- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോഗിന്റെ പുതിയ കവർ ഗേളായി ആക്ടിവിസ്റ്റ് മലാല യുസഫ്സായി; അഗ്നിച്ചുചുവപ്പിൽ അതിസുന്ദരിയായി മലാലയുടെ ചിത്രവും വൈറൽ; ചിത്രം കാണുന്ന ഓരോ പെൺകുട്ടിക്കും അവൾക്ക് ലോകം മാറ്റാനാവുമെന്ന വിശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മലാല
ഡൽഹി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിന്റെ പേരിൽ താലിബാൻ അക്രമണത്തിന് ഇരയാവുകയും ലോകശ്രദ്ധനേടുകയും ചെയ്ത മലാല യുസഫ്‌സായിയെ കവർഗേളാക്കി വോഗ് മാസികകയുടെ ജുലായ് ലക്കം. മലാലയുടെ ചിത്രത്തോടൊപ്പം വിശദമായ അഭിമുഖവും ഉൾപ്പെടുന്നതാണ് മാസികയുടെ ജുലൈ ലക്കം.ചുവന്ന വസ്ത്രത്തിലും സ്‌കാർഫിലുമുള്ള മലാലയുടെ അതിമനോഹരമായ കവർചിത്രം മലാല തന്നെ ട്വിറ്ററിൽ പങ്കുവച്ചിട്ടുമുണ്ട്.ഫോട്ടോഗ്രാഫറായ നിക്ക് നൈറ്റാണ് മലാലയുടെ അതിമനോഹരമായ ചിത്രം പകർത്തിയിരിക്കുന്നത്. കവറിൽ സ്റ്റെല്ല മക്കാർട്ട്നി ഡിസൈൻ ചെയ്ത തിളക്കമുള്ള ചുവന്ന വസ്ത്രമാണ് മലാല ധരിച്ചിരിക്കുന്നത്. ഒപ്പം ഹെഡ്‌സ്‌കാർഫും ധരിച്ചിരിക്കുന്നു.
വോഗിന്റെ ജൂലൈ മാസത്തിലെ ലക്കത്തിൽ വിവിധ വിഷയങ്ങളോടുള്ള തന്റെ കാഴ്്ചപ്പാടുകളും ചിന്തകളും മലാല വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. ഇതിനൊപ്പം മലാലയെ കുറിച്ച് മിഷേൽ ഒബാമ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങിയവരുടെ വാക്കുകളും ഇതിൽ പ്രസിദ്ധീകരിക്കുന്നു. 'ശരിക്കും അസാധാരണയായ' എന്നാണ് മിഷേൽ ഒബാമ മലാലയെ വിശേഷിപ്പിക്കുന്നത്. 'അവളെപ്പോലെ മറ്റൊരാളുണ്ട് എന്ന് കരുതുന്നില്ല' എന്നാണ് ടിം കുക്ക് പറഞ്ഞത്. ഉൾപ്പേജിൽ മലാലയുടെ മറ്റൊരു ചിത്രത്തിൽ ചുവന്ന ഷർട്ട്ഡ്രസും ലിനൻ പാന്റും ധരിച്ചിരിക്കുന്നത് കാണാം. ഉറുഗ്വേ ഡിസൈനർ ഗബ്രിയേല ഹെയർസ്റ്റാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ നീലനിറത്തിലുള്ള ഹെഡ്‌സ്‌കാർഫാണ് മലാല ധരിച്ചിരിക്കുന്നത്.
ഇരുപത്തിമൂന്നുകാരിയായ മലാല 'ട്വിറ്റർ ആക്ടിവിസ'ത്തെ കുറിച്ചും ആപ്പിൾടിവി പ്ലസുമായുള്ള പുതിയ പങ്കാളിത്തത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുന്നു.'ട്വിറ്റർ വളരെ വ്യത്യസ്തമായ ലോകമാണ്. ട്വീറ്റിനെയാണ് ആക്ടിവിസവുമായി ഏറെയും ബന്ധപ്പെടുത്തുന്നത്. അത് മാറേണ്ടതുണ്ട്' എന്നും മലാല പറഞ്ഞു.കഴിഞ്ഞ വർഷമാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നും മലാല ബിരുദം നേടിയത്. പിന്നീട് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് തുടങ്ങി. ആപ്പിൾടിവി പ്ലസുമായി ചേർന്നായിരുന്നു ഇത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചുമുള്ള ഡോക്യുമെന്ററികൾക്കാണ് ഇത് പ്രാധാന്യം നൽകുന്നത്. കൂടാതെ, ആനിമേഷൻ, കുട്ടികൾക്ക് വേണ്ടിയുള്ള സീരീസ്, കോമഡി തുടങ്ങിയവയും നൽകുന്നു.
താൻ ധരിച്ചിരിക്കുന്ന ഹെഡ്‌സ്‌കാർഫിനെ താനടങ്ങുന്ന പഷ്തൂൺ വിഭാഗക്കാരുടെ സംസ്‌കാരത്തിന്റെ ഭാഗം എന്നാണ് മലാല വിശേഷിപ്പിച്ചിരിക്കുന്നത്. 'മുസ്ലിം സ്ത്രീകൾ, പഷ്തൂൺ സത്രീകൾ അല്ലെങ്കിൽ പാക്കിസ്ഥാനി സ്ത്രീകൾ ഒക്കെ സംസ്‌കാരവുമായി ബന്ധപ്പെട്ട വസ്ത്രം ധരിച്ചാൽ അവരെ ആളുകൾ അടിച്ചമർത്തപ്പെട്ടവരായും, ശബ്ദമില്ലാത്തവരായും, പുരുഷാധിപത്യത്തിന് കീഴിൽ കഴിയേണ്ടി വന്നവരായിട്ടുമാണ് ചിത്രീകരിക്കുന്നത്. എന്നാൽ, നിങ്ങളുടെ സ്വന്തം സംസ്‌കാരത്തിൽ നിന്നുകൊണ്ട് തന്നെ നിങ്ങൾക്ക് ശബ്ദമുയർത്താം, തുല്യത നേടുകയും ചെയ്യാം എന്നാണ് ഞാൻ പറയാനാഗ്രഹിക്കുന്നത്' -മലാല വ്യക്തമാക്കി.
അടുത്തിടെയാണ് മലാല ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയത്. ഓക്‌സ്‌ഫോർഡിലെ സമയത്തെ കുറിച്ചും മലാല വാചാലയായി. താലിബാന്റെ ആക്രമണത്തെ തുടർന്ന് ചികിത്സയിലായി. പിന്നീട്, പലയിടങ്ങളിലും സഞ്ചരിക്കുകയും സംസാരിക്കുകയും ഡോക്യുമെന്ററി ചെയ്യുക, പുസ്തകം പ്രസിദ്ധീകരിക്കുക എന്നിവയെല്ലാം ചെയ്യുകയായിരുന്നു താൻ. അതിനാൽ, സമപ്രായക്കാരുമായി വേണ്ടപോലെ സമയം ചെലവഴിക്കാൻ തനിക്ക് സാധിച്ചിട്ടില്ല. ആ സമയങ്ങളുടെ തിരിച്ചെടുക്കൽ കൂടിയായിരുന്നു ഓക്‌സ്‌ഫോർഡിലെ പഠനകാലം. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചതിനെ കുറിച്ചും മലാല പറയുന്നു. ആ സമയത്ത് താൻ ലോകത്തിലെ ഓരോന്നിനെയും വളരെ കൗതുകത്തോടെയും ആവേശത്തോടെയും കണ്ടു എന്നും മലാല പറഞ്ഞതായി സിഎൻഎൻ എഴുതുന്നു. മറ്റ് ആക്ടിവിസ്റ്റുകളായ ഗ്രേറ്റ തുംബെർഗ്, എമ്മ ഗോൺസാലെസ് എന്നിവരുമായുള്ള ബന്ധത്തെ കുറിച്ചും മലാല വിവരിക്കുന്നുണ്ട്. 'ഒരു പെൺകുട്ടി അവളുടെ ഹൃദയത്തിൽ വഹിക്കുന്ന ശക്തി എനിക്കറിയാം' എന്നാണ് മലാല പറഞ്ഞത്.
ട്വിറ്ററിലുടെ മലാല തന്നെയാണ് കവർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'വോഗിന്റെ കവറാവാൻ കഴിഞ്ഞതിൽ തനിക്ക് ആവേശവും വിനയവുമുണ്ട്. ഇത് കാണുന്ന ഓരോ പെൺകുട്ടിക്കും അവൾക്ക് ലോകം മാറ്റാനാവുമെന്ന വിശ്വാസമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന് കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ