വാഷിങ്ടൺ ഡി.സി: ജനുവരി ആറിന് ഇലക്ടറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തരമായി തെരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ പത്തോളം സെനറ്റർമാർ ഇലക്ടറൽ കമ്മീഷനെ സമീപിച്ചു.

പത്ത് ദിവസത്തിനുള്ളിൽ നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളേയും, കൃത്രിമങ്ങളേയും കുറിച്ച് വ്യക്തമായ റിപ്പോർട്ട് ലഭിക്കണമെന്നാണ് ടെഡ് ക്രൂസിനൊപ്പം റോൺ ജോൺസൺ, ജയിംസ് ലാങ്ക്ഫോർഡ്, സ്റ്റീവ് ഡെയിൻസ്, ജോൺ കെന്നഡി, മാർഷ ബ്ലാൽബേൺ, മൈക്ക് ബ്രോൺ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിന്ധ്യ ലുമിസ്, റോജർ മാർഷൽ, ബിൽ ഹേഗർട്ടി എന്നിവർ ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ സെനറ്റർ ജോഷ് ഹൗലി വോട്ട് എണ്ണുന്നതിൽ തടസവാദം ഉന്നയിച്ചതിനു പുറമെയാണിത്. പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്താണ് ജോഷ് തടസവാദം ഉന്നയിച്ചിരുന്നത്.

1969, 2001, 2005, 2019 വർഷങ്ങളിൽ ഡമോക്രാറ്റിക് സെനറ്റർമാർ ഇല്കടറൽ വോട്ടെണ്ണലിന് തടസവാദം ഉന്നയിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1877-ൽ ഇതിനു സമാനമായ തടസവാദങ്ങൾ ഉന്നയിച്ചപ്പോൾ കോൺഗ്രസ് അതിന് അനുകൂലമായ സമീപനം സ്വീകരിച്ച് പത്തു ദിവസത്തെ ഓഡിറ്റിംഗിന് ഉത്തരവിട്ടിരുന്നു. ഓഡിറ്റ് ചെയ്യുന്നത് വോട്ടിംഗിന്റെ വിശ്വാസ്യത വർധിപ്പിക്കുമെന്നും ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കി.