ബംഗളുരു: കർണാടകയിലെ ആർആർ (രാജരാജേശ്വരി) നഗർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു. മണ്ഡലത്തിൽനിന്നു പതിനായിരത്തിലധികം തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബംഗളുരുവിലെ രാജരാജേശ്വരി മണ്ഡലത്തിൽ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിൽനിന്നാണു പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതത്. കോൺഗ്രസുമായി അടുപ്പമുള്ള സ്ത്രീയാണ് ഫ്‌ളാറ്റിന്റെ ഉടമസ്ഥയെന്ന് ബിജെപി ആരോപിക്കുന്നു.

അതേസമയം ഫ്‌ളാറ്റിന്റെ ഉടമസ്ഥൻ ബിജെപി ടിക്കറ്റിൽ മത്സരിച്ചതിന്റെ രേഖകൾ കോൺ്ഗ്രസ് പുറത്തുവിട്ടു. ഫ്‌ളാറ്റിന്റെ ഉടമസ്ഥയായ മഞ്ജുളയും രാകേഷും ബിജെപി ബന്ധമുള്ളവരാണെന്നും ഇരുവരും ബംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നുവെന്നും കോൺ്ഗ്രസ് വക്താവ് രണ്ദീപ് സിങ് സുർജേവാല ആരോപിച്ചു.

സംഭവത്തിൽ കോൺ്ഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരുന്നു. ആർആർ നഗർ എംഎൽഎ മുനിരത്‌നയെ പ്രതിചേർത്ത് പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിലെ എല്ലാ വിവരങ്ങളും പുറത്തുവിടാനാകില്ലെന്നും എന്നാൽ നിലവിലെ എംഎൽഎ കേസിൽ പ്രതിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.