കൊൽക്കത്ത: കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദൽ രേഖ നാളെ കേന്ദ്രകമ്മിറ്റിയിൽ വോട്ടെടുപ്പിനിടും. ഇന്ന് നടന്ന ചർച്ചയിൽ സംസാരിച്ച മുപ്പത്തോളം പേർ യെച്ചൂരിയെ പിന്തുണച്ചെങ്കിലും ഭൂരിപക്ഷവും കോൺഗ്രസുമായി ഒരു രീതിയിലുമുള്ള സഹകരണം പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്.

സിപിഎമ്മിന്റെ ബംഗാൾ, ത്രിപുര ഘടകങ്ങളെല്ലാം പ്രാദേശിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് കോൺഗ്രസുമായി സഹകരിക്കണം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എട്ട് സംസ്ഥാന കമ്മിറ്റികളും ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാരടക്കമുള്ളവരും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു സംസാരിച്ചെങ്കിലും പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കേരളഘടകവും ഇതിനെ ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു. നാളെ നടക്കുന്ന വോട്ടെടുപ്പിൽ യെച്ചൂരിയുടെ ബദൽ രേഖ പരാജയപ്പെടും എന്ന കാര്യം ഉറപ്പാണ്.

താൻ അവതരിപ്പിക്കുന്ന ബദൽ രേഖ വോട്ടിനിട്ട് തള്ളിയാൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കും എന്ന നിലപാടിലാണ് സീതാറാം യെച്ചൂരി. എന്നാൽ അത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ഈ ഘട്ടത്തിൽ പോകേണ്ടതില്ലെന്നാണ് സിപിഎം ബംഗാൾ ഘടകത്തിന്റെ നിലപാട്.