തിരുവനന്തപുരം: രാഷ്ട്രഭാഷയായ ഹിന്ദി, ഭാഷയെന്ന നിലയിൽ രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളെയും ഒരുമിച്ചു നിർത്തുന്നതായി വി എസ്. അച്യുതാനന്ദൻ പ്രസംഗിച്ചത് ഒരു വർഷം മുമ്പാണ്. ഭാഷയും സംസ്‌കാരവും അഭേദ്യമാണ്. ഏത് ഭാഷയും സ്വംശീകരിക്കുന്ന മലയാളി രാഷ്ട്രഭാഷയ്ക്ക് എന്നും പ്രാധാന്യം നൽകിയിട്ടുള്ളതുകൊണ്ട് ഹിന്ദി സാഹിത്യവും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും അഖില ഭാരതീയ ഹിന്ദി അക്കാദമി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ വി എസ് പറഞ്ഞിരുന്നു. ഈ യോഗത്തിന് തൊട്ട് പിന്നാലെ വി എസ് ഹിന്ദി പഠനവും തുടങ്ങി. ഒരു വർഷം കൊണ്ട് രാഷ്ട്രഭാഷയിൽ പ്രാവീണ്യനായിരിക്കുകായണ് വി എസ് എന്നാണ് ഏവരും പറയുന്നത്.

ഏകദേശം ഒരുവർഷമായി വി എസ് ഹിന്ദി പഠിച്ചു തുടങ്ങിയിട്ട്. വിപ്ലവകാരിയാണെങ്കിലും ഗുരുഭക്തിക്ക് കുറവൊന്നുമില്ല, നമസ്തേ ഗുരുജി എന്ന് അഭിവാദ്യം ചെയ്താണ് പഠനം ആരംഭിക്കുന്നത്. 11-ാം വയസ്സിൽ എഴാംക്ലാസിൽവെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്ന വി എസ് അച്യുതാനന്ദൻ രാഷ്ട്രീയത്തിലെത്തിയ ശേഷമാണ് ഇംഗ്ലീഷ് പഠിക്കുന്നത്. പിന്നീട് കമ്പ്യൂട്ടറും പഠിച്ചു. ഇപ്പോഴിതാ ദേശീയഭാഷയായ ഹിന്ദിയും. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. മകൻ വിഎ അരുൺകുമാറാണ് അച്ഛന് ഹിന്ദി ടീച്ചറെ ഒരുക്കി നൽകിയത്. അങ്ങനെയാണ് പഠന മോഹം സാക്ഷാത്കരിച്ചത്. ഡൽഹിയിൽ പോകുമ്പോൾ ഹിന്ദിയിൽ ആരു എന്ത് പറഞ്ഞാലും മനസ്സിലാകണം. അതിന് വേണ്ടിയാണ് പഠനം. ചൈനയിൽ പോകും മുമ്പ് ചൈനീസ് ഭാഷ പഠിച്ച ചരിത്രവും അച്യുതാനന്ദനുണ്ട്.

94-ാം വയസ്സിൽ അതീവ രഹസ്യമായിട്ടായിരുന്നു ഹിന്ദി പഠനം. ഭരണപരിഷാക കമ്മീഷൻ ചെയർമാനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമാണ് വി എസ് അച്യുതാനന്ദൻ. തിരുവനന്തപുരത്തെ കോളജ് അദ്ധ്യാപകനാണ് വിഎസിന്റെ ഹിന്ദി മാഷ്. പാർട്ടി പ്രവർത്തനങ്ങൾക്കിടയിൽ വീണുകിട്ടുന്ന സമയത്താണ് വിഎസിന്റെ ഹിന്ദി പഠനം. ''വെറുതേയിരിക്കുകയല്ലേ ഹിന്ദി പഠിച്ചേക്കാം...ഒരു പുതിയ ഭാഷയല്ലേ...''എന്നാണ് ഹിന്ദി പഠനത്തെ കുറിച്ച വി എസ് പറയുന്നത്. നരേന്ദ്ര മോദി അധികാരത്തിലുണ്ട്. അതുകൊണ്ട് തന്നെ ഫാസിസത്തെ ചെറുക്കാൻ ഹിന്ദിയാണ് നല്ലതെന്ന് വി എസ് വിലയിരുത്തുന്നു. ഡൽഹിയിൽ ഹിന്ദിയിൽ പ്രസംഗിക്കുകയാണ് ലക്ഷ്യം. പഠനം പൂർത്തിയായാൽ ഭാരത പര്യടനത്തിന് വിഎസിനെ യെച്ചൂരി കൊണ്ടു പോകുമെന്നാണ് സൂചന.

രാജ്യത്തുടനീളം വിഎസിന് വലിയ ആരാധകവൃന്ദമുണ്ട്. ബംഗാൾ അടക്കുള്ള ഇടങ്ങളിൽ വിഎസിനെ എത്തിച്ചാൽ അത് സിപിഎമ്മിനും ഗുണകമരാമാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ വിഎസിന്റെ ഹിന്ദി പഠനത്തെ യെച്ചൂരി അനുകൂലിക്കുന്നു. എന്നാൽ പ്രകാശ് കാരാട്ടിനും മുഖ്യമന്ത്രി പിണറായി വിജയനും അത് അത്ര പിടിക്കുന്നുമില്ല. തനിക്കെതിരെ കേന്ദ്രകമ്മിറ്റിയിൽ ഉയർന്നുവരുന്ന വിമർശനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കാനും മറ്റ് നേതാക്കൾക്കെതിരെ ആഞ്ഞടിക്കാനുമാണ് വിഎസിന്റെ ഹിന്ദി പഠനമെന്ന് കരുതുന്നവരുമുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടത് നേതാക്കളുടെ ശബ്ദത്തിന് ഏറെ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്, അത് മുതലെടുത്ത് കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വരികയാണ് വിഎസിന്റെ ലക്ഷ്യമെന്ന് കരുതുമ്പോഴും മറുവശം ആശങ്കയിലാണ്.

നരേന്ദ്ര മോദി സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിലടക്കം ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും കളം നിറയുന്ന സാഹചര്യത്തിലാണ് വിഎസും ഹിന്ദിയുമായി രംഗത്തെത്തുന്നത്. ഇത് ദേശീയ തലത്തിൽ പിണറായി വെട്ടി അടിച്ചു കയറാനുള്ള തന്ത്രമായും വിലയിരുത്തുന്നുണ്ട്.