പാലക്കാട് : പ്രായമായെന്ന് ആരു പറഞ്ഞാലും വി എസ് അച്യുതാനന്ദൻ സമ്മതിക്കില്ല. പോരാട്ട വീര്യം കെടാതെ തൊണ്ണൂറ്റിമൂന്നാം വയസിലും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വി എസ്. അച്യുതാനന്ദൻ. ലോകത്തിന് അൽഭുതമാണ് വിഎസിന്റെ ഈ മാനസിക കരുത്ത്. പ്രസംഗങ്ങളിലൂടെ എതിരാളികളെ രാഷ്ട്രീയമായി തകർത്ത് മുന്നേറ്റം. ഈ കമ്യൂണിസ്റ്റ് അതികായനെ അടുത്തറിയാൻ അമേരിക്കയിലെ വാൾ സ്ട്രീറ്റ് ലേഖകൻ ഗബ്രിയേൽ പറുസിനി പാലക്കാട്ടെത്തി.

കോയമ്പത്തൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗബ്രിയേൽ ഇന്നലെ ചന്ദ്രനഗറിൽ വി എസ് താമസിക്കുന്ന വീട്ടിലെത്തി. തുടർന്നു വി.എസിന്റെ പര്യടനത്തെ അനുഗമിച്ചു. ഒരു രാഷ്ട്രീയ നേതാവ് 93ാം വയസിലും തെരഞ്ഞെടുപ്പിനിറങ്ങുന്നത് അപൂർവമാണെന്നാണു ഗബ്രിയേൽ പറയുന്നത്. കഴിഞ്ഞ ആഴ്ച രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങൽ പ്രസംഗം നടത്തിയ ഫിഡൽ കാസ്‌ട്രോക്ക് 91 വയസാണ്. അങ്ങിനെയിരിക്കെ ഇവിടെ വി എസ്. അച്യുതാനന്ദൻ മത്സരിക്കാനിറങ്ങുന്നതിന് ഏറെ പ്രത്യേകതകളുണ്ട്. അതുകൊണ്ട് തന്നെയാണ് ഗബ്രിയേലിന്റെ വരവ്.

വിഎസിന്റെ പ്രചരണം ലോകവ്യാപകമായി ജനങ്ങൾക്ക് അറിയാൻ താൽപ്പര്യമുണ്ടെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ പത്രാധിപസമിതി വിലയിരുത്തിയത്. അതിനാലാണു നേരിട്ട് പാലക്കാട്ടെത്തിയതെന്ന് ഗബ്രിയേൽ വ്യക്തമാക്കി. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണു വി എസ് പ്രചാരണരംഗത്ത് സജീവമായിട്ടുള്ളതെന്നു ഗബ്രിയേൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഓർമശക്തിയും ചോദ്യങ്ങളോട് പ്രതികരിക്കുന്ന രീതിയും മറ്റും അദ്ദേഹം ചെറുപ്പക്കാരിൽനിന്നും വ്യത്യസ്തനല്ലെന്ന ബോധമാണു വളർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് മുത്തച്ഛനായി വിഎസിനെ അവതരിപ്പിക്കാൻ തന്നെയാണ് വാൾസ്ട്രീറ്റ് ലേഖകന്റെ തീരുമാനം. ജനാധിപത്യത്തിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലെത്തിച്ച കേരളത്തിലെ ഈ മുതിർന്ന് നേതാവ് ലോകത്തിന് തന്നെ മാതൃകയാണ്. എങ്ങനെ ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച് മാനസിക കരുത്തും ഉൾക്കാഴ്ചയും നേടാമെന്നാണ് വി എസ് പറഞ്ഞു തരുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു