ഷിക്കാഗോ∙ മല്ലപ്പള്ളി വർക്കിയുടെ മണ്ണിലേക്ക് വീണ്ടും വോളിബോൾ ആവേശം ഒഴുകിയെത്തുമ്പോൾ അതിന്റെ ആരവം ഇങ്ങകലെ അമേരിക്കയിലെ കായിക പ്രേമികളിലും. മുൻ വോളിതാരം പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന എവർറോളിങ് ട്രോഫിക്കായുള്ള ടൂർണമെന്റാണ് മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഒരിക്കൽ കൂടി സ്മാഷുകളുടെ ഇടിമുഴക്കമുയർത്തുന്നത്. പുതുതലമുറയിലെ താരങ്ങളുടെ പ്രകടനം കാണാനുള്ള സുവർണാവസരത്തിനൊപ്പം പഴയകാലത്തെ ആവേശം ചോരാതിരിക്കുന്നതിനും ടൂർണമെന്റ് വഴിയൊരുക്കുമെന്നുറപ്പ്.

നാട്ടിലും ഇവിടെ വിവിധ പ്രദേശങ്ങളിലും നടക്കുന്ന വോളിബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റും സാമൂഹിക മാദ്ധ്യമങ്ങളിലുടെ കായികപ്രേമികളിൽ എത്തിക്കുന്നതിൽ ഷിക്കാഗോ മലയാളി വോളിബോൾ ഫാൻസ് അസോസിയേഷന്റെ പങ്ക് പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ മത്സരം നാട്ടിലാണെങ്കിലും ഇവിടെയും ആവേശത്തിനും ആകാംഷയ്ക്കും ഒട്ടും കുറവില്ല. ഇക്കൂട്ടത്തിൽ പ്രയാറ്റുകുന്നേൽ വർക്കിയുടെ പിൻതലമുറക്കാരുമുണ്ടെന്നതു ശ്രദ്ധേയം. വർക്കിയുടെ കുടുംബാംഗമായ പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ മക്കളും വോളിബോൾ താരങ്ങളായ പ്രിൻസും പ്രദീപും പ്രവീണുമൊക്കെ നാട്ടിലെ ഉത്സാഹം ഇവിടെ വോളികോർട്ടുകളിലും മത്സരവേദികളിലും ഉറപ്പിക്കുന്നതിൽ മൂൻപന്തിയിൽ തന്നെ. കുട്ടപ്പന്റെ കൊച്ചുമക്കളായ നിഥിനും നെയ്ഥനും റയാനുമാണ് പുതുതലമുറയിൽ വോളിപാരമ്പര്യം വിളക്കിചേർക്കുന്ന കണ്ണികൾ.

ഓഗസ്റ്റ് 23 മുതൽ 27 വരെ നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്‌കൂളിൽ മോടയിൽ എം.ഐ ജേക്കബ് സ്മാരക ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെന്റിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും. മല്ലപ്പള്ളി വൈ.എം.സി.എയാണ് സംഘാടകർ. ദിവസേന വൈകിട്ട് ആറരയ്ക്കാണ് മത്സരങ്ങൾ. പ്രവേശം സൗജന്യമാണെന്നും പ്രസിഡന്റ് ബാബു കൊച്ചിക്കുഴിയും സെക്രട്ടറി റിനോ കോഴികുന്നത്തും അറിയിച്ചു. വിവരങ്ങൾക്ക് ജനറൽ കൺവീനർ കൊച്ചുമോൻ വടക്കേപ്പറമ്പിലുമായി ബന്ധപ്പെടണം.‌‍‌