- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സത്യത്തിൽ എന്തിനാണ് നമ്മൾ ഇത്ര വ്യാജന്മാരാവുന്നത്? സംഗീതവും താളവും ചുവടുകളുമെല്ലാം പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലുമെല്ലാം അലിഞ്ഞു ചേർന്നതല്ലേ? പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവർ ദഫ് മുട്ടിനെ തള്ളിപ്പറയില്ല; വിശ്വാസത്തിന്റെ സദാചാര 'ഫത്വ 'വകളും പൊക്കിപ്പിടിച്ച് നല്ലാങ്ങളമാരുടെ ഘോഷയാത്ര; വി.പി റജീന എഴുതുന്നു
കുറച്ച്ദിവസം മുമ്പ് മക്കളുടെ സ്‌കൂളിൽ ഒരു പരിപാടിക്ക് പോയപ്പോൾ രസമുള്ള ഒരു കാഴ്ച കണ്ടു. അവിടെ അലയടിച്ച ഒരു അടിപൊളി പാട്ടിനൊപ്പം കുഞ്ഞിക്കാലും കൈയും ഇളക്കി ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞുടുപ്പുകാരി. കഷ്ടിച്ച് രണ്ട് വയസ്സ് പ്രായം കാണും. അത്കണ്ട് അടുത്ത് കസേരയിൽ ഇരിക്കുന്ന ബാപ്പയും പർദക്കാരി ഉമ്മയും ചിരിച്ചു കൊണ്ട് കയ്യടിച്ചു കൊടുക്കുന്നു. അവിടെയുള്ള എല്ലാവരും ഇത് കണ്ടാസ്വദിക്കുന്നുമുണ്ട്. ഞങ്ങളും. എന്തൊരു രസമുള്ള കാഴ്ചയാണത്. ചൂടുപറക്കുന്ന മനസ്സുകളെ കുറച്ചു നേരത്തേക്കെങ്കിലും കുളിർപ്പിക്കുന്നതല്ലേ ഇതൊക്കെ. അപ്പൊ ഹസ്‌ബൻഡ് എന്നോട് ചോദിച്ചു. ഈ കുട്ടി കുറച്ചു മുതിർന്നിട്ട് ആണ് ഇതുപോലെ ഡാൻസ് ചെയ്യുന്നതെങ്കിൽ അവരിങ്ങനെയായിരിക്കുമോ പെരുമാറുക എന്ന്. അത് കഴിഞ്ഞാണ് മലപ്പുറത്ത് പെൺകുട്ടികൾ ഫ്‌ലാഷ് മോബ് നടത്തിയതിന്റെ ബാക്കിപത്രമായി വിശ്വാസത്തിന്റെ സദാചാര 'ഫത്വ 'വകളും പൊക്കിപ്പിടിച്ച് നല്ലാങ്ങളമാരുടെ ഘോഷയാത്ര വരുന്നത്. സത്യത്തിൽ എന്തിനാണ് നമ്മൾ ഇത്ര വ്യാജന്മാരാവുന്നത്? സംഗീതവും താളവും ചുവടുകളുമെല്ലാം പ്രകൃതി
കുറച്ച്ദിവസം മുമ്പ് മക്കളുടെ സ്‌കൂളിൽ ഒരു പരിപാടിക്ക് പോയപ്പോൾ രസമുള്ള ഒരു കാഴ്ച കണ്ടു. അവിടെ അലയടിച്ച ഒരു അടിപൊളി പാട്ടിനൊപ്പം കുഞ്ഞിക്കാലും കൈയും ഇളക്കി ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞുടുപ്പുകാരി. കഷ്ടിച്ച് രണ്ട് വയസ്സ് പ്രായം കാണും. അത്കണ്ട് അടുത്ത് കസേരയിൽ ഇരിക്കുന്ന ബാപ്പയും പർദക്കാരി ഉമ്മയും ചിരിച്ചു കൊണ്ട് കയ്യടിച്ചു കൊടുക്കുന്നു. അവിടെയുള്ള എല്ലാവരും ഇത് കണ്ടാസ്വദിക്കുന്നുമുണ്ട്. ഞങ്ങളും. എന്തൊരു രസമുള്ള കാഴ്ചയാണത്. ചൂടുപറക്കുന്ന മനസ്സുകളെ കുറച്ചു നേരത്തേക്കെങ്കിലും കുളിർപ്പിക്കുന്നതല്ലേ ഇതൊക്കെ. അപ്പൊ ഹസ്‌ബൻഡ് എന്നോട് ചോദിച്ചു. ഈ കുട്ടി കുറച്ചു മുതിർന്നിട്ട് ആണ് ഇതുപോലെ ഡാൻസ് ചെയ്യുന്നതെങ്കിൽ അവരിങ്ങനെയായിരിക്കുമോ പെരുമാറുക എന്ന്. അത് കഴിഞ്ഞാണ് മലപ്പുറത്ത് പെൺകുട്ടികൾ ഫ്‌ലാഷ് മോബ് നടത്തിയതിന്റെ ബാക്കിപത്രമായി വിശ്വാസത്തിന്റെ സദാചാര 'ഫത്വ 'വകളും പൊക്കിപ്പിടിച്ച് നല്ലാങ്ങളമാരുടെ ഘോഷയാത്ര വരുന്നത്.
സത്യത്തിൽ എന്തിനാണ് നമ്മൾ ഇത്ര വ്യാജന്മാരാവുന്നത്? സംഗീതവും താളവും ചുവടുകളുമെല്ലാം പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലുമെല്ലാം അലിഞ്ഞു ചേർന്നതല്ലേ? പ്രത്യേകിച്ച് മനുഷ്യനിൽ? അതു കൊണ്ടല്ലേ കല്ലിൽ നിന്നും കമ്പിയിൽ നിന്നും മുളയിൽ നിന്നും തുകലിൽ നിന്നുമെല്ലാം മനോരഹമായ ശബ്ദങ്ങൾക്ക് ജന്മം നൽകിയത്.
കാടിന്റെ, കാറ്റിന്റെ, പുഴയുടെ, കടലിന്റെ എല്ലാം സംഗീതത്തെ കാതുകൾ കൊട്ടിയടച്ച് കേൾക്കാതിരിക്കാനാവുമോ? ഭൂമിയിലേക്ക് പിറന്നു വീഴുന്ന നിമിഷംതൊട്ട് ഈ സംഗീതം നമ്മെ പൊതിയുന്നുണ്ട്. കുഞ്ഞിക്കൈകാലിട്ടടിച്ചും വായുവിൽ താളമടിച്ചും അന്നു തൊട്ടേ നമ്മൾ നൃത്തം ചെയ്യുന്നുണ്ട്. ആരാണത് തടയാറ്? മറിച്ച് ഏത് തരക്കാരും പ്രായക്കാരും കൺനിറയെ ആസ്വദിക്കാറല്ലേ? പിന്നെ പിന്നെ നമ്മളിൽ 'അച്ചടക്കങ്ങൾ' ശീലിപ്പിക്കുന്നു. മെരുക്കിയെടുക്കുന്നു. അതിൽ തന്നെ പെൺകുട്ടികളെ കൂടുതൽ 'അച്ചടക്ക 'മുള്ളവരാക്കുന്നു. പാട്ടും കളികളും നിഷിദ്ധമായ ലോകത്തിലേക്ക് ഇടുക്കിക്കളയുന്നു. വരണ്ട ലോകവും ചിന്തകളുംകൊണ്ട് ചെറുപ്പത്തിലേ മാനസിക വാർധക്യത്തിലേക്ക് തള്ളിയിടുന്നു. എത്ര സുന്ദരമായ ഒരു ലോകത്തെയാണ് ഇവരിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നതെന്നറിയാമോ? സംഗീതവും ചുവടുകളും എത്രമേൽ മനുഷ്യരെ സൗന്ദര്യമുള്ളവരും ചുറുക്കുള്ള വരും ആക്കിത്തീർക്കും എന്നത് അനുഭവിച്ചറിയേണ്ട ഒന്നാണ്.
സംഗീതം തന്നെ സമ്മാനിക്കുന്ന വികാരങ്ങൾ പലതാണ്. ഒരു മുളന്തണ്ടിൽ നിന്നൊഴുകി വരുന്ന രാഗം കണ്ണടച്ച് കേൾക്കുമ്പോൾ മനസ്സങ്ങനെ ശാന്തമായി ഒഴുകുന്ന പുഴയാവും. എല്ലാ ദുഃഖങ്ങളും ഉരുകിത്തീരുന്ന പോലെ. നെഞ്ചിൻ കൂടിന്മേൽ പെരുമ്പറ കൊട്ടുന്ന അടിപൊളി പാട്ടുകേൾക്കുമ്പോൾ ഏത് പ്രായക്കാരനും തോന്നും ഒന്ന് ഇളകിയാടാൻ. അല്ലെങ്കിൽ ഒന്ന് കയ്യടിക്കാൻ. ഇല്ലെന്ന് ആരെങ്കിലും പറയുമോ? അങ്ങനെ പറയുന്നവർ വ്യാജന്മാരാണെന്നേ ഞാൻ പറയൂ. നെഞ്ചിൻ കൂടിൽ ആഞ്ഞടിക്കുന്ന പാട്ടിൽ ഒരു യൗവ്വനമുണ്ട്. വിപ്ലവത്തിന്റെ കാഹളമുണ്ട്. സന്തോഷത്തിന്റെ തിരതള്ളലുണ്ട്. സ്‌നേഹത്തിന്റെ ഇടകലരലുണ്ട്.
ആട്ടവും പാട്ടും കണ്ട് പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവർ അറബ് കലാരൂപമായ ദഫ് മുട്ടിനെ തള്ളിപ്പറയില്ല. നബി തിരുമേനി സ്ത്രീകളുടെ ദഫ് മുട്ടിനെ എതിർത്തിരുന്നതായി അറിവില്ല. മാത്രമല്ല, ഒരു പെരുന്നാൾ ദിനത്തിൽ പത്‌നി ആയിശയും കൂട്ടുകാരികളും ദഫ്ഫുമുട്ടി പാട്ടു പാടിയതിനെ പ്രവാചകൻ പ്രോൽസാഹിപ്പിപ്പിച്ചതായ ചരിത്രം മുമ്പ് പഠിച്ചിട്ടുമുണ്ട്.
അതു തന്നെയാണ് പറഞ്ഞത് സംഗീതവും ചുവടുകളും മനുഷ്യനൊപ്പം ഉള്ളതാണ്. അത് ഓരോ നാടിന്റെ സംസ്‌കാരത്തിനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്ന് മാത്രം. അത് തടയുന്നവർ ആരായാലും അവർ മനുഷ്യന്റെ ജൈവ പ്രകൃതിയുടെ ശത്രുക്കളാണ്.
അതു കൊണ്ട് അറബിയുടെ ദഫ്ഫിനും ആഫ്രിക്കക്കാരന്റെ ദ്രുതതാളത്തിനും പടിഞ്ഞാറിന്റ ഫ്യൂഷനും ഇന്ത്യയുടെ വൈവിധ്യമാർന്ന രാഗ താളങ്ങൾക്കുമെല്ലാം നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും ചുവടുകൾ വെയ്ക്കട്ടെ. മതജാതി ഭേദമന്യേ യുവാക്കളും മധ്യവയസ്‌കരും പ്രായമായവരും എല്ലാം സംഗീതത്തെയും ചുവടുകളയും പ്രണയിക്കട്ടെ. മനസ്സിന്റെ ഇടുക്കങ്ങൾ വഴി മാറട്ടെ. സ്‌നേഹ സന്തോഷങ്ങൾ ഒഴുകിപ്പരക്കട്ടെ.