കണ്ണൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കണ്ണൂർ ജില്ലയിൽ കള്ളവോട്ട് വിവാദവും പൊടി പൊടിക്കാറുണ്ട്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല. എന്നാൽ കള്ളവോട്ടിന്റെ പേരിൽ എന്നും എൽ.ഡി.എഫിനെ കുറ്റം പറയുന്ന യു.ഡി.എഫുകാരും ഇത്തവണ വെട്ടിലായിരിക്കയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും കള്ളവോട്ടു ചെയ്തതിനു തെളിവ് ലഭിച്ചിരിക്കയാണ്. തെളിവ് മാത്രമല്ല കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് തളിപ്പറമ്പ് ബി. ഇ. എം. പി. സ്‌കൂളിലും കൂവേരി ഗവ. എൽ.പി. സ്‌കൂളിലും കള്ളവോട്ട് നടന്നത്. വിദേശത്തുള്ള ഒമ്പത് പേരാണ് ഇവിടെ വോട്ടു ചെയ്തതായി രേഖപ്പെടുത്തപ്പെട്ടത്.

കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ട തളിപ്പറമ്പ് കൂവേരി എൽ.പി. സ്‌കൂളിലെ ബൂത്തിൽ എൽ.ഡി.എഫുകാർ കള്ളവോട്ട് ചെയതുവെന്നാരോപിച്ച് കോൺഗ്രസ്സ് പ്രവർത്തകൻ രജിത്താണ് പരാതി നൽകിയത്. ബി. ഇ. എം. പി. സ്‌കൂളിൽ യു.ഡി.എഫുകാർ കള്ളവോട്ടു ചെയ്്തുവെന്നാരോപിച്ച് സിപിഐ.(എം). പ്രവർത്തകനായ ടി.ആർ. ശിവനും പരാതി നൽകിയിരുന്നു. ഇരുപക്ഷത്തുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ വോട്ടെടുപ്പ് ദിവസം വിദേശത്തുള്ള ഒമ്പതു പേരുടെ വോട്ട് രേഖപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതേതുടർന്ന് രണ്ടു ബൂത്തിലേയും പ്രിസൈഡിങ് ഓഫീസർമാർ ഉൾപ്പെടെ ആറ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കയാണ്.

കോടതി നിർദേശപ്രകാരം തളിപ്പറമ്പ് ട്രഷറിയിൽ സൂക്ഷിച്ച 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കയാണ്. രേഖകൾ വിശദമായി പൊലീസ് പരിശോധന നടത്തിയപ്പോൾ ഗൾഫിൽ കഴിയുന്ന അഞ്ചു പേരുടെ വോട്ടുകൾ രേഖപ്പെടുത്തിയതായും മറ്റൊരാൾ താൻ വോട്ടു ചെയ്യാൻ പോയിട്ടില്ലെന്ന് പൊലീസിന് മൊഴി നൽകുകയും ചെയ്തു. മൂന്ന് പട്ടാളക്കാരുടെ വോട്ടും ചെയ്തതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. കൂവേരിയിൽ വോട്ടു രേഖപ്പെടുത്തിയ ആറു പേരിൽ നാലു പേർ വിദേശത്താണ്. ഇവരുടെ പേരിൽ ആരെല്ലാമാണ് വോട്ടു ചെയ്തതെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയാൻ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും മുമ്പ്്് വോട്ടർമാർ ഒപ്പിടുന്ന കൗണ്ടർ ഫോയിൽ പരിശോധനക്ക് വിധേയമാക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാരായി പ്രവർത്തിച്ചവർക്കു നേരെ ഒട്ടേറെ അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആക്രമിക്കപ്പെട്ടതിൽ ഭൂരിഭാഗം പേരും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരാണ്. അതിനാൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് ബൂത്ത് ഏജന്റുമാരായി പ്രവർത്തിക്കുന്നവർക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ബൂത്ത് ഏജന്റ്മാർക്ക് നായ്ക്കുരണപ്പൊടി പ്രയോഗവും മർദ്ദനവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തലേന്നു തന്നെ ബൂത്ത് ഏജന്റ്മാരുടെ വീട്ടിൽ ചെന്ന് മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുക, ബൂത്തിലിരിക്കാൻ അനുവദിക്കാതെ അടിച്ചോടിക്കുക, തുടങ്ങിയ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എതിരാളിയുടെ ബൂത്ത് ഏജന്റുമാർക്ക് ഒട്ടേറെ ദുരിതങ്ങളേൽക്കേണ്ടി വരുന്നു.

എന്നാൽ ഇത്തവണ വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിലും ബൂത്തിൽ എന്തുനടക്കുന്നുവെന്ന് കൺട്രോൾ റൂമിലിരുന്ന് മനസ്സിലാക്കാനുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും പ്രിസൈഡിങ് ഓഫീസറുടേയും ഒരു പോളിങ് ഓഫീസറുടേയും മൊബൈൽ ഫോണിൽ ഈ ആപ്ലിക്കേഷനുണ്ടാകും. വോട്ടെടുപ്പിന്റെ തലേന്ന് യന്ത്രങ്ങളുമായി ബൂത്തുകളിലേക്ക് പുറപ്പെടുന്നതു മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരികെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തെരഞ്ഞെടുപ്പ് സാമഗ്രികൾ തിരിച്ചേൽപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ജില്ലകളിലും സംസ്ഥാനത്തുമുള്ള കൺട്രോൾ റൂമിൽ എത്താനുള്ള സംവിധാനമൊരുക്കും. തെരഞ്ഞെടുപ്പ് അക്രമത്തിന് അറുതി വരുത്താൻ ഈ സംവിധാനം കൊണ്ട് കഴിയുമോ എന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയും.