കോഴിക്കോട്: ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സെമിഫൈനലിൽ. ഹരിയാണയെ മൂന്ന് സെറ്റിൽ കീഴടക്കിയാണ് കേരളത്തിന്റെ വനിതകൾ അവസാന നാലിലെത്തിയത്. മൂന്നു സെറ്റിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 25-16ന് വിജയിച്ച കേരളം രണ്ടാം സെറ്റ് 25-13ന് സ്വന്തമാക്കി. നിർണായകമായ മൂന്നാം സെറ്റ് 25-14ന് വിജയിച്ചതോടെ മത്സരം കേരളത്തിന് അനുകൂലമായി.

മറ്റൊരു ക്വാർട്ടറിൽ കർണാടകത്തിനെ തോൽപ്പിച്ച് റെയിൽവേസ് അവസാന നാലിലെത്തി. മൂന്നു സെറ്റിനുള്ളിലായിരുന്നു കർണാടകത്തിന്റെ വിജയം. സ്‌കോർ: 25-13, 25-14, 25-16.

പുരുഷ വിഭാഗത്തിൽ അഞ്ചു സെറ്റു നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ആന്ധ്രാ പ്രദേശിനെ തോൽപ്പിച്ച് തമിഴ്‌നാട് സെമിയിലെത്തി. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലായിരുന്നു തമിഴ്‌നാടിന്റെ വിജയം. ആദ്യ സെറ്റ് 29-27ന് നേടിയ തമിഴ്‌നാട് രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി.

എന്നാൽ മൂന്നാം സെറ്റിൽ 25-20ന് പിടിച്ചു. പക്ഷേ നാലാം സെറ്റിൽ ആന്ധ്രാ പ്രദേശ് തിരിച്ചടിച്ചു. ഇതോടെ അഞ്ചാം സെറ്റ് നിർണായകമായി. ഒടുവിൽ 19-17ന് തമിഴ്‌നാട് സെറ്റും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. സ്‌കോർ: 29-27, 22-25, 25-10, 23-25, 19-17.