- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തു വോട്ടിങ് യന്ത്രം കേടായതിൽ അസ്വാഭാവികതയെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ; സാങ്കേതിക തകരാറെന്നു പറയാനാകില്ല; മലപ്പുറത്തെ 105 ബൂത്തുകളിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി; തൃശൂരിൽ ഒമ്പതിടത്തും റീപോളിങ്: വിരൽ ചൂണ്ടുന്നത് അട്ടിമറി സാധ്യതയിലേക്ക്
മലപ്പുറം/തൃശ്ശൂർ/തിരുവനന്തപുരം: മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായതിൽ അസ്വാഭാവികതയുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. മലപ്പുറത്തെ 105 ബൂത്തിലും തൃശൂരിലെ ഒമ്പതിടത്തും നാളെ രാവിലെ ഏഴുമുതൽ റീപോളിങ് നടത്തുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ കെ ശശിധരൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്രയധികം ബൂത്തുകളിൽ യന്ത്രം കേ
മലപ്പുറം/തൃശ്ശൂർ/തിരുവനന്തപുരം: മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായതിൽ അസ്വാഭാവികതയുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. മലപ്പുറത്തെ 105 ബൂത്തിലും തൃശൂരിലെ ഒമ്പതിടത്തും നാളെ രാവിലെ ഏഴുമുതൽ റീപോളിങ് നടത്തുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ കെ ശശിധരൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്രയധികം ബൂത്തുകളിൽ യന്ത്രം കേടായത് ഗൗരവതരമായ വിഷയമാണ്. ഇതെക്കുറിച്ച് അന്വേഷണം നടത്തണം. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പിന്നീടു തീരുമാനിക്കുമെന്നും ശശിധരൻ നായർ പറഞ്ഞു.
മലപ്പുറം കലക്ടർ ടി ഭാസ്‌കരന്റെ പ്രവൃത്തികളിൽ സംശയം തോന്നുന്നുവെന്ന തരത്തിലായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷണറുടെ പ്രതികരണം. വോട്ടിങ് യന്ത്രങ്ങളിൽ തകരാറുണ്ടായ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കൃത്യസമയത്ത് അറിയിക്കുന്നതിൽ മലപ്പുറം കലക്ടറിൽ നിന്നു വീഴ്ചയുണ്ടായതായാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ സൂചിപ്പിച്ചത്.
നേരത്തെ, മലപ്പുറത്ത് വോട്ടിങ് യന്ത്രം തകരാറിൽ ആയ 105 ബൂത്തുകളിൽ നാളെ റീപോളിങ് നടത്തണമെന്നു കലക്ടർ ടി ഭാസ്‌കരൻ തെരഞ്ഞെടുപ്പ് കമ്മീഷനു ശുപാർശ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചാൽ നാളെ രാവിലെ ഏഴുമുതൽ റീപോളിങ് നടത്താമെന്നും കലക്ടർ അറിയിച്ചു.
യന്ത്രം കേടായതിനാൽ വോട്ടിങ് വൈകി ആരംഭിച്ച 200ലേറെ വരുന്ന പോളിങ് ബൂത്തുകളിൽ വോട്ടിങ് സമയം നീട്ടി നൽകിയിരുന്നു. അഞ്ച് മണിക്ക് തീരേണ്ട പോളിങ് ഏഴ് മണിയാക്കിയാണ് നീട്ടിയത്. അതേസമയം യന്ത്രത്തകരാറിനെ തുടർന്ന് വോട്ടിങ് വീണ്ടും ആരംഭിക്കാൻ സാധിക്കാത്തതിനാലാണ് 105 ബൂത്തുകളിൽ നാളെ റീപോളിംഗിന് കലക്ടർ ശുപാർശ ചെയ്തത്. ജില്ലയിലെ 13 പഞ്ചായത്തുകളിലായുള്ള ബൂത്തുകളിലാണ് റീപോളിങ് നടക്കുക. ഇത്രയധികം വോട്ടിങ് യന്ത്രങ്ങളിൽ തകരാറു വന്നത് അട്ടിമറിയാണോയെന്ന സംശയമാണ് വിവിധ കോണിൽ നിന്നുയരുന്നത്. ഗുരുതരമായ വിഷയമാണെന്നു തെരഞ്ഞെടുപ്പു കമ്മീഷനു തന്നെ പറയേണ്ടി വരുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങിയിരിക്കുന്നത് എന്നതും അട്ടിമറി സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്.
മലപ്പുറം കളക്ടറുമായി എംഎൽഎമാരും പാർട്ടികളുടെ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരത്തെ കളക്ടർ ടി ഭാസ്‌കരന്റെ ചേമ്പറിൽ ലീഗ് എംഎൽഎരും സിപിഐഎം നേതാക്കളും കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. വോട്ടിങ് സമയം രാത്രി ഒമ്പത് മണിവരെയാക്കണമെന്ന് ലീഗ്, കോൺഗ്രസ്, സിപിഐഎം നേതാക്കൾ കളക്ടറോട് ആവശ്യപ്പെട്ടതെങ്കിലും അഞ്ച് മണി എന്ന മുൻ നിലപാടിൽ കളക്ടർ ഉറച്ചു നിന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഏഴ് മണിയാക്കാൻ കളക്ടർ തയ്യാറാകുകയായിരുന്നു. ലീഗിന്റെ എട്ട് എംഎൽഎമാരും സിപിഐഎം നേതാക്കളും ഒരുമിച്ച് കളക്ടറുമായി ചർച്ച നടത്തി.
ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ നാല് ബൂത്തുകളിലും നാളെ റീപോളിങ് നടക്കും. തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ രണ്ടു ബൂത്തുകൾ, തിരുവില്വാമല, പഴയന്നൂർ എന്നിവിടങ്ങളിലെ ഓരോ വീതം ബൂത്തിലുമാണു നാളെ റീപോൡങ് നടക്കുക. യന്ത്രതകരാർ മൂലം നിർത്തിവച്ച പോളിങ് പുനരാരംഭിക്കാൻ സാധിക്കാത്തതു കൊണ്ടാണ് ഇവിടങ്ങളിലും റീപോളിങ് നടക്കുന്നത്. നേരത്തെ വോട്ടിങ് യന്ത്രം പണിമുടക്കിയ മലപ്പുറത്ത് 227 ബൂത്തുകളിലെ പ്രശ്‌നം പരിഹരിച്ച് വോട്ടിങ് തുടങ്ങിയിരുന്നു.
മലപ്പുറം ജില്ലയിൽ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമം. ജില്ലയിലെ 270 പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായി കാണപ്പെട്ടത് ആസൂത്രിതമായ അട്ടിമറിയാണെന്നാണ് വിലയിരുത്തലുണ്ടായത്. ഇത് അട്ടിമറിയെന്നാണ് പൊതുവിലയിരുത്തൽ. സെല്ലോ ടോപ്പും സ്റ്റിക്കറും ഒട്ടിച്ചും പേപ്പറും തിരുകിയ നിലയിലാണ് വോട്ടിങ് യന്ത്രങ്ങൾ കാണപ്പെട്ടത്. ഇതോടെ രാവിലെ ഇവിടങ്ങളിൽ വോട്ടിങ് നിർത്തിവെക്കേണ്ടി വന്നു.
മുസ്ലിംലീഗും കോൺഗ്രസും പരസ്പ്പരം മത്സരിക്കുന്ന സ്ഥലങ്ങളിലാണ് വോട്ടിങ് യന്ത്രം വ്യാപകമായി തകരാറിലായത്. ഇതാണ് അട്ടിമറിയെന്ന സംശയം ബലപ്പെടുത്തുന്നത്. അതേസമയം വോട്ടിങ് യന്ത്രം തകരാറിലായ സാഹചര്യത്തിൽ ഇലക്ഷൻ കമ്മീഷണർ അടിയന്തിരമായി മലപ്പുറം ജില്ലാ കലക്ടറോടും എസ്‌പിയോടും വിശദീകരണം തേടി. യന്ത്രങ്ങളിൽ വ്യാപകമായി പേപ്പറും സെല്ലോടേപ്പും ഒട്ടിച്ചത് ആസൂത്രിതമായി അട്ടിമറിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും വിലയിരുത്തുന്നത്.
യഥാർഥ പോളിങ്ങിന് അര മണിക്കൂർ മുൻപ് നടന്ന മോക്ക് പോളിങ്ങിൽ ഇത്തരത്തിൽ ഒരു പരാതിയും ഉയർന്നിരുന്നില്ല. ചില യന്ത്രങ്ങളിൽ പശ ഒഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം യന്ത്രതകരാർ അല്ല ഉദ്യോഗസ്ഥരുടെ പരിയച്ചകുറവാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മലപ്പുറം ജില്ലാകല്കടർ ഭാസ്‌കരൻ പ്രതികരിച്ചത്. ഉദ്യോഗസ്ഥർക്കുള്ള പരിചയക്കുറവാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഉദ്യോഗസ്ഥർ പരിശീലനങ്ങളിൽ അടക്കം പങ്കെടുത്തിരുന്നില്ല. ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാനായിരുന്നു ഇവരുടെ ശ്രമം. ഇങ്ങനെ വിട്ടുനിന്നവർക്കാണ് യന്ത്രത്തിലെ പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നും കലക്ടർ പറഞ്ഞു.
അതേസമയം സ്ഥിതി ഗുരുതരമാണെന്നാണ് ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. വോട്ടിംഗിന് കൂടുതൽ സമയം അനുവദിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. യന്ത്ര തകരാർ കോൺഗ്രസ് ലീഗ് തർക്കം കാരണമെന്നു ചിത്രീകരിക്കേണ്ടതില്ലെന്നം മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റക്കെട്ടായി മത്സരിക്കുന്നയിടത്തും തകരാറുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തൃശൂരിൽ അറുപതിലേറെ കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങളാണ് പണിമുടക്കിയത്. ആറുകേന്ദ്രങ്ങളിൽ വോട്ടെടുപ്പ് ആരംഭിക്കാനും സാധിച്ചില്ല. കൂട്ട യന്ത്രത്തകരാറിൽ സംശയം പ്രകടിപ്പിച്ച് സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി. യന്ത്രത്തകരാർ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും സിപിഐ(എം) ആരോപിച്ചു. അതേസമയം മലപ്പുറത്തും തൃശൂരും വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയ സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടോയെന്നു പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ആവശ്യപ്പെടുകയുണ്ടായി.
മലപ്പുറത്തെ ഗ്രാമീണ മേഖലകളിൽ മാത്രമാണ് യന്ത്രത്തകരാർമൂലം വോട്ടിങ് മുടങ്ങിയത്. ഒരൊറ്റ നഗരസഭയിൽപോലും വോട്ടിങ് മുടങ്ങിയിട്ടില്ല. ജില്ലയിലേക്ക് ആകെ 5,000 യന്ത്രങ്ങളാണു കൊണ്ടുവന്നത്. ആദ്യഘട്ട പരിശോധനയിൽ 150ൽ അധികം യന്ത്രങ്ങൾക്കു തകരാർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യന്ത്രങ്ങൾക്കു തകരാർ കണ്ടെത്തിയതു മലപ്പുറത്തായിരുന്നു. ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (ഇസിഐ) യിൽനിന്ന് എൻജിനീയർമാരെത്തിയാണു തകരാർ പരിഹരിച്ചത്.