രത്തിൽ കൊണ്ടു പോകാനുള്ള പൊലീസ് നീക്കം സമരക്കാർ സമ്മതിച്ചില്ല. ഇതോടെ ചെറിയ സംഘർഷമുണ്ടായി. ഒടുവിൽ അയാളുടെ ഐഡിക്കാർഡ് പിടിച്ചെടുത്തു. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനയായിരുന്നു ഇയാൾ നുഴഞ്ഞു കയറിയത്. ഇതോടെ വിഴിഞ്ഞത്തെ സമരം പൊളിക്കാനുള്ള ഒരു നീക്കം പൊളിഞ്ഞു.

''അദാനിയുടെ ഗുണ്ടയാണിവൻ...'' മാധ്യമപ്രവർത്തനെന്ന വ്യാജേന ഫോട്ടോ എടുത്ത അദാനി പോർട്ട് സെക്യൂരിറ്റി ജീവനക്കാരനെ വിഴിഞ്ഞത്ത് സമരക്കാർ അതിരൂക്ഷമായാണ് കൈകാര്യം ചെയ്യാനൊരുങ്ങിയത്. വൈദികർ അടക്കമുള്ളവർ ഇടപെട്ടാണ് പ്രശ്‌നം പരിഹിച്ചത്. അദാനിയുടെ സുരക്ഷാ ജീവനക്കാരനാണ് സമരക്കാർക്കിടയിൽ എത്തിയത്. സമരക്കാരുടെ വീഡിയോ എടുക്കുകയും പ്രശ്‌നമുണ്ടാക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പ്രദീപ് എന്ന ആളെയാണ് സമരക്കാർ കണ്ടെത്തിയത്. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനയാണ് സമരക്കാർക്കിടയിൽ പ്രദീപ് എത്തിയത്. അദാനിയിൽ നിന്ന് സമര സമിതി നേതാക്കൾക്ക് ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ സമരക്കാർക്ക് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഒരാളെ സംശയിക്കുന്ന തരത്തിൽ കണ്ടെത്തിയത്. പ്രസ് എന്നെഴുതിയ ടാഗ് കഴുത്തിൽ ഇയാൾ തൂക്കിയിരുന്നു.

എന്നാൽ ചില സംശയങ്ങൾ സമരക്കാർക്ക് തോന്നി. മാധ്യമ പ്രവർത്തകരിൽ നിന്നും വിഭിന്നമായുള്ള പ്രവർത്തനമാണ് ഇയാൾ നടത്തിയത്. ഇതോടെയാണ് ഏത് സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകനാണെന്ന് തിരിക്കയിത്. ഇതോടെ കൃത്യമായ മറുപടി കിട്ടിയില്ല. ടാഗ് പരിശോധനയിൽ അത് ചതിയാണെന്നും മനസ്സിലാക്കി. സമരക്കാർ പ്രകോപിതരായതോടെ പൊലീസ് എത്തി. ആൾമാറാട്ടത്തിന് കേസെടുക്കേണ്ട സംഭവമായിരുന്നു അത്. എന്നാൽ തന്ത്രത്തിലും തഞ്ചത്തിലും അദാനിയുടെ ജീവനക്കാരനെ അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു പൊലീസിന്റെ ദൗത്യം. അതിന് മുമ്പ് തന്നെ യഥാർത്ഥ ഐഡിക്കാർഡ് സമരക്കാർ കണ്ടെത്തി. സത്യം തെളിയിക്കുകയും ചെയ്തു.

സമരക്കാർക്കിടയിൽ ചിലർ നുഴഞ്ഞു കയറുന്നുണ്ടെന്ന സംശയം സമര സമിതിക്കുണ്ടായിരുന്നു. ഇന്നലെ വിഡി സതീശൻ എത്തിയപ്പോൾ അടക്കം സമര സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ചിലർ പ്രതികരിച്ചു. വൈദികർ പറയുന്നതു പോലും കേട്ടില്ല. ചില നുഴഞ്ഞു കയറ്റക്കാരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന ചിന്ത ഇതോടെ ശക്തമായി. ഇതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. സമരക്കാർക്കിടയിൽ എത്തുന്ന ഓരോരുത്തരേയും നിരീക്ഷണത്തിലാക്കി. ഇതിനിടെയാണ് പ്രസിന്റെ ടാഗിട്ട് ഒരു വിരുതൻ എത്തിയത്. സമരക്കാരിൽ നിന്ന് ഇയാളെ പാടുപെട്ടാണ് വൈദികർ അടക്കം രക്ഷിച്ചത്. വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ സമരം ഉണ്ടാക്കുന്നുണ്ടെന്നതാണ് വസ്തുത. ഇത് സർക്കാരിനും തലവേദനയാണ്.

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചർച്ച നടക്കും. ഡൽഹിയിൽ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ മടങ്ങിയെത്തിയതിനു ശേഷം ചർച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചർച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീൻ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു. തുറമുഖ കവാടത്തിന് സമീപം മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. മത്സ്യത്തൊഴിലാളികൾ സമരം കടുപ്പിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് മുൻകൈയെടുത്തത്. ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരാണെന്ന് ലത്തീൻ സഭ അറിയിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരയുമായിട്ടാണ് മന്ത്രി ഫോണിൽ സംസാരിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് സമരവേദിയിലേക്ക് എത്തി.