ജിദ്ദ: കേരളത്തിലെ തദ്ദേശ തെരെഞ്ഞെടുപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടിൽ പോയി തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളികളാവാനും വോട്ട് രേഖപ്പെടുത്താനും വേണ്ടി നാട്ടിലേക്ക് പോവുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്ത് പല തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാൻ വേണ്ടി പലരും ഇതിനകം നാട്ടിൽ എത്തിക്കഴിഞ്ഞു, പലരും വരും ദിനങ്ങളിൽ നാട്ടിലേക്ക് പോവാൻ വേണ്ടി തയ്യാറായി നിൽക്കുകയാണ്.

മലയാളി പ്രവാസികൾ ഏറെയുള്ള ജിദ്ദയിൽ നിന്നും മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നിരവധി പ്രവാസി സ്ഥാനാർത്ഥികളും ഉണ്ട്. ഇതിൽ കുടുതലും കെഎംസിസി പ്രവർത്തകരാണ്. ഒപ്പം മറ്റു പ്രവാസി സംഘടനകളായ ഒ ഐ സി സി , നവോദയ തുടങ്ങിയവരുടെ പ്രവർത്തകരും സ്ഥാനാര്ഥികളായിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം കാരണം ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇക്കാരണത്താൽ നിരവധി പ്രവാസികൾ തിരിച്ചു വരാൻ കഴിയാതെ ഇപ്പോൾ നാട്ടിൽ ഉണ്ട്. ഇവരിൽ പലർക്കും കാര്യമായ ജോലിയോ വരുമാനമോ ഇല്ല. എന്നാലും ഇത്തവണ നാട്ടിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയും എന്ന ആശ്വാസത്തിലാണ് പലരും.

മുൻ കാലങ്ങളിൽ തെരഞ്ഞടുപ്പ് കാലത്ത് വോട്ടു ചെയ്യാൻ വേണ്ടി ഒന്നോ രണ്ടോ ആഴ്ചത്തെ അവധിയിൽ നിരവധി പേർ നാട്ടിൽ പോവാറുണ്ടായിരുന്നു. എന്നാൽ മടക്ക യാത്ര അനിശ്ചിതാവസ്ഥയിൽ ആയതിനാൽ വോട്ട് ചെയ്യാൻ പോവാൻ തീരുമാനിച്ച പലരും യാത്ര റദ്ദാക്കിയിരിക്കുകയാണ്. വരുന്ന നിയമസഭാ തെരെഞ്ഞടുപ്പിനെങ്കിലും നാട്ടിൽ പോയി തിരിച്ചു വരാൻ വിമാന സൗകര്യം ഉണ്ടാവും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

തെരഞ്ഞടുപ്പ് കാലത്ത് നാട്ടിൽ പോവാൻ കഴിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി നാട്ടിലെ തെരെഞ്ഞെടുപ്പ് ചലനങ്ങൾ സസൂക്ഷ്മമായി വീക്ഷിച്ചു സ്ഥാനാർത്ഥികളുടെ ജയ - പരാജയങ്ങൾ വരെ പ്രവചിക്കുന്നവർ പ്രവാസികൾക്കിടയിൽ ധാരാളമുണ്ട്. നാടും വീടും വിട്ട് ആയിരം കാതങ്ങൾക്കുമപ്പുറത്ത് ജീവിക്കുമ്പോഴും നാട്ടിലെ രാഷ്ട്രീയ കാര്യങ്ങൾ അറിയാൻ പ്രവാസികൾ കാണിക്കുന്ന താല്പര്യം ഏറെ കൗതുകകരമാണ്.