തിരുവനന്തപുരം ന്മ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷൻ ഓഫിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) നിശ്ചയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയിൽ അറിയിച്ചതിന്റെ അതൃപ്തിയിൽ വി എസ് അച്യുതാനന്ദൻ. നിയമസഭയിൽ പറഞ്ഞതു കൊണ്ട് തന്നെ ഇനി സർക്കാർ നിലപാട് മാറ്റത്തിന് ശ്രമിക്കില്ല.

സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സിൽ ഓഫിസ് വേണമെന്നായിരുന്നു കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദന്റെ ആവശ്യം. എന്നാൽ സർക്കാർ ഇതു നിരാകരിച്ചിരുന്നു. ചീഫ് സെക്രട്ടറിയെ കത്തിലൂടെ വി എസ് അതൃപ്തി അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വിഎസിന്റെ ഓഫിസിനു മാറ്റമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇതോടെ വെട്ടിലായത് വി എസ് അച്യുതാനന്ദനാണ്. ഐഎംജിയിൽ തന്നെ പോയിരുന്ന് വിഎസിന് പ്രവർത്തിക്കേണ്ടി വരും. എന്നാൽ, ഇതേസമയം വിഎസിനു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭയിൽ പ്രത്യേക മുറി അനുവദിച്ചു. നിയമസഭാ മന്ദിരത്തിൽ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വി എസ് കത്തുനൽകിയതിനെ തുടർന്നാണിത്.

സാധാരണ മന്ത്രിമാർക്ക് മാത്രമേ നിയമസഭയിൽ മുറി അനുവദിക്കാറുള്ളൂ. ക്യാബിനറ്റ് റാങ്കുള്ളതിനാൽ തനിക്കും മുറി വേണമെന്ന് വി എസ് വാശിപിടിച്ചു. തൽക്കാലത്തേക്ക് മുറി നൽകുന്നതിൽ സർക്കാരിനും എതിർപ്പുണ്ടായിരുന്നില്ല. ഇതോടെയാണ് അനുകൂല തീരുമാനം ഉണ്ടായത്. നിയമസഭയിൽ മുറി കിട്ടിയത് തന്റെ സമ്മർദ്ധത്തിന്റെ നീക്കമായി വി എസ് കരുതുന്നു. ഇതിന്റെ ആവേശത്തിൽ ഉടൻ തന്നെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് വി എസ് ജോലി തുടങ്ങുമെന്നാണഅ സൂചന.

കമ്മിഷന്റെ പ്രവർത്തനച്ചെലവു കണക്കാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കമ്മിഷനു വേണ്ടി തസ്തികകളും കാബിനറ്റ് റാങ്കുള്ള അധ്യക്ഷന്റെ പഴ്‌സനൽ സ്റ്റാഫിന്റെ തസ്തികകളും പ്രത്യേകമാണു സൃഷ്ടിച്ചിരിക്കുന്നത്.