ന്യൂഡൽഹി: അടുത്തിടെ കഴിഞ്ഞ യുപി, ഉ്ത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ബിജെപിയും സഖ്യകക്ഷികളും വൻ വിജയം നേടിയതോടെ എതിർവാദം ഉയർന്നത് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ചുവെന്നായിരുന്നു. യുപിയിൽ മായാവതിയും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളും ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട പ്രതിപക്ഷ കക്ഷികൾ ഇത്തരമൊരു ആരോപണം ഉന്നയിച്ചാണ് ബിജെപിയുടെ വിജയത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്.

പക്ഷേ, രാജ്യത്തെ ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഈയൊരു പ്രതികരണത്തെ ശക്തമായാണ് നേരിട്ടത്. വോട്ടിങ് മെഷീന്റെ സത്യസന്ധത ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്ത് തെളിയിക്കാൻ ഉറച്ച് അവർ രംഗത്തുവന്നു. ഒടുവിൽ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ കഴിയുമെന്ന രാഷ്ട്രീയ പാർട്ടികളുടെ വെല്ലുവിളിയിൽ തിരഞ്ഞെടുപ്പു കമ്മിഷന് തന്നെ വിജയമുണ്ടായി എന്ന വർത്തമാനമാണ് ഇന്ന ്പുറത്തുവരുന്നത്.

ശനിയാഴ്ച രാവിലെ പത്തുമണിക്കു നടന്ന ഇവി എം ചലഞ്ചിൽ പങ്കെടുത്ത സി.പി.എം, എൻസിപി എന്നീ രണ്ടു രാഷ്ട്രീയ പാർട്ടികളും വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമതയിൽ വിശ്വാസം പ്രകടിച്ചു. സിപിഎമ്മും എൻസിപിയും മാത്രമാണ് ചലഞ്ചിൽ പങ്കെടുക്കാനുണ്ടായിരുന്നത്.

''ചലഞ്ചിനെത്തിയ സി.പി.എം പാർട്ടി വോട്ടിങ് യന്ത്രത്തിൽ മോക് പോൾ ആണ് നടത്തിയത്. അവർ യന്ത്രങ്ങളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ചു. എന്നാൽ എൻസിപി അംഗങ്ങൾ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനുമാണ് എത്തിയത്'' ഇവി എം ചലഞ്ചിനു ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പല രാഷ്ട്രീയ പാർട്ടികൾ നേരത്തേ നടന്ന ചില തിരഞ്ഞെടുപ്പുകളിൽ തിരിമറി ആരോപിച്ച സാഹചര്യത്തിലാണ് അതു തെളിയിക്കാൻ കമ്മിഷൻ വെല്ലുവിളിച്ചത്. എല്ലാ പാർട്ടികൾക്കും അവസരം ലഭ്യമായിരുന്നു. എന്നാൽ വെല്ലുവിളി സ്വീകരിക്കാൻ തയാറായത് എൻസിപിയും സിപിഎമ്മും മാത്രമാണ്.

കമ്മിഷൻ, പാർട്ടി പ്രതിനിധികൾ, വിദഗ്ദ്ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവി എം ചലഞ്ച് നടന്നത്. ഈ നടപടിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇ.വി എം) കൃത്രിമം നടന്നുവെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. കാര്യങ്ങളിൽ ഒരുവട്ടം കൂടി ഉറപ്പുവരുത്താനാണ് ഇന്ന് ചലഞ്ച് സംഘടിപ്പിച്ചത്.

എല്ലാ വോട്ടും ബിജെപിക്ക് വീഴുന്നുവെന്ന ആക്ഷേപമാണ് യുപിയിലും ഉത്തരാഖണ്ഡലും നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷം ഉയർത്തിയത്. എങ്കിൽ മായാവതിക്കും മറ്റു കക്ഷികൾക്കും ഒരു വോട്ടുപോലും കിട്ടില്ലായിരുന്നല്ലോ എന്ന മറുവാദം അന്നുതന്നെ ഉയരുകയും ചെയ്തു. ഇത് തെളിയിക്കപ്പെട്ടിരിക്കുയാണ് ഇപ്പോൾ.

സർവകക്ഷി യോഗത്തിനുശേഷം വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ കഴിയുമെന്ന് തെളിയിക്കാൻ ഹാക്കർമാർക്ക് കമ്മിഷൻ അവസരം ഒരുക്കുമെന്നും വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ ഹാക്കർമാർക്ക് അവസരം നൽകുന്നതിനുമുമ്പ് അവ വിശദമായി പരിശോധിക്കാനുള്ള അവസരം രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് നൽകുമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചത് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയാണെന്ന ആരോപണമാണ് ശക്തമായി ഉയർന്നത്. അരവിന്ദ് കെജ്രിവാളാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടത് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതുമൂലമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പിന്നാലെ മറ്റുപാർട്ടികളും സമാനമായ ആരോപണം ഉന്നയിച്ചു. തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്ത് പാർട്ടികളുടെ പ്രതിനിധികൾ രാഷ്ട്രപതിയെ സന്ദർശിച്ച് പരാതി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം തിരഞ്ഞെടുപ്പ് തോൽവി മറയ്ക്കാനുള്ള തന്ത്രം മാത്രമായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചലഞ്ചിൽ.

ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പരാതിയിലായിരുന്നു കോടതി ഉത്തരവ്. കടുത്ത സമ്മർദ്ദത്തെ തുടർന്ന് അധിക സുരക്ഷാ സംവിധാനങ്ങളുടെ പുതിയ വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ തിരഞ്ഞെടുപ്പ് കമ്മിഷന് 3000 കോടിരൂപ അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ യന്ത്രങ്ങളിൽ കൃത്രിമം നടന്നില്ലെന്ന് പാർട്ടികൾക്ക് തന്നെ വ്യക്തമായതോടെ ഇക്കാര്യത്തിൽ ആശങ്ക നീങ്ങിയിരിക്കുകയാണ് ഇപ്പോൾ.