ഫ്രാങ്ക്ഫർട്ട്: എയർബാഗ് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കാർ നിർമ്മാതാക്കളായ ഫോക്‌സ് വാഗൻ യുഎസിൽ നിന്ന് 680,000 കാറുകൾ തിരിച്ചുവിളിക്കുന്നു. ഫോക്‌സ് വാഗൻ കാറുകളിലെ എയർ ബാഗിന് തകരാർ ഉണ്ടെന്ന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ കണ്ടെത്തിയതിനെ തുടർന്നാണ് ഫോക്‌സ് വാഗൻ കാറുകൾ തിരിച്ചുവിളിക്കുന്നത്.

2006 മുതൽ 2014 വരെയുള്ള മോഡൽ കാറുകളിലാണ് എയർ ബാഗ് തകരാർ കണ്ടത്തിയിരിക്കുന്നത്. ഈ മോഡൽ കാറുകളുടെ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും വക്താവ് അറിയിക്കുന്നു. ചില കാറുകളിൽ ഡ്രൈവറുടെ സീറ്റിനു വശത്തുള്ള എയർ ബാഗുകൾക്കാണ് തകരാർ കണ്ടെത്തിയത്.

മലിനീകരണത്തോത് കുറച്ചു കാട്ടുന്നതിനായി കാറുകളിൽ കൃത്രിമത്വം കാട്ടിയെന്ന ആരോപണം നേരിടുന്നതിനിടെയിലാണ്  എയർ ബാഗുകളിൽ തകരാർ ഉണ്ടായതിനെ തുടർന്ന് ലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിക്കുന്നത്. കാറുകൾ പ്രത്യേക സോഫ്റ്റ് വേയറുകൾ ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന്  കമ്പനി കുറ്റസമ്മതവും നടത്തിയിരുന്നു. ഇതിന്റെ പേരിൽ ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിർമ്മാതാക്കളായ ഫോക്‌സ് വാഗൻ അമേരിക്കയിൽ ക്രിമിനൽ കുറ്റത്തിന് അന്വേഷണം നേരിടുന്നുണ്ട്.

മുമ്പ് ജപ്പാൻ കമ്പനിയായ തകാത്തയുടെ കാറുകളിൽ എയർ ബാഗ് തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിച്ചിരുന്നു.