തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികൾക്ക് 2010നേക്കാൾ വോട്ട് ശതമാനം ഗണ്യമായി ഇടിഞ്ഞു. ബിജെപിക്ക് ഇരട്ടിയിലധികമായി വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു. 

ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിരിക്കുന്നത് 37.36 ശതമാനം വോട്ടാണ്. യു.ഡി.എഫിന് 37.23ശതമാനവും. കഴിഞ്ഞതവണ ഇടത് മുന്നണിക്ക് 39.36 ശതമാനം വോട്ട് ലഭിച്ചിരുന്ന്. ഇക്കുറി 2.13ശതമാനത്തിന്റെ കുറവ്. എങ്കിലും ഏറ്റവുമധികം വോട്ട് നേടിയത് ഇടതുമുന്നണിയാണ്. യു.ഡി.എഫാകട്ടെ കഴിഞ്ഞ തവണത്തെ 45.55 ശതമാനത്തിൽ നിന്നാണ് 37.23 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. 8.32 ശതമാനത്തിന്റെ ഇടിവ്.

ബിജെപി മുന്നണി കഴിഞ്ഞതവണ നേടിയ 6.05 ശതമാനത്തിൽ നിന്നാണ് വോട്ട് നില 13.28ലേക്ക് ഉയർത്തി്. സ്വതന്ത്രർ ഉൾപ്പെടെ മറ്റുള്ളവരുടെ വോട്ട് നിലയും ഇരട്ടിയായി. 6.53ൽ നിന്ന് 12.12 ശതമാനത്തിലേക്കാണ് ഉയർന്നത്. ഇടത്, വലത്, ബിജെപി മുന്നണികളോടൊപ്പം നിന്ന സ്വതന്ത്രരെയും ഉൾപ്പെടുത്തിയുള്ള വോട്ട് നിലയാണിത്.

ആകെ പോൾ ചെയ്ത വോട്ടിൽ എൽ.ഡി.എഫിന് 74,01,160ഉം, യു.ഡി.എഫിന് 73,76,752 ഉം ബിജെപി മുന്നണിക്ക് 26,31,271ഉം മറ്റുള്ളവർക്ക് 24,01,153ഉം ലഭിച്ചു. ഇതിൽ നഗരസഭകളിൽ എൽ.ഡി.എഫിന് 14,62,902ഉം യു.ഡി.എഫിന് 15,03,343 ഉം ബിജെപി മുന്നണിക്ക് 6,41,198 ഉം വോട്ടാണ് ലഭിച്ചത്. മറ്റുള്ളവർക്ക് 5,74,194വോട്ട് കിട്ടി. ഗ്രാമതലങ്ങളിൽ എൽ.ഡി.എഫിന് 59,38,258ഉം യു.ഡി.എഫിന് 58,73,409ഉം ബിജെപി മുന്നണിക്ക് 19,90,073ഉം മറ്റുള്ളവർക്ക് 18,26,959 ഉം വോട്ട് ലഭിച്ചു.

ഗ്രാമീണ തലത്തിൽ 10.56 ശതമാനം വരുന്ന 16,50,439 വോട്ടുകളും നഗരതലങ്ങളിൽ 12.07 ശതമാനം വരുന്ന 5,04,727 വോട്ടുകളും മറ്റുള്ളവരുടെ ഗണത്തിലാണുള്ളത്