തിരുവനന്തപുരം: ക്രിസ്മസ് കാലം കൊയ്ത്തുകാലമാക്കാൻ സ്വകാര്യ വോൾവോ ബസ് സർവിസുകൾ യാത്രാ നിരക്കുകൾ മൂന്നിരട്ടിയോളം ഉയർത്തി. അന്തർ സംസ്ഥാന സർവിസുകളുടെ, പ്രത്യേകിച്ച് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാ നിരക്കുകളാണ് വർധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് എ.സി വോൾവോ ബസ് യാത്രക്ക് പരമാവധി 1200 രൂപ വരെയായിരുന്നു ചാർജ്. ഇത് 2500 രൂപവരെയാക്കി ബസുകൾ ഉയർത്തി.

ക്രിസ്തുമസ് പടിവാതിൽക്കൽ എത്തിയതോടെ നാട്ടിൽ എത്തിച്ചേരാനുള്ള ഓട്ടത്തിലാണ് അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ. ഈ അവസരം മുതലാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണ് ട്രാവൽ ഏജൻസികളും ബസ് മുതലാളിമാരും. 23 മുതൽ സാധാരണ നിരക്കിന്റെ ഇരട്ടിയിൽ ഏറെ തുകയാണ് ബസുകൾ ഈടാക്കുന്നത്. ബംഗ്ലുരുവിൽ നിന്ന് കോട്ടയത്തേക്ക് 2000 രൂപ മുതലാണ് ബസ് നിരക്ക്. സാധാരണ ദിവസങ്ങളിൽ 600 രൂപ മുതൽ നിരക്കുള്ള അതേ ബസുകളിലാണ് ഇത്തരത്തിൽ നിരക്ക് കൂട്ടി ഈടാക്കുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കുമെല്ലാം ഇതിന് ആനുപാതികമായി നിരക്ക് കൂടുന്നു.

ക്രിസ്മസുമായി ബന്ധപ്പെട്ട തിയതികളിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ എല്ലാംതന്നെ ഇതിനകം ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി അന്യ സംസ്ഥാനത്തു നിന്നുള്ള മലയാളികൾക്ക് ആശ്രയിക്കാൻ കഴിയുന്നത് വോൾവോ സർവിസുകളെ മാത്രമാണ്. ഈ അവസരം പരമാവധി ചൂഷണം ചെയ്യാനാണ് കമ്പനികളുടെ ശ്രമം. എ.ടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് ലീവിന്റെ കാര്യത്തിൽ അവസാന നിമിഷം മാത്രമേ ഉറപ്പ് കിട്ടൂ. അതുകൊണ്ട് തന്നെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യൽ നടക്കുകയുമില്ല. തൽകാലിലും കുറച്ചു പേർക്ക് മാത്രമേ ടിക്കറ്റ് എടുക്കാൻ കഴിയൂ. ഇതെല്ലാം മനസ്സിലാക്കിയാണ് വോൾവോ ബസുകളുടെ കൊള്ള.

അന്യ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള എല്ലാ വോൾവോ ബസുകളുടേയും ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകുമെങ്കിലും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്കാണ് കൂടുതൽ വർധന വരുത്തുന്നത്. ഇവിടങ്ങളിൽനിന്നാണ് കൂടുതൽ യാത്രക്കാരെ ലഭിക്കുന്നത് എന്നതിനാലാണിത്. അതേസമയം, കെ.എസ്.ആർ.ടി.സി ആഘോഷ സമയങ്ങളിൽ ചാർജ് വർധിപ്പിക്കില്ല. എന്നാൽ, തിരക്കുള്ള സമയത്ത് അന്യ സംസ്ഥാനത്തുനിന്നുള്ള മലയാളികൾക്ക് കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തു നിന്നു ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഇതും സ്വകാര്യ വോൾവോ ബസുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുകയാണ്.

ഓൺലൈൻ സൈറ്റുകളിൽ നേരത്തെ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തിട്ട് ട്രാവൽ ഏജൻസികളും യാത്രക്കാരെ കൊള്ളയടിക്കുന്നുണ്ട്. യാതൊരു മാനദണ്ടവും ഇല്ലാതെ നിരക്ക് വർദ്ധിപ്പിക്കുന്നതിന് എതിരെ മുൻപും എതിർപ്പുകൾ ഉയർന്നു വന്നിട്ടുള്ളതാണ്. ഉത്സവ കാലങ്ങളിൽ വീട്ടിൽ എത്താൻ എന്ത് വില കൊടുത്തും മലയാളികൾ ശ്രമിക്കും എന്നത് മുതലെടുക്കുകയാണ് ഇത്തരം ട്രാവൽ ഏജൻസികൾ. കഴിഞ്ഞ ഓണ സമയത്തും ഇത്തരം പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ കൊ്ള്ളയെ നിയന്ത്രിക്കാൻ സർക്കാരുകളും നടപടിയെടുക്കുന്നില്ല.

ഉത്സവ കാലങ്ങളിൽ സ്‌പെഷ്യൽബസ് സർവീസുകളും ഏജൻസികൾ നടത്താറുണ്ട്. ഇതിനു പെർമിറ്റ് എവിടുന്ന് ആണെന്നോ നിലവാരമുള്ള ബസുകൾ ആണോ എന്നും ചോദിക്കരുത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് സ്‌പെഷ്യൽ ട്രെയിൻ ഒരെണ്ണം ബംഗ്ലൂരിൽ നിന്നും ഉണ്ടെങ്കിലും രാവിലെ വീട്ടിൽ എത്തണ്ട സഹാചര്യം കൊണ്ടും ജോലി കഴിഞ്ഞു പോകണ്ടവരും ബസ് സർവീസുകളെ ആണ് ആശ്രയിക്കുക. കെ എസ് ആർ ടി സി പ്രത്യേക ബസുകൾ ഓടിക്കില്ല എന്നതും ഉത്സവ കാലങ്ങളിലെ പ്രത്യേകതയാണ്. കാലാ കാലങ്ങളായി അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്യുകയാണ് ഇത്തരം ട്രാവൽസുകൾ ചെയ്യുന്നത്.

ക്രിസ്തുമസിനു ശേഷം നാട്ടിൽ നിന്ന് തിരിച്ചുള്ള ടിക്കറ്റുകളിലും നിരക്ക് വർദ്ധിപ്പിച്ചാന് ബസുകൾ ഈടാക്കുക. സാധാരണ വെള്ളി ശനി ദിവസങ്ങളിൽ നാട്ടിലേക്കും ഞായർ ദിവസം നാട്ടിൽ നിന്ന് തിരിച്ചുള്ള സർവീസുകളും നിരക്ക് കൂട്ടിയാണ് ഈടാക്കുക. എങ്കിലും ഭീമമായ വർദ്ധന ഉത്സവ സമയങ്ങളിൽ മാത്രമാണ്. നിരക്ക് വർദ്ധന കാരണം ബംഗ്ലൂരും ചെന്നൈയിലും തന്നെ ക്രിസ്തുമസ് ആഘോഷിക്കുക ആണ് മലയാളികൾ.