തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നീങ്ങിയിട്ടും വി എം സുധീരനെ തകർക്കാനായില്ല! കെപിസിസിയുടെ പൂർണ്ണ നിയന്ത്രണം ഇനി പ്രസിഡന്റ് വി എം സുധീരന് തന്നെ. പുനഃസംഘടന പൂർത്തിയായ ശേഷം വീണ്ടും സുധീരനെ കെപിസിസിയുടെ ചുമതല ഏൽപ്പിക്കുമെന്ന സൂചനയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നൽകുന്നത്. കേരളത്തിൽ ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാനാണ് ഇത്. കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടി നടത്തിയ നീക്കവും പൊളിയുകയാണ്. പുനഃസംഘടനയുടെ ഭാഗമായി 14 ഡിസിസികളിലും പുതിയ പ്രസിഡന്റുമാർ വരും. ഉന്നത രാഷ്ട്രീയകാര്യസമിതി വരുന്നതോടെ പ്രസിഡന്റ് ഒഴികെ കെപിസിസി ഭാരവാഹികൾ തുടരാനുമിടയില്ല. ഇതോടെ ഗ്രൂപ്പ് അതിപ്രസരവും തീരും.

രാഷ്ട്രീയകാര്യ സമിതിയിൽ എഐസിസിയുടെ ഒരു പ്രതിനിധിയും ഉണ്ടായേക്കാം. സമിതിയുടെ പ്രവർത്തനം ഹൈക്കമാൻഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാകും. സമിതിയിലും സുധീരനെ അനുകൂലിക്കുന്നവർക്കാകും മുൻഗണന. പതിനഞ്ച് അംഗ സമിതിയാണ് രാഹുൽ ലക്ഷ്യമിടുന്നത്. സമിതി ദിവസങ്ങൾക്കകം നിലവിൽ വരും. ഉമ്മൻ ചാണ്ടിയും രമേശും അഞ്ചുവീതം പേരു നൽകാനാണു ധാരണ. ഹൈക്കമാൻഡും സുധീരനും കൂടി ആലോചിച്ചു മറ്റ് അഞ്ചുപേരും എന്നതാണു സാധ്യത. ഇതിനൊപ്പം ഗ്രൂപ്പ് താൽപ്പര്യം മാത്രമായി ആരേയും സമിതിയിൽ ഉൾപ്പെടുത്തില്ല.

കെ. മുരളീധരൻ, പി.സി. ചാക്കോ, കെ.വി. തോമസ്, കെ. സുധാകരൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ഡി. സതീശൻ, എം.ഐ. ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ, ബെന്നി ബഹനാൻ, പി.സി. വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കൻ, എം. ലിജു, ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ തുടങ്ങിയവരെ സമിതിയിലേക്കു പരിഗണിക്കുന്നുണ്ട്. സമിതിയിൽ ഇരുന്ന് സുധീരനെ വിമർശിച്ചാൽ അവർക്ക് വലിയ തിരിച്ചടി കിട്ടുകയും ചെയ്യും. കെപിസിസി അധ്യക്ഷനെ അംഗീകരിച്ചേ മതിയാകൂവെന്നതാണ് രാഹുലിന്റെ നിലപാട്. പുനഃസംഘടന അടക്കം കാര്യങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.

ഡിസിസി പ്രസിഡന്റുമാരിൽ ഭൂരിഭാഗവും സജീവമല്ലെന്ന പരാതി രാഹുലിനു പലരിൽ നിന്നായി ലഭിച്ചതിനാൽ അവിടെ മാറ്റം കൂടിയേ തീരൂവെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഡിസിസി പ്രസിഡന്റായി പരിഗണിക്കാവുന്നവരുടെ പാനൽ രാഷ്ട്രീയകാര്യ സമിതി തയാറാക്കും. ഹൈക്കമാൻഡ് അതിൽ അന്തിമ തീരുമാനമെടുക്കും. ഡിസിസി ജംബോസമിതികളും ഇല്ലാതാകും. ഇവിടെയെല്ലാം സുധീരന് വ്യക്തമായ മുൻതൂക്കം നൽകുന്ന തീരുമാനമാകും ഹൈക്കമാണ്ട് എടുക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ സുധീരനെ മാറ്റുക എന്ന ആവശ്യത്തിൽ നിന്ന് ഇതോടെ ഗ്രൂപ്പുകൾക്കു പിൻവാങ്ങേണ്ടിവരികയാണ്.

തോൽവിയിൽ മൂവർക്കും ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ, പദവികളൊന്നും സ്വീകരിക്കില്ല എന്നത് ഉമ്മൻ ചാണ്ടി സ്വയം എടുത്ത തീരുമാനമാണ്. രമേശ് പ്രതിപക്ഷ നേതാവുമായി. അപ്പോൾ സുധീരനെ മാത്രം മാറ്റുക എന്നതിൽ അനൗചിത്യം ഉണ്ടെന്നാണ് ഹൈക്കമാണ്ട് വിശദീകരിക്കുന്നത്. ഫലത്തിൽ അത് സുധീരന് അനുകൂലമായ തീരുമാനവുമായി.