ലഖ്നൗ: ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളുടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉത്തർ പ്രദേശ് സർക്കാർ. നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനു പിന്നാലെ ഉച്ചഭാഷിണികളുടെ ശബ്ദപരിധി ആരാധനാലയങ്ങൾ കുറച്ചു. സംസ്ഥാനങ്ങളിലെ 17,000 ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ശബ്ദത്തിൽ കുറവുവരുത്തിയതായാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ പ്രത്യേക അനുമതിയോടെ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാവൂ എന്നും ഇവയുടെ ശബ്ദം ആരാധനാലയങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ നിർദ്ദേശിച്ചിരുന്നു.

125 ഇടങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കംചെയ്തതായി ഉത്തർപ്രദേശ് എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. സംസ്ഥാനത്ത് സമാധാനപരമായി നമസ്‌കാരം നടത്താൻ വേണ്ട സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയതായും സമാധാനസമിതി യോഗങ്ങൾ നടത്തിവരുന്നതായും എഡിജിപി പറഞ്ഞു. യുപിയിലെ 37,344 മതനേതാക്കളുമായി ഉച്ചഭാഷിണി സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മഥുര ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയടക്കമുള്ളവ നീക്കം ചെയ്തിട്ടുണ്ട്. എല്ലാദിവസവും രാവിലെ ഒന്നര മണിക്കൂർ ഇവിടെ ഭക്തിഗാനങ്ങൾ കേൾപ്പിക്കുന്നത് പതിവായിരുന്നു. മറ്റൊരു പ്രമുഖ ആരാധനാലയമായ ഗോരക് നാഥ് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചിട്ടുണ്ട്.

മതിയായ അനുമതി ലഭിക്കാതെ മതപരമായ ഘോഷയാത്രകളോ റാലികളോ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ഒരാഴ്ച മുമ്പ് പുറത്തിറക്കിയ ഉത്തരവിൽ ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.