- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല; വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതി'; ഇടതു മുന്നണി ഭരണത്തുടർച്ച ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻഭൂരിപക്ഷത്തോടെ തുടർഭരണം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദൻ. കേരളത്തിന്റെ മണ്ണിൽ സംഘ്പരിവാറിന് ഇടമില്ലെന്ന് വി എസ് കുറിച്ചു. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നും വി എസ് പ്രതികരിച്ചു.
പൂർണരൂപം-
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
കോവിഡ് ഭീതിയും അനാരോഗ്യവും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിൽനിന്നു പോലും വിഎസിനെ വിലക്കിയിരുന്നു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരരംഗത്തും പ്രചാരണരംഗത്തും വി എസ് ഇല്ലാതെയാണ് ഇത്തവണ സിപിഎം വോട്ടെടുപ്പിനെ നേരിട്ടത്.
സംഘടനാ സംവിധാനം കൊണ്ട് ശക്തമായ സിപിഎമ്മിനെ ജനങ്ങളിലേക്ക് അടുപ്പിച്ചു നിർത്തുന്ന നേതാക്കന്മാരിലൊരാളാണ് വി എസ്. ആ പാലമില്ലാതെ, കർക്കശക്കാരനെന്നു വിശേഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഇത്തവണ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
15ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് തുടർഭരണം ഇടതുമുന്നണി ഉറപ്പിച്ചുകഴിഞ്ഞു. 97 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 42 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. എന്നാൽ അപ്രതീക്ഷിതമായി ഒരു സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. പാലക്കാടാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. തൃശൂരിൽ സുരേഷ് ഗോപി ഒരുഘട്ടത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പൻ വിജയം ഉറപ്പിച്ചു. കേരള കോൺഗ്രസിന്റെ തട്ടകത്തിലാണ് കെ.എം.മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥി പി.സി.ജോർജ് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തിൽ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് 25,000 കടന്നു. മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തിയിരുന്നു.
അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു.
ന്യൂസ് ഡെസ്ക്