കോഴിക്കോട്: ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പാർട്ടി ചിഹ്നമുണ്ടെങ്കിൽ ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഒടുവിൽ സിപിഎമ്മും മനസ്സിലാക്കുന്നു. പാർട്ടിയുടെ ഉറച്ച സീറ്റായ കോഴിക്കോട്ടെ ബേപ്പൂരിൽ, നേരത്തെ കണ്ടിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബിന് പകരം കോഴിക്കോട് മേയർ വി.കെ.സി മമ്മദ് കോയയുടെ പേരാണ് ഇപ്പോൾ സിപിഐ(എം) നിർദ്ദേശിച്ചിട്ടുള്ളത്.മെഹബൂബിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയർന്ന വികാരം കണക്കിലെടുത്താണ് നടപടി. ക്‌ളീൻ ഇമേജുള്ള വി.കെ.സിയെ നിർത്തുക വഴി പാർട്ടി വിരുദ്ധരുടെപോലും വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് ഇടതുനേതാക്കൾ കരുതുന്നത്.

നിലവിൽ മന്ത്രി എളമരം കരീം പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. ഇത്തവണ കരീം മൽസരിക്കേണ്ടെന്ന് സിപിഐ(എം) തീരുമാനിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ജനകീയ അടിത്തറയില്ലാത്ത നേതാക്കളെ മൽസരിപ്പിച്ചാൽ അത് ബാധ്യതയാവുമെന്ന കീഴ്ഘടകങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണ് വി.കെ.സിക്ക് നറുക്കു വുണത്. മുൻ ബേപ്പുർ എംഎ‍ൽഎ കൂടിയായ വി.കെ.സി മൽസരിക്കാൻ തയാറായതോടെ കോഴിക്കോട് കോർപ്പറേഷനിൽ പുതിയ മേയറെയും കണ്ടെത്തേണ്ടിവരും.

സിപിഐ(എം) നേതാവായ തോട്ടത്തിൽ രവീന്ദ്രൻ മേയർ ആവുമെന്നാണ് ഇപ്പോൾ അറിയുന്നത്. അതേസമയം ബേപ്പൂരിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് മേയർ സ്ഥാനം രാജിവെക്കുമെന്ന് വി.കെ.സി. മമ്മദ്‌കോയ വ്യക്തമാക്കി. ഡെപ്യൂട്ടി മേയർക്ക് മേയറുടെ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശമുണ്ട്. കോഴിക്കോട് നഗരത്തോടുള്ള സർക്കാറിന്റെ അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്. എംഎ‍ൽഎയായി എത്തുന്നതോടെ നഗരത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഔദ്യോഗിക പ്രഖ്യാപനം വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രേരാമ്പ്രയിൽ സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി രാമകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ചിലർ ഉയർത്തിയ പ്രതിഷേധം പാർട്ടി അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവെന്ന പ്രതിഛായയുള്ള മുൻ ജില്ലാസെക്രട്ടറി കൂടിയായ ടി.പിക്കെതിരായ പ്രവർത്തനങ്ങൾക്കുപിന്നിൽ പാർട്ടി ശത്രുക്കളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിനിടെ ടി.പി. രാമകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ചിലർ സോഷ്യൽ മീഡിയയിലൂടേയും മറ്റും ഉയർത്തുന്ന പ്രചാരണത്തിനെതിരെ അതേ നാണയത്തിൽ ടി.പി. അനുകൂലികളുടെ തിരിച്ചടി.

ടി.പിയുടെ പോരാട്ടചരിത്രം വിവരിക്കുന്ന പോസ്റ്റുകളാണ് ഫേസ്‌ബുക്കിലൂടേയും വാട്‌സ് ആപ്പിലൂടേയും പ്രചരിക്കുന്നത്. 19ാം വയസ്സിൽ പാർട്ടി മെമ്പറും 20ാം വയസ്സിൽ ബ്രാഞ്ച് സെക്രട്ടറിയും, പിന്നീട് ലോക്കൽ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയുമായ ഇദ്ദേഹം പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളി യൂണിയൻ നേതാവായി ദീർഘകാലം പ്രവർത്തിച്ചു. നെഞ്ചുറപ്പിന്റെ കരുത്തുകൊണ്ടാണ് ടി.പി. പ്രസ്ഥാനം കെട്ടിപ്പടുത്തത്.

പൊലീസ് മർദനവും പീഡനവും ഏറ്റുവാങ്ങിയ ഇദ്ദേഹം മിച്ചഭൂമി സമരത്തിന്റെ മുന്നണി പോരാളിയായിരുന്നെന്നും പോസ്റ്റിൽ പറയുന്നു. 'നമ്മുടെ പാർട്ടി ജയിക്കണം, ഒപ്പം ടി. പിയും ഈ നാട് തോൽക്കാതിരിക്കാൻ' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ടി.പി. മാടമ്പി രാഷ്ട്രീയകാരനായെന്നും പാർട്ടി പ്രതിസന്ധിയിലായ കാലത്ത് ചൈനസന്ദർശനം നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരെ വ്യാപകമായുള്ള പ്രചരണം.