കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്രേരിപ്പിച്ചതിന് അറസ്റ്റിലായ വ്‌ലോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിന്റെ വിചിത്രമായ പ്രതികരണം കേട്ട് ഞെട്ടിയത് എക്‌സൈസ് ഉദ്യോഗസ്ഥർ.

ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാൾ എക്‌സൈസിനോട് പറയുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മരണം വരെ അത് ഉപയോഗിക്കുമെന്നുമാണ് ഇയാൾ എക്‌സൈസിനോട് പറഞ്ഞത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വ്ളോഗറായ യുവാവും പെൺകുട്ടിയും തമ്മിൽ സംസാരിക്കുന്ന ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് ഇരുവരും ലഹരി ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

പ്ലസ്ടു കഴിഞ്ഞുനിൽക്കുകയാണെന്നാണ് വീഡിയോയിലുള്ള പെൺകുട്ടി വ്ളോഗറോട് പറയുന്നത്. തുടർന്ന് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇതോടെ പെൺകുട്ടിയുടെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു വ്ളോഗറുടെ മറുപടികൾ.

വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്‌സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

വീട്ടിൽനിന്നു ലഹരി പദാർഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോൾ ഉൾവസ്ത്രത്തിൽനിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി എസ്.പ്രദീപിന്റെ നേതൃത്വത്തിൽ അസ്റ്റു ചെയ്തു. വിൽപനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കാൻ തീരുമാനിക്കുകയായിരുന്നു.

കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന ഈ വ്‌ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്‌റെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.