വാളയാറിൽ പീഡനത്തിന് ഇരയായി സഹോദരിമാർ മരിച്ചതിന് പിന്നാലെ മറ്റൊരു ദുരന്ത വാർത്ത കൂടി. എച്ച് ഐ വി ബാധിതരായ രക്ഷകർത്താക്കളുടെ മകളായ പതിമൂന്നുകാരിയെ ചെറിയച്ഛൻ മാസങ്ങളോളം പീഡിപ്പിച്ചെന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത.

ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച ആ സഹോദരിമാരുടെ ബന്ധു കൂടിയാണ് ഈ പെൺകുട്ടി. വാളയാറിലെ പെൺകുഞ്ഞുങ്ങളുടെ ആത്മഹത്യയെ തുടർന്നുള്ള പൊലീസ് അന്വേഷണവും ഭീതിയും ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്ന ദിവസങ്ങളിലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. ആ ബഹളങ്ങളെ പോലും പീഡനത്തിന് മറയാക്കി.

പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. എച്ച്‌ഐവി ബാധയാണ് അച്ഛന്റെ ജീവനെടുത്തത്. കുട്ടിയുടെ അമ്മയും എച്ച് ഐ വി ബാധിതയാണ്. അച്ഛന്റെ മരണത്തെ തുടർന്ന് ചെറിയച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ ഇയാൾ സ്ഥിരമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

കുട്ടി അദ്ധ്യാപകനോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. അദ്ധ്യാപകൻ നൽകിയ വിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തുകയും വിവരം പൊലീസിൽ അറിയിക്കുകമായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. ബാംഗ്ലൂരിൽ ജോലി നോക്കുകയായിരുന്ന ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ വർഷം ഒമ്പതാം ക്ലാസ്സിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ജനുവരിയിലും മാർച്ചിലും സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഗ്രാമത്തിൽ തന്നെയാണ് ഈ പീഡനവും നടന്നത്.
.
വാളയാറിൽ സഹോദരിമാരിൽ ആദ്യപെൺകുട്ടി തൂങ്ങി മരിച്ചിട്ടും പൊലിസോ, ചൈൽഡ് ലൈൻ പ്രവർത്തകരോ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകരോ, രാഷ്ട്രീയ കക്ഷികളോ ഒരു ഇടപെടലും നടത്തിയിരുന്നില്ല. പെൺകുട്ടി ആത്മഹത്യ ചെയ്തതിനു അസ്വാഭാവിക മരണത്തിന് ഒരു കേസ് ഫയൽ ചെയ്തതിന് അപ്പുറം മറ്റൊരു നടപടിയും ഉണ്ടായില്ല. പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിട്ടും അക്കാര്യത്തിലും അന്വേഷണം ഉണ്ടായില്ല.

ആദ്യത്തെ കുട്ടിയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പെ ദിവസങ്ങൾക്കകം രണ്ടാമത്തെ കുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിഷയത്തിൽ പൊലിസും ചൈൽഡ്ലൈനും മറ്റു സന്നദ്ധ സംഘടനകളും ഇടപ്പെടുന്നതും കുട്ടികളെ പീഡിപ്പിച്ച അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. രണ്ടാമത്തെ കുട്ടിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതക സാധ്യതകളാണ് കാണുന്നതെന്നും സ്ഥലത്ത് പരിശോധന നടത്തിയ ഐ ജി പറഞ്ഞങ്കിലും ആത്മഹത്യയെന്ന നിലയിൽ തന്നെയാണ് ലോക്കൽ പൊലിസ് അന്വേഷണം നടത്തിയത്. സംഭവം നടന്ന് മാസങ്ങളായിട്ടും പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല.