കൊച്ചി: വിരലിൽ മഷിയും പുരട്ടി രജിസ്റ്ററിൽ ഒപ്പും വച്ച ശേഷം കന്നി വോട്ടകാർ മുങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിസന്ധയിലാക്കി. ഒടുവിൽ വീട് തേടിപ്പിടിച്ച് ഇയാളെ കണ്ടെത്തി ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിച്ചു. എറണാകുളം സെന്റ് ആന്റണീസ് ചർച്ച് ഹാളിലെ ബൂത്തിലാണ് സംഭവം. കന്നി വോട്ടുകാരൻ മുങ്ങിയതോടെ വോട്ടിങ് തടസപ്പെടുകയും ഉദ്യോഗസ്ഥർ വെട്ടിലാകുകയും ചെയ്തു.

ഇയാളുടെ വോട്ട് പോൾ ചെയ്യാതെ അടുത്ത വോട്ടർക്ക് വോട്ട് ചെയ്യാനാകില്ലെന്ന് വന്നതോടെ പയ്യനെ തപ്പിയെടുത്തുകൊണ്ടു വന്ന് വോട്ട് ചെയ്യിക്കുകയായിരുന്നു. അടുത്ത വോട്ടർക്ക് വേണ്ടി മെഷീൻ തയ്യാറാക്കുമ്പോഴാണ് തൊട്ടു മുൻപിലെ ആൾ വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായത്.

അടുത്ത ആൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകാൻ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർ ആവശ്യപ്പെട്ടെങ്കിലും അത് സാധ്യമല്ലെന്ന് പ്രിസൈഡിങ് ഓഫീസർ വ്യക്തമാക്കി. ഇതേതുടർന്ന് ഇയാളുടെ വീട് കണ്ടെത്തി ആളെ ബൂത്തിൽ എത്തിക്കുകയായിരുന്നു.