ബെംഗളൂരു; ആർക്ക് വോട്ടു ചെയ്താലും വോട്ട് വീഴുന്നത് ബിജെപിയുടെ പെട്ടിയിലെന്നാണ് ആരോപണം. മുൻപ് പലതവണ പലയിടത്തും ഇത്തരത്തിൽ വോട്ടിങ് മെഷീനിൽ ബിജെപി ക്രിതൃമം കാണിച്ചതായി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനു അന്വേഷണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും ഒരിടത്തും എത്തിയില്ലായെന്നതാണ് വാസ്തവം. എന്നാൽ ഇത്തവണ ആരോപണവുമായി എത്തിയത് സൂപ്രീം കോടതി അഭിഭാഷകനാണ്. പിന്നാലെ പരിശോധിച്ച് റീകൗണ്ടിങ് നടത്താൻ തിരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവുമെത്തി. ആരോപണം സത്യമാകുമോ എന്ന ആശങ്കയിലാണ് ബിജെപി പ്രവർത്തകരും.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിനിടെ ബെംഗളൂരുവിലെ ഒരു ബൂത്തിൽ ആർക്കു വോട്ട് ചെയ്താലും അതു രേഖപ്പെടുത്തുക ബിജെപി സ്ഥാനാർത്ഥിയുടെ പേരിനു നേർക്കാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുംമായ ബ്രിജേഷ് കലപ്പ രംഗത്തെത്തിയത. പരാതിക്കു പിന്നാലെ ഇവിടത്തെ വോട്ടെടുപ്പ് റദ്ദാക്കി. ബൂത്തിൽ വീണ്ടും വോട്ടെടുപ്പു നടത്തുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മെയ്‌ 14നായിരിക്കും വീണ്ടും വോട്ടെടുപ്പ്. ഹെബ്ബാൾ മണ്ഡലത്തിലെ 158-ാം നമ്പർ ബൂത്തിലാണ് ആർക്കു വോട്ടു ചെയ്താലും അത് ബിജെപി സ്ഥാനാർത്ഥിക്കു പോകുന്നുവെന്ന ആരോപണം ഉയർന്നത്

 വോട്ടിംഗ യന്ത്രത്തിലെ ഈ ക്രമക്കേടിൽ പ്രതിഷേധിച്ച് പലരും വോട്ടു ചെയ്യാതെ മടങ്ങുകയാണെന്ന ട്വീറ്റോടു കൂടിയായിരുന്നു വിവാദത്തിന്റെ തുടക്കം. ഇതിനെ പ്രതിരോധിച്ചു കൊണ്ട് ബിജെപി അനുഭാവികൾ ഉൾപ്പെടെ രംഗത്തെത്തി. തങ്ങൾ വോട്ടു ചെയ്തത് ഇതേ ബൂത്തിലാണെന്നും പ്രശ്‌നമില്ലെന്നും കാണിച്ചു വിഡിയോ സഹിതമാണു ചിലർ എതിർ ട്വീറ്റുകളുമായെത്തിയത്.

എന്നാൽ ബൂത്തിൽ 'പ്രശ്‌ന'മുണ്ടായെന്നു സ്ഥിരീകരിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ വോട്ടെടുപ്പു മാറ്റുകയായിരുന്നു. എന്നാൽ എന്താണു പ്രശ്‌നമെന്നു വ്യക്തമാക്കിയിട്ടില്ല. ചില 'വിവരദോഷികൾ' എനിക്കെതിരെ ട്വീറ്റുമായി രംഗത്തിറങ്ങിയിരുന്നല്ലോ, അവരൊന്നു മുന്നോട്ടു വരൂ...പ്ലീസ്' എന്ന ട്വീറ്റുമായിട്ടായിരുന്നു ബ്രിജേഷ് ആഞ്ഞടിച്ചത്.

രാവിലെ എട്ടോടെയായിരുന്നു ബ്രിജേഷിന്റെ ആദ്യ ട്വീറ്റ്. ബെംഗളൂരുവിലെ ആർഎംവി സ്റ്റേജ് ടുവിലെ 'സ്റ്റെർലിങ് റെസിഡൻസി'ക്ക് എതിർവശത്തുള്ള പോളിങ് സ്റ്റേഷനിലെ അഞ്ചു ബൂത്തുകളിലൊന്നിലായിരുന്നു പ്രശ്‌നം. ബ്രിജേഷിനും മാതാപിതാക്കൾക്കും ഇവിടെയായിരുന്നു വോട്ട്. ഇവിടത്തെ രണ്ടാം നമ്പർ ബൂത്തിൽ ആർക്കു വോട്ടു ചെയ്യാൻ ബട്ടൻ അമർത്തിയാലും അത് 'താമര'യ്ക്കാണു പോകുന്നതെന്നായിരുന്നു ആദ്യ ട്വീറ്റ്.

ഇതിൽ ദേഷ്യപ്പെട്ടു വോട്ടർമാർ തിരികെ പോകുകയാണെന്നും പരാതിപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം അടുത്ത ട്വീറ്റ്- 'രണ്ടാം നമ്പർ ബൂത്തിൽ വോട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. വോട്ടിങ് യന്ത്രത്തിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രത്തിലും ക്രമക്കേടെന്നാരോപിച്ചാണ് നിർത്തിവച്ചിരിക്കുന്നത്. പക്ഷേ കോൺഗ്രസ് വോട്ടർമാർ നിരാശപ്പെടരുത്. വോട്ടു ചെയ്യണം, ഒരു മാറ്റമുണ്ടാക്കണം.

രാമനഗര, ചാമരാജ്‌പേട്ട്, ഹെബ്ബാൾ എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളിലും ക്രമക്കേടുണ്ടെന്ന പരാതി ലഭിച്ചതായും ബ്രിജേഷ് വ്യക്തമാക്കി. ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനെ കോൺഗ്രസ് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം നമ്പർ ബൂത്തിലെ പ്രശ്‌നങ്ങൾ പതിനൊന്നു മണിയോടെ പരിഹരിച്ചതായും വോട്ടിങ് പുനരാരംഭിച്ചതായും ബ്രിജേഷ് പിന്നീട് ട്വീറ്റ് ചെയ്തു. അതിനിടെയാണു ബ്രിജേഷിന്റെ ട്വീറ്റിനെതിരെ ഒട്ടേറെ പേർ രംഗത്തെത്തിയത്.

വോട്ടുരസീത് പരിശോധിച്ചാൽ ബ്രിജേഷിന്റെ ആരോപണം തെറ്റാണെന്നു തെളിയും. വോട്ടർമാർ യാതൊരു പരാതിയും ഇതേവരെ പറഞ്ഞിട്ടില്ലെന്നും ബിജെപി പ്രവർത്തകർ ഉൾപ്പെടെ ട്വീറ്റ് ചെയ്തു. ബെംഗളൂരുവിലെ ഏഴിടത്ത് ഇത്തവണ മൂന്നാം തലമുറ മോഡൽ(എം 3) വോട്ടിങ് യന്ത്രങ്ങളാണു പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്. എന്നാൽ ഈയിടങ്ങളിൽ ഹെബ്ബാൾ ഉൾപ്പെട്ടിട്ടില്ല.