ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കു പിന്തുണയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യാനാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസ് നേതാവു രംഗത്തെത്തിയത്.

ഡൽഹിയുടെ വികസനത്തിനും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുാനും ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന ട്വീറ്റിലൂടെയാണ് തങ്ങളുടെ പിന്തുണ എഎപിക്കാണെന്നു മമത വ്യക്തമാക്കിയത്. ശാരദ ചിട്ടിതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സിബിഐയെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുകയാണ് കേന്ദ്രസർക്കാരെന്നു ആരോപിച്ച് മമത ബാനർജിയും ബിജെപി നേതാക്കളും പലതവണ വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു.

നേരത്തെ സിപിഎമ്മുൾപ്പെടെ ഇടതുകക്ഷികൾ തങ്ങൾ മത്സരിക്കാത്ത സീറ്റുകളിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. ബിജെപിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്താൻ കഴിയുന്ന ശക്തിയെന്ന നിലയിലാണ് എഎപി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കിയിരുന്നു.

ബംഗാളിൽ ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളികളായ തൃണമൂലും ഇപ്പോൾ എഎപിയെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. ആംആദ്മി പാർട്ടി ഇത്തവണ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. പ്രചാരണത്തിന്റെ അവസാനദിവസം സ്വന്തം മണ്ഡലത്തിലടക്കം പ്രചാരണം നടത്തി വോട്ടുറപ്പിക്കുകയായിരുന്നു കിരൺ ബേദി.

ന്യൂ ഡൽഹി മണ്ഡലത്തിലെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രചാരണപരിപാടിയിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. പണവും മദ്യവും നൽകി ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നു കെജ്‌രിവാൾ ആരോപിച്ചു. റാലികളിലൂടേയും പദയാത്രകളിലൂടെയും കെജ്രിവാൾ ന്യൂ ഡൽഹി മണ്ഡലത്തിന്റെ പരമാവധി പ്രദേശങ്ങളിലിലെത്തി. കേരളത്തിൽ നിന്നുള്ള എഎപി പ്രവർത്തകരും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു.

കൃഷ്ണനഗറിലും മംഗോൽപുരിയിലുമാണ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം കിരൺ ബേദി ചെലവഴിച്ചത്. റോഡ്‌ഷോകൾക്കും പ്രചാരണയോഗങ്ങൾക്കും വളരെ വൈകിയാണ് ബേദിയെത്തിയത്. ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ റാലി നടത്തിയപ്പോൾ ഹർഷവർദ്ധൻ, വിജയ് ഗോയൽ എന്നീ നേതാക്കൾ പദയാത്ര നടത്തി. അജയ് മാക്കൻ ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളും സ്വന്തം മണ്ഡലങ്ങളിലാണ് പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.