രിയാണ്, മുത്വലാഖ് ഫാസിസ്‌ററ് സർക്കാറിന്റ കയ്യിലെ ഇരുതലമൂർച്ചയുള്ള ആയുധം തന്നെയാണ്. പക്ഷെ, ആരാണ് അവർക്ക് അത് കയ്യിൽവെച്ചുകൊടുത്തതെന്ന് ആ വാദം ശക്തമായി ഉന്നയിക്കുന്നവർ തന്നെ പറയാനും കേൾക്കാനും ബാധ്യസ്ഥരാണ്. ആ പാതകം ഏതാനും മുസ്ലിം സ്ത്രീകളുടെ പിടലിയിൽവെച്ചുകെട്ടി കണ്ണിൽപൊടിയിടാനുള്ള വേലകൾ തൽക്കാലം മാറ്റിവെക്കുക. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഷാബാനു എന്ന മുസ്ലിം സ്ത്രീ നിയമ പോരാട്ട·ത്തിലൂടെ നേടിയെടുത്ത· വിധിക്കെതിരെ ഉറഞ്ഞു തുള്ളിയവർ, യഥാർഥത്തിൽ അന്നു തന്നെ രാജ്യത്തെ· മുസ്ലിംകളുടെ ഇനിയങ്ങോട്ടുള്ള മനോഭാവത്തിന്റെ ദിശ കൃത്യമായി വെളിവാക്കി നൽകുകയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും ശത്രുപാളയത്ത·ിൽ നിൽക്കുന്നവർക്ക് കൃത്യമായി അളന്നെടുക്കാൻ പാകത്തിൽതന്നെ. പിന്നീടതൊരിക്കലും തെറ്റിയിട്ടുമില്ല.

ഇന്ത്യൻ ഭരണഘടന വിശാലാർഥത്തിൽ വിഭാവനം ചെയ്ത സമൂഹ്യനീതിയിലേക്ക് ഇസ്ലാമിക ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ ഒരു മുസ്ലിം സ്ത്രീ കൈപിടിച്ചുയർത്തപ്പെട്ടപ്പോൾ അതിനോടുള്ള സമീപനത്തിലും പ്രയോഗത്തിലും തുടങ്ങിയ പിഴവ് തിരിച്ചറിയാനോ തിരുത്താനോ ഉള്ള ചെറിയ ശ്രമം പോലും അവിടുന്നിങ്ങോട്ട് ഈ രാജ്യത്തെ മുസ്ലിം ആണധിധികാര ബോഡികളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നിടത്തു തന്നെയാണ് പ്രശ്‌നത്തിന്റെ മർമം കിടക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പല ദിശാമുഖങ്ങളിലേക്ക് തുറക്കുന്ന സംവാദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് എന്തൊക്കത്തെന്നെയായാലും ഏറ്റവും അടിസ്ഥാനപരമായ ചോദ്യം തറഞ്ഞു നിൽക്കുന്നത് മുസ്ലിംവ്യക്തിനിയമ ബോർഡ് എന്ന ബോഡിയുടെ മുഖത്തിനുനേർക്ക് തന്നെയാണ്.

മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട ഏതു വിഷയം ഉയർന്നുവരുമ്പോഴും/ ഉയർത്തിക്കൊണ്ടുവരുമ്പോഴും 'ഏകസിവിൽകോഡ് വരുന്നേ' എന്ന് ആർത്തു കരയുന്ന ഈ വിഭാഗം എതിരാളികളുടെ ധാരണകളെയും ലക്ഷ്യങ്ങളെയും അടിക്കടി ഊട്ടിയുറപ്പിച്ചുകൊണ്ടിരുന്നു. ഷാബാനുകേസിനുശേഷം എത്രയോ തവണ 'മുസ്ലിം സ്ത്രീ' വാർത്തകളുടെ തലക്കെട്ടുകളിൽ ഇടംപിടിച്ചു. പതിറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന ഈ നീതിനിഷേധം പുറംസമൂഹം ചർച്ച ചെയ്യുമ്പോഴെല്ലാം അത് ഇസ്ലാമിനെ കരിവാരിത്തേക്കാനെന്നു പറഞ്ഞ് പുറംതിരിഞ്ഞു നിൽക്കുകയും യഥാർഥ പ്രശ്‌നത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്ത ചരിത്രമാണ് മുസ്ലിം വ്യക്തി നിയമ ബോർഡിന്റതടക്കം. ഏതെങ്കിലും കാലത്ത് തങ്ങൾക്ക് തന്നെ ഇത് തിരിച്ചടിക്കും എന്ന തിരിച്ചറിവില്ലാത്തവരായിരുന്നോ ഇത്രയും കാലം ഇന്ത്യാ മഹാരാജ്യത്തെ· മുസ്ലിംകളെ 'നയിച്ചു'പോന്നത്? സമ്മതിച്ചാലും ഇല്‌ളെങ്കിലും ഈ പറഞ്ഞ മുത്വലാഖ് അടക്കമുള്ള വിഷയങ്ങൾ എടുത്തിട്ടലക്കാനും അതുവഴി പ്രതിഛായാ നിർമ്മാണം നടത്താനും സംഘപരിവാർ ഭരണകൂടത്തിന് പരവതാനി വിരിച്ചത് ഇക്കൂട്ടർ തന്നെയാണെന്നതിൽ സംശയമില്ല.

നമ്മുടെ ഉള്ളിലുള്ള ദൗർബല്യങ്ങളുടെ ആഴം ഏവരാലും തിരിച്ചറിയപ്പെടുന്ന കാല·ത്ത്, അവ പരസ്യമായി വിചാരണ ചെയ്യപ്പെടുന്ന കാലത്ത് വീണ്ടും വീണ്ടും അതിന്മേൽ അടയിരുന്ന് തൽപര കക്ഷികളുടെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതിൽ നിന്ന് പിന്മാറാൻ എന്നിട്ടും ഇവർ തയ്യാറാവുന്നില്ലല്ലോ എന്നതാണ് വേദനാജനകം. പരസ്പര സഹായ സഹകരണ സംഘങ്ങൾ എന്ന നിലയിൽ ഇരുകൂട്ടരും ഇനിയുമൊരുപാട് കാലം മുന്നോട്ട് പോവും എന്നു തന്നെയാണ് മുത്വലാഖ് സംബന്ധിച്ച പുതിയ കോടതി വിധിയുടെ പ്രതികരണങ്ങളും നൽകുന്ന സൂചന.

ഇനി ഏകസിവിൽകോഡല്ല, പുതിയ നിയമ നിർമ്മാണം

മോദി സർക്കാറിന്റ പ്രത്യക്ഷ അധികാരത്തിലേക്കുള്ള വഴിയിൽ അവർ ഉയർത്തിപ്പിടിച്ച ഒന്നായിരുന്നു ഏകസിവിൽകോഡ്. ഇങ്ങനെ ഒരു കോഡ് ഇവിടെ ഒരിക്കലും നടപ്പാക്കാൻ കഴിയില്ല എന്നത് പച്ചയായ യാഥാർഥ്യമാണ്. അതിന് ഏറ്റവും വിഘാതം നിൽക്കുക ഇവിടെയുള്ള ഹൈന്ദവ സമൂഹം തന്നെയായിരിക്കുമെന്ന് നിയമ വിദഗ്ദ്ധർ അടക്കം നേരത്തെ പറഞ്ഞുവെച്ചതാണ്. അതിനുള്ള എണ്ണമറ്റ ഉദാഹരണങ്ങളും നമുക്ക്മുന്നിലുണ്ട് . ജാതികളാലും ഉപജാതികളാലും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ഘടനയിൽ ഹൈന്ദവ ആചാരങ്ങളെയും അവകാശങ്ങളെയും ഒരൊറ്റ ചരടിലേക്ക് കോർത്തുകെട്ടുക എന്നത് ഒരിക്കലും നടപ്പിലാക്കപ്പെടാനാത്ത ഒന്നാണ്. ഇനി ഏകസിവിൽകോഡ് വാദം അതിന്റ കാമ്പിനോട് അൽപമെങ്കിലും അടുത്തുവെന്ന് തന്നെ വെക്കുക. ഹൈന്ദവ സമൂഹമായിരിക്കും അപ്പോൾ അതിനെതിരെ ഉറഞ്ഞു തുള്ളുക എന്നതിൽ ഒരു സംശയവുമില്ല.

എന്നാൽ, വ്യക്തി നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്തു വാദം വരുമ്പോഴും ഒരു നേർച്ച പോലെ മുസ്ലിം ബോഡികൾ ആദ്യമതങ്ങ് സ്വന്തം നെഞ്ചിനുനേർക്കുള്ള ഉണ്ടയായി വ്യാഖ്യാനിക്കും. എന്നിട്ട് കുത്തിയിളക്കലുകൾ നടത്തും. ഇതു തന്നെയാണ് യഥാർഥത്തിൽ ഭണകൂടത്തിന് വേണ്ടിയിരുന്നതും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോദിയും അതുകഴിഞ്ഞ് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥും കൊയ്തത് ഈ ഒച്ചപ്പാടിന്റ ഫലം കൂടിയാണെന്ന് അറിയാത്തവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നതാണ് നേര്.

എന്നാൽ ഇനി ഇവർ പേടിയുൽപാദിപിക്കുന്നത് ഏക സിവിൽ കോഡ് ഉയർത്തിക്കാണിച്ചായിരിക്കില്ല. പുതിയ നിയമ നിർമ്മാണമായിരിക്കും അവരുടെ തുരുപ്പ് ചീട്ടെന്ന് നിയമം പഠിച്ചവർ മുന്നയിപ്പ് നൽകുന്നു. അത് എത്രയും കാലം വരെയും അവർക്ക് ഓടിക്കാനാവും. ആറു മാസം വരെയാണ് മുത്ത്വലാഖിന് നിലവിലുള്ള വിലക്ക്. അതിനകം പുതിയ നിയമ നിർമ്മാണം നടത്താൻ ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് ഭൂരിഭക്ഷ ബെഞ്ചിന്റ വിധിയല്‌ളെന്നും നിയമ നിർമ്മാണം ഇപ്പോൾ തങ്ങളുടെ അജണ്ടയിൽ ഇല്‌ളെന്നുമാണ് മോദി സർക്കാർ പറയുന്നത്. ഇതാണ് അവർ മുത്വലാഖ് വിധിക്കുശേഷം ആദ്യം പുറത്തിറക്കിയ ആയുധം. അതെങ്ങനെയാണെന്നുവച്ചാൽ, ഒരിക്കലും ആറു മാസം കൊണ്ട് നിയമം കൊണ്ടു വരാൻ കേന്ദ്രത്തി,ന് കഴിയില്ല. കഴിയില്‌ളെന്നല്ല, കൊണ്ടു വരില്ല. അങ്ങനെ ചെയ്യുന്നപക്ഷം അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർക്ക് ഇത് കാണിച്ച് വോട്ട് വാരാനാവില്ല എന്നതു തന്നെ. എത്രകാലം വരെയും മുത്വലാഖിനുള്ള വിലക്ക് നീട്ടിക്കൊണ്ടുപോവാനാവും.

ഭാവിയിൽ മുസ്ലിംകൾക്ക് പുതിയ നിയമ നിർമ്മാണം ആവശ്യമായി വന്നാൽ അതാലോചിക്കുമെന്നാണ് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഈ പുതിയ നിയമ നിർമ്മാണമാണ് ഇനി ഇന്ത്യയിലെ മുസ്ലിംകളുടെ തലക്കു മുകളിൽ ഇവർ തൂക്കിയിടുന്ന വാൾ. എപ്പോഴൊക്കെ ഈ വാളിനെക്കുറിച്ച് സംഘ്പരിവാര സർക്കാർ ഓർമപ്പെടുത്തുന്നുവോ അപ്പോഴെല്ലാം മുസ്ലിംകൾ തൊണ്ടകീറി കരയാൻ തുടങ്ങും. അങ്ങനെ ആ കരച്ചിലിൽ നിന്ന് ഊറ്റാൻ പറ്റുന്നിടത്തോളം അവർ ഊറ്റിക്കൊണ്ടിരിക്കും. മാധ്യമങ്ങളെയടക്കമുള്ള പ്രചാരണ വൃന്ദങ്ങളെ ഈയവസരങ്ങളിൽ പതിവുപോലെ ഉപയോഗിക്കുമെന്നതിലും തർക്കമില്ല.

മുത്വലാഖ് ചരിത്രപരം തന്നെ

പ്രായോഗികതയിൽ ചില അവ്യക്തതകൾ അവശേഷിപ്പിച്ചാണെങ്കിൽ കൂടി മുത്വലാഖ് വിധി ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചരിത്രപരം തന്നെയാണ്. മറ്റേത് ജനവിഭാഗത്തിലെ സ്ത്രീകളെക്കാളും, മതത്തിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനിൽ അങ്ങേയറ്റം പരിഗണിക്കപ്പെട്ട ഒരു വിഭാഗമാണ് അവർ. എന്നാൽ, പതിറ്റാണ്ടുകളായി തുല്യനീതിയിലും അവകാശങ്ങളിലും എല്ലാവർക്കും പിന്നിൽ മുഖം കുനിച്ചു നടക്കേണ്ട ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ് ഉള്ളത്. രാജ്യത്തെ ഇതര സ്ത്രീജനങ്ങൾക്ക് തുല്യ നീതിയും അവകാശവും ലഭിക്കുന്നുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് എല്ലായ്‌പോഴും മുസ്ലിം സ്ത്രീകളുടെ അവകാശബോധത്തെ ഇതിനകത്തുള്ളവർ തന്നെ വിചാരണ ചെയ്യാറുള്ളത്. ഇതര വിഭാഗങ്ങളിൽ ഉണ്ടായ പരിഷ്‌കരണ പ്രവർത്തനങ്ങൾ അവരിലെ മറുപാതിയെ നല്‌ളൊരളവിൽ സ്വാധീനിച്ചപ്പോൾ തന്നെയും മുസ്ലിം സമുദായത്തിനകത്ത് നീതിനിഷേധം സാർവത്രികമായി അംഗീകരിക്കപ്പെടുകയായിരുന്നു.

മറ്റുള്ളവരെപോലെ കടലാസിൽ പോലും അവകാശങ്ങൾക്ക് വിലയില്ലാതവരാണ് ഇവർ. അങ്ങനെ ഒരു പതിതാവസ്ഥയിലേക്ക് അവരെ തള്ളിയിട്ടവർക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നിന്ന് കിട്ടിയ ശക്തമായ പ്രഹരമാണ് ഈ വിധി. അതിന് മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളയുണ്ടായി എന്നതും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തണലിൽ ആയി എന്നതും അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എങ്കിൽ കൂടി ഇത് ചരിത്രപരമല്ലാതാവുന്നില്ല.

ഖുർആൻ പറയുന്നത് 'വിശ്വാസികൾ അല്ലാത്ത' ജഡ്ജിയേമ്മാന്മാരിൽ നിന്ന് കേൾക്കാൻ കഴിഞ്ഞപ്പോൾ ഖുർആൻ വിരുദ്ധമായതുകൊണ്ട് അതിനെ പ്രതിരോധിക്കാനാണ് ബഹുഭൂരിപക്ഷം വരുന്ന 'വിശ്വാസികൾ' വ്യഗ്രത കാണിക്കുന്നത്. പെണ്ണിനെ ഒരു വ്യക്തിയായി പോലും അംഗീകരിക്കാത്ത, ഭർത്താക്കന്മാരാൽ വലിച്ചെറിയപ്പെടുമ്പോൾ ഒരു തുണ്ടിന്റെ വില പോലും ഇല്ലാതിരുന്നിടത്താണ് ഇനി കടലാസിൽ ആണെങ്കിൽ പോലും ഈ വിധി ചരിത്രമാവുന്നത്.

വിവാഹത്തിന്റയും വിവാഹ മോചനത്തിന്റയും അധികാരം മഹല്ലുകളിലും മറ്റു മതാധികാര ബോഡികളിലും ഒതുങ്ങിനിൽക്കുന്നിടത്തോളം കാലം ഈ വിധി കൊണ്ട് കൊട്ടിഘോഷിക്കുന്നതുപോലെയുള്ള എന്ത് ഗുണമാണെന്ന് ചോദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത്. ഒരു നിയമവും ഒരു സമൂഹത്തിന്റെയും ലക്ഷ്യമല്ല. ലക്ഷ്യത്തിലേക്കുള്ള വഴികളിലെ ശക്തമായ സാന്നിധ്യമാണ്. ഉണർന്നു തുടങ്ങിയ ഒരു ജനതക്ക് ആ സാന്നിധ്യം നൽകുന്ന ചങ്കുറപ്പ് അത്ര ചെറുതായിരിക്കില്ല. അനിവാര്യമായ ആ ഉണർവിലേക്ക് ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിർവചനങ്ങളാലും വിശേഷണങ്ങളാലും പലകൂട്ടരുടെ പിടിവലികൾക്കും അജണ്ടകൾക്കുമിടിയിൽ ജീവിതം കൊരുത്തുപോയ ഈ വിഭാഗത്തിനുവേണ്ടി അതിനകത്തു നിന്നു തന്നെ അവഗണിക്കാനാവാത്ത ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. അത് ഏറ്റെടുക്കാൻ തയ്യാറാവാത്തപക്ഷം ഷായിറ ബാനുവിന്റ മുത്വലാഖ് ഹരജിയെ പോലെ ഇനിയും ഇത് ഉപയോഗിക്കുക മുസ്ലിംകളുടെ ശത്രുക്കൾ തന്നെയായിരിക്കും എന്ന കാര്യം മറക്കാതിരിക്കുക.

രാജ്യത്തിന്റ വിശാലമായ ഭൂമികയിൽ ഏറ്റവും അധസ്ഥിത വിഭാഗങ്ങളിലൊന്നായി നിലകൊള്ളുന്ന മുസ്ലിംകളുടെ ഇടയിൽ അതിനേക്കാൾ പതിതരായി ജീവിതം തള്ളിനീക്കുന്ന ഒട്ടൊരുപാട് പെൺ ജന്മങ്ങളുണ്ട്. അത് വിദ്യാസമ്പന്നരും താരതമ്യേന സാമ്പത്തികമായി ഉയർന്ന നിലവാരവുമുള്ള നമ്മൾ മലയാളികൾ ഇവിടെയിരുന്ന് ചിന്തിക്കുന്നതുപോലെയല്ല. കൂലിപ്പണിക്കാരും തൊഴിൽരഹിതരും വിദ്യാരഹിതരുമായ ഭൂരിപക്ഷ ദരിദ്ര മുസ്ലിം കുടുംബ ജീവിതങ്ങളിലേക്ക് കണ്ണും കാതും അയച്ചെങ്കിൽ മാത്രമേ അത് മനസ്സിലാവൂ.

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ മുംബൈയിൽ മുസ്ലിം സ്ത്രീകൾ നടത്തിയ ഒരു പരിപാടിയിൽ സംബന്ധിക്കാനിടയായി. അവിടെ കണ്ടത് രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലിം സ്ത്രീകളുടെ പ്രതിനിധികളെയായിരുന്നു. അവർ പങ്കുവെച്ച അനുഭവങ്ങൾ പലതും ഞെട്ടിക്കുന്നതായിരുന്നു. അതിൽ പശ്ചിമ ബംഗാളിൽ നിന്നുമുള്ള മുതിർന്ന സ്ത്രീ പറഞ്ഞത്, അവർ വരുന്ന മുർഷിദാബാദ് ജില്ലയിൽ മാത്രം ഒരു ലക്ഷത്തോളം മുത്വലാഖിന്റ ഇരകൾ ഉണ്ടെന്നാണ്! വർഷങ്ങളായി ആ സ്ത്രീകളുടെ ഇടയിൽ പ്രവർത്തിച്ച തഴക്കത്തിൽ നിന്നായിരുന്നു അവരുടെ വാക്കുകൾ. വരുംദിവസങ്ങളിലൊന്നിൽ സുപ്രീംകോടതി മുത്വലാഖ് നിരോധനം ശരിവെച്ചില്‌ളെങ്കിൽ ഇനിയെന്ത് എന്ന ആശങ്കയുടെ കരിനിഴൽ അവരുടെ കണ്ണുകളെയും മുഖത്തെയും പൊതിഞ്ഞിരുന്നു. എന്നിട്ടും രാജ്യത്ത് ന്യൂനാൽ ന്യൂനപക്ഷമാണ് മുത്വലാഖ് എന്ന് പറയുന്നവരുടെ വാദങ്ങൾ കേൾക്കുമ്പോൾ സത്യത്തിൽ തമാശയാണ് തോന്നുന്നത്. അനുഭവങ്ങളുടെ ചുട്ടുതിളയ്ക്കുന്ന മണ്ണിൽ കാലൂന്നി നിന്നു സംസാരിക്കുന്ന പെൺ ജീവിതങ്ങളെ ആകാശത്തു നിന്നുകൊണ്ട് തൊഴിച്ചുവീഴ്‌ത്തുന്ന അധരവ്യായാമാക്കാർ തന്നെയാണ് ഫാഷിസിന്റെ ഉറ്റതോഴർ എന്ന നഗ്‌ന യാഥാർഥ്യം ഇനിയെങ്കിലും പറയാതെ വയ്യ.

മുന്നിലെന്തുണ്ട് വഴി

രാജ്യത്തിന്റ നാനാ ഭാഗങ്ങളിലേക്ക് വനിതാ പ്രതിനിധികളെ തന്നെ അയച്ച് പെണ്ണുങ്ങളെ ചെന്നുകണ്ട് മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കി മുത്വലാഖിനനുകൂലമായി ഒപ്പുശേഖരണം നടത്തിയ വ്യക്തിനിയബോർഡ് ഇതിൽകൂടുതൽ ഒന്നും ഇനി പരിഹാസ്യരാവാനില്ല. മുസ്ലിംകളുടെ മൊത്തം· ഉടമാവകാശം ഏറ്റെടുത്ത· ഈ ബോഡിക്ക് കേവലം ഒരു എൻ.ജി.ഒ യുടെ വിലയല്ലാതെ ഒന്നുമല്ല എന്നുകൂടി തെളിഞ്ഞിരിക്കുകയാണ്. മുത്വലാഖ് നിരോധന·ത്തിലൂടെ സംഘികൾ മൈലേജ് ഉണ്ടാക്കാൻ നോക്കുന്നു എന്ന് സമുദായത്തെക്കൊണ്ട് ഇപ്പോൾ കരയിക്കുകയാണ് ഇളിഭ്യരായ ബോർഡ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, മോദി സർക്കാർ അടിച്ചെടുത്തുവെന്ന് പറയുന്ന ഇതേ പ്രതിഛായ നേരെ ബോർഡിൽ ചെന്നു നിൽക്കുമായിരുന്നു. ഒപ്പുശേഖരണ നാടകത്തിനു പകരം മുസ്ലിം സ്ത്രീകളുടെ ഇടയിൽ സത്യസന്ധമായ ഒരു ഹിത പരിശോധന നടത്തിയിരുന്നുവെങ്കിൽ. അങ്ങനെ കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിച്ച് മുത്വലാഖ് അനിസ്ലാമികമാണെന്നും അത് നിരോധിക്കണമെന്നോ കർശനമായി നിയന്ത്രിക്കണമെന്നോ ഉള്ള ആവശ്യം നേരെ മുന്നോട്ടുവെച്ചിരുന്നുവെങ്കിൽ. അടിയുറഞ്ഞ ആണധികാരണ ഘടനയിൽ അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതുതന്നെ മൂഢത്വമാണെന്ന് അറിയാഞ്ഞിട്ടല്ല. എങ്കിൽപോലും അത് ചെയ്തിരുന്നുവെങ്കിൽ നാളെ സംഭവിക്കാനിരിക്കുന്ന വലിയൊരു അപായത്തെക്കുറിച്ചോർത്ത് രാജ്യത്തെ· മുസ്ലിംകൾക്ക് ഇത്തരത്തിൽ വേവലാതിപ്പെടേണ്ടിവരുമായിരുന്നില്ല. അതിനേക്കാൾ ഉപരി ഫാഷിസ്റ്റുകൾ ഇത്രകാലം കൊണ്ട് നടന്ന മുർച്ചയേറിയ ആയുധത്തിന്റ മുന സമർഥമായി ഒടിക്കലുമാകുമായിരുന്നു അത്.

എന്നാൽ, ഇനിയും സമയം വൈകിയിട്ടില്ല. എതിരാളിയുടെ ഉള്ളിലെ ദൗർബല്യങ്ങൾ മുതലെടുത്താണ് ഫാഷിസം എല്ലാകാലത്തും വളർന്നിട്ടുള്ളത്. ഈ ദൗർബല്യങ്ങളെ കെട്ടിപ്പൊതിഞ്ഞുവെക്കുന്നിടത്തോളം കാലം അവർ ദംഷ്ട്രകൾ പ്രയോഗിച്ചുകൊണ്ടിരിക്കും. ഇത്രമൊരു വിപൽ സന്ധിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് ചെയ്യേണ്ടത് മുസ്ലിം സ്ത്രീകളുടെ ഇടയിൽ അടിയന്തിരമായും നീതിപൂർവകമായും ഹിത പരിശോധന നടത്താൻ തയ്യാറാവുക എന്നതാണ്. മുത്വലാഖ് അടക്കം മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ പരിശോധനാ വിധേയമാക്കാനുള്ള സമിതിയെ നിയോഗിക്കണം. അഭിഭാഷകരും മുസ്ലിം വനിതാ പ്രതിനിധികളും ഇസ്ലാമിക പണ്ഡിതന്മാരും പണ്ഡിതകളും സാമൂഹ്യ ശാസ്ത്രജ്ഞരും പൊതു ജനപ്രതിനിധികളും അടക്കം പല വ്യക്തിത്വങ്ങൾ ഉൾകൊള്ളുന്നതവാണം ആ ബോഡി. നിലവിൽ പല വനിതാ സംഘടനകളും പല രൂപത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്തിനിയമ പരിഷ്‌കരണവും ജന്റർ ജസ്റ്റിസ് കോഡുമടക്കം. മുൻവിധികളും പക്ഷപാതിത്വങ്ങളും മാറ്റിവെച്ച് എന്താണ് അവർ പറയുന്നതെനനും അതിൽ നിന്ന് സ്വീകാര്യമായവ എന്താണെന്നും പരിശോധിക്കണം. എടുത്തും കൊടുത്തും കൊണ്ടല്ലാതെ നിയമത്തിന് വളരാനാവില്ല. നിയമം എന്നത് ഒരു കാലത്തിൽ നിശ്ചലമായി നിൽക്കേണ്ടതുമല്ല. അതു മുന്നോട്ടു പോവുന്ന സമൂഹത്തെ പിന്നോട്ടു വലിക്കാനുള്ളതുമല്ല. ആ അർഥത്തിൽ ചില ഖുർആനിക നിയമങ്ങളിൽ 'ഇജ്തിഹാദ് ' (ഗവേഷണം) അടക്കം ആവശ്യമായി വരും.

വ്യക്തിനിയമങ്ങൾ പരിഷ്‌കരിച്ച നിരവധി മുസ്ലിം രാഷ്ട്രങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് പഠിച്ചവരെ പ്രധാനമായും സമിതിയിൽ നിയോഗിക്കണം. കൂടുതൽ പഠിക്കേണ്ടതുണ്ടെങ്കിൽ അതും വേണ്ടിവരും. പരിശോധനാവിധേയമാക്കിയ വിവരങ്ങൾ ക്രോഡീകരിച്ച് വ്യക്തി നിയമം ഖുർആനിന്റെ ലിംഗ നീതിയിൽ അധിഷ്ഠിതമായി പരിഷ്‌കരിക്കണമെന്ന് അവർക്ക് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കഴിയണം. അതിനു മുന്നിൽ ഏതു സർക്കാറിനും വഴങ്ങാതിരിക്കാനാവില്ല. കുറച്ച് ദൈർഘ്യമേറിയ പ്രക്രിയ ആയിരിക്കാമതെങ്കിൽ കൂടി അതിനുള്ള അധികാരവും വിഭവശേഷിയും വിനിയോഗിക്കാൻ ബോർഡ് മനസ്സുവെക്കണം. ഈ വിഷയത്തിൽ ഇന്ത്യയിലെ മത സംഘടനകളെ ഒപ്പം നിർത്താൻ വേണ്ട എല്ലാ പരിശ്രമങ്ങളും ബോറഡിന്റ ഭാഗത്തു നിന്നുണ്ടാവണം.

ഇതിനെല്ലാം മുന്നോടിയായി ചെയ്യേണ്ടത് മുസ്ലിം വ്യക്തി നിയമ ബോർഡ് തന്നെ അഴിച്ചു പണിയുക എന്നതാണ്.സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം അതിനുണ്ടായിരിക്കണം. കേവല മതാധികാര ബോഡി എന്നതിൽ കവിഞ്ഞ് ഇന്ത്യൻ മുസ്ലിംകളെ ഏറ്റവും പുരോഗമനപരമായ വഴിയിൽ നയിക്കുക എന്ന ചുമതല ഏറ്റെടുത്ത് നിർവഹിക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ മുസ്ലിംകൾക്ക് ഇനിയും ഭാവിയുണ്ട്. അതിനു തയ്യാറായില്‌ളെങ്കിൽ ഫാഷിസ്റ്റ് ഭരണകൂടതിനു മുന്നിൽ കഴുത്ത് നീട്ടിക്കൊടുത് കാത്തിരിക്കാം.

(മാധ്യമം ലേഖികയായ റജീന ഫേസ്‌ബുക്കിൽ കുറിച്ചത്)