കണ്ണൂർ : കല്യാശേരിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പച്ചത്തെറി. ഡിസിസി ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച യഥാർത്ഥ വസ്തുത ബോധ്യപ്പെടുത്താനെത്തിയ നേതാവിനെയാണ് ആദർശധീരൻ ആക്ഷേപിച്ച് വിട്ടത്. യഥാർത്ഥ സ്ഥലമുടമയെ പെരുവഴിയിലിറക്കി വിട്ട് സ്ഥലം ഏറ്റെടുത്ത ഡിസിസിക്കെതിരെ പരാതി ഉന്നയിച്ചതിനാണ് സുധീരൻ തെറിവിളിച്ച് ഓടിച്ചത്. ജോഷീല പിവി എന്ന യുവതിയുടെ ഫെയ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഡിസിസിയുമായുള്ള തർക്ക വിഷയങ്ങൾ കെപിസിസി പ്രസിഡന്റിനെ നേരിട്ട് അറിയിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാവ് മുന്നോട്ടുവന്നു. ഡിസിസി നടത്തിയ പണ്ട് പിരിവിലെ ക്രമക്കേട്, ഡിസിസിയുമായുള്ള തർക്കം, പ്രാദേശിക നേതൃത്വത്തിന്റെ രാജി, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച യഥാർത്ഥ വസ്തുത എന്നിവ ബോധിപ്പിക്കുകയായിരുന്നു ഉദ്ദേശം.

പ്രദേശത്തെ പ്രവർത്തകനാണ് എന്നും ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് പ്രാദേശിക നേതാവ് വി എം സുധീരന്റെ അടുത്തേക്ക് വന്നു. എന്നാൽ നായിന്റെ മോനേ, മിണ്ടരുത് എന്നായിരുന്നു ആദർശ ധീരനായ വി എം സുധീരന്റെ പ്രതികരണം. തുടർന്ന് വി എം സുധീരൻ മുന്നോട്ട് നടന്നു. കെപിസിസി പ്രസിഡന്റിന്റെ തെറിവിളി പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്.

സിപിഐഎമ്മിന് ഭൂരിപക്ഷമുള്ള കല്യാശേരിയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചത് ആയുർവേദ ഡോക്ടറായ നീത നമ്പ്യാരുടെ അമ്മ ഭാനുമതി വിദ്യാധരനായിരുന്നു. തെരഞ്ഞെടുപ്പിൽ ഭാനുമതി തോറ്റതോടെ സിപിഐഎം പ്രവർത്തകർ നീത നമ്പ്യാരുടെ ആയുർവേദ ക്ലിനിക്ക് അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇത് കൂടാതെ ഇവരുടെ വീടിന് നേരെ പലവട്ടം ആക്രമണവും നടത്തി.

ഇതിനെതിരെ നീത നമ്പ്യാർ കണ്ണപുരം പൊലീസിൽ ഒൻപത് പരാതികൾ നൽകിയിരുന്നു. ക്ലിനിക്കിന്റെ ബോർഡുകൾ പലവട്ടം തകർക്കുകയും കസേരകൾ തുടർച്ചയായി നശിപ്പിക്കുകയും ചെയ്തതോടെയാണ് കെപിസിസി നേതൃത്വം നീത നമ്പ്യാർക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്നത്. വി എം സുധീരൻ കഴിഞ്ഞ ജൂണിൽ നീത നമ്പ്യാരെ സന്ദർശിക്കുകയും ക്ലിനിക്കിനു വേണ്ട സഹായസഹകരണങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് ക്ലിനിക്ക് നിർമ്മിച്ചതും ഇന്നലെ ഉദ്ഘാടനം നടത്തിയതും. കല്യാശേരിയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ച് വിട്ടുനിൽക്കുകയായിരുന്നു. ഇതറിയിക്കാനാണ് കോൺഗ്രസ് പ്രവർത്തകൻ കാത്തുനിന്നതും സുധീരന്റെ അസഭ്യം ഏറ്റുവാങ്ങേണ്ടി വന്നതും.