തിരുവനന്തപുരം: അഴിമതിക്കെതിരേയും രാഷ്ട്രീയ അതികായന്മാർക്കെതിരേയുമുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് എന്നും വിജയം മാത്രം. ബാർ കോഴയിൽ മാണിയെ കുടുക്കിയതും വിഎസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ബിജു രമേശ് തുറന്നുവിട്ട കുടത്തിലെ ഭൂതത്തെ വി എസ് ഏറ്റെടുത്തു. നിയമപോരാട്ടത്തിലൂടെ മാണിയെ കോടതിയിൽ കുരുക്കി. ഒടുവിൽ രാജിയും. നേരത്തെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടത്തിയ രാഷ്ട്രീയ ആക്രമണത്തിലൂടെ ഇടതു പക്ഷത്തിന്റെ മുന്നണി പോരാളിയായി വി എസ് മാറി. മൂന്നാർ സമരത്തിലെ ഇടപെടലും മാണിയെ താരമാക്കി.

ബാർ കോഴയിൽ മാണി രാജിവച്ചില്ലെങ്കിൽ ഏതറ്റം വരെ പോകാനും വി എസ് തയ്യാറായിരുന്നു. നിരാഹാരം ഇരിക്കാൻ പോലും സന്നദ്ധത അറിയിച്ചെന്നാണ് സൂചന. എംഎൽഎമാരെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്താനും കരുക്കൾ നീക്കി. ഇത് മനസ്സിലാക്കിയാണ് മാണി പടിയിറങ്ങുന്നതും. അങ്ങനെ വിജയം ഒരിക്കൽ കൂടി വി എസ്. അച്യുതാനന്ദന്റെ കൂടെ. കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളായ ആർ ബാലകൃഷ്ണപിള്ളക്കു പിന്നാലെ ഇപ്പോൾ കെ.എം മാണിയേയും അധികാര കസേരയിൽ നിന്ന് വി എസ് ഇറക്കിവിട്ടു.

അഴിമതിക്കേസിൽ ആർ ബാലകൃഷ്ണപിള്ളയെ ജയിലിൽ അയച്ച വി എസ്., മാണിയെ മന്ത്രിക്കസേരയിൽ നിന്നാണ് ഇറക്കിവിട്ടത്. അഴിമതി ആരോപണത്തിൽപ്പെട്ട് മന്ത്രിക്കസേര തെറിച്ച മാണിക്ക് മുൻഗാമികളായി നിരവധിപേരുണ്ട്. മുന്മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ. കരുണാകരൻ, ജനതാദൾ നേതാവ് ഡോ.എ. നീലലോഹിതദാസൻ നാടാർ, 1967ലെ ഇ.എം.എസ്. മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ്, കെ.ടി.പി. അംഗമായിരുന്ന വെല്ലിങ്ടൺ, മുൻ വനം മന്ത്രിയായ കെ.പി. വിശ്വനാഥൻ എന്നിങ്ങനെ നീളുന്നു പട്ടിക.

പി.കെ. കുഞ്ഞിന്റെ രാജിയേത്തുടർന്നുള്ള പ്രശ്‌നങ്ങളിൽ ഇ.എം.എസ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന എം.എൻ. ഗോവിന്ദൻനായർ, ടി.വി. തോമസ്, പി.ആർ. കുറുപ്പ്, ടി.കെ. ദിവാകരൻ, അവുക്കാദർക്കുട്ടി നഹ, സി.എച്ച്. മുഹമ്മദ്‌കോയ എന്നിവർ രാജിവച്ചു. ഇതേ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന കെ.ആർ.ഗൗരി, എം.കെ ഇമ്പച്ചിബാവ, മത്തായി മാഞ്ഞൂരാൻ എന്നിവർക്കെതിരെ അഴിമതി ആരോപണം വന്നതിനെത്തുടർന്ന് ഇ.എം.എസ്. മന്ത്രിസഭ തന്നെ രാജിവച്ചു.

ഇടമലയാർക്കേസിൽ ദീർഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ആർ ബാലകൃഷ്ണപിള്ളയെ വി എസ്. ജയിലിലാക്കിയത്. പാമോലിൻ കേസിൽ കരുണാകരനേയും ഉമ്മൻ ചാണ്ടിയേയും കുടുക്കിയ നിയമപോരാട്ടവും കേരളം ചർച്ച ചെയ്തതാണ്. 92 വയസ്സിലും ഈ പോരാട്ടങ്ങൾ തുടരുകയാണ് പുന്നപ്ര വയലാറിന്റെ സമര നായകൻ.