തിരുവനന്തപുരം: ഇടക്കാലത്തിനുശേഷം സിപിഐ.എമ്മിൽ വീണ്ടും വി എസ്‌പിണറായി പോര് ശക്തമാവുന്നു. ഭരണപരിഷ്‌കാര കമീഷനിൽ വി എസ്. അച്യുതാനന്ദൻ നിർദ്ദേശിച്ച സ്റ്റാഫ് അംഗങ്ങളുടെ പട്ടിക സിപിഐ.(എം) സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയതോടെയാണ് പ്രശ്‌നങ്ങൾ വഷളായത്.

അഡീഷനൽ പി.എ ആയി തന്റെ വിശ്വസ്തൻ വി.കെ. ശശിധരനെയും പേഴ്‌സനൽ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്റെ ശിപാർശയാണ് വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗം തള്ളിയത്. സർക്കാർ തീരുമാനിച്ചതിൽ കൂടുതൽ പേരുകൾ വി എസ് നിർദ്ദേശിച്ചത് പരിഗണിക്കേണ്ടതില്‌ളെന്നും സംസ്ഥാന നേതൃത്വം തീരുമാനിച്ചു. പുതുക്കിയ പട്ടിക സമർപ്പിക്കാൻ നിർദ്ദേശിക്കാനും ധാരണയായി. ഭരണപരിഷ്‌കാര കമീഷനെ സംബന്ധിച്ച് സർക്കാർ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫിസിന്റെ സ്ഥലം നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചും വി എസ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സെക്രട്ടേറിയറ്റ് തീരുമാനത്തോടെ പാർട്ടിയും സർക്കാറും ആയുള്ള വി.എസിന്റെ ഏറ്റുമുട്ടലിനുകൂടിയാണ് കളമൊരുങ്ങുന്നത്.

2006ൽ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പേഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്നു വി.കെ. ശശിധരൻ. സിപിഐ(എം) സംസ്ഥാന നേതൃത്വവുമായുള്ള വി.എസിന്റെ ഏറ്റുമുട്ടൽ കാലത്ത് വിഭാഗീയതയിലും വാർത്താചോർത്തലിലും പെട്ടാണ് അദ്ദേഹം പേഴ്‌സനൽ സ്റ്റാഫിൽനിന്നും പാർട്ടിയിൽനിന്നും പുറത്താകുന്നത്. യു.ഡി.എഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാൻ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കാബിനറ്റ് പദവിയോടെ വി എസ് സ്ഥാനം ഏൽക്കുമ്പോൾ പാർട്ടി ശത്രുപക്ഷത്ത് നിർത്തിയവരാരും അദ്ദേഹത്തിന് ശക്തി നൽകാൻ ഒപ്പം ഉണ്ടാകരുതെന്ന ഉറച്ച സന്ദേശം കൂടിയാണ് ഇതുവഴി നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്മറ്റിയിൽ ഈ പട്ടികയെ ഏറ്റവും ശക്തമായി എതിർത്തത്.

പിണറായി ക്ഷുഭിതനായതോടെ, സമവായത്തിന്റെ വക്താവായി നിന്ന സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കമുള്ളവർ ഒന്നും മിണ്ടാതെ തീരുമാനം അംഗീകരിച്ചു. പേഴ്‌സനൽ സ്റ്റാഫിന്റെ അംഗസംഖ്യ 13 ആയി നിശ്ചയിച്ചിരുന്നെങ്കിലും വി എസ് 20 പേരുടെ പട്ടികയാണ് നൽകിയത്. ഇക്കാര്യത്തിലും ഒരു വീട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് സർക്കാറിനും നേതൃത്വത്തിനും. ഭരണപരിഷ്‌കാര കമീഷനെ കൂടുതൽ ചെലവു വരുത്തുന്ന ഒരു വെള്ളാനയാക്കി മാറ്റരുതെന്ന അഭിപ്രായമാണ് ധനമന്ത്രി തോമസ് ഐസക്കും എടുത്തതത്. അതോടെ സംസ്ഥാന സമിതിയിൽ മറുത്തൊരു അക്ഷരം പറയാൻപോലും ആരുമില്ലാത്ത അവസ്ഥയാണ്.

എന്നാൽ വി എസ് ആകട്ടെ ഈ തീരുമാനം അംഗീകരിക്കാൻ ഇടയില്ല. വി.എസിനെ ഒതുക്കിയെന്നും അപമാനിച്ചുവെന്നുമുള്ള ചിന്ത അദ്ദേഹത്തിന്റെ ക്യാമ്പിൽ ഇപ്പോൾ സജീവമാണ്. അതുകൊണ്ടുതന്നെ പ്രശ്‌നം വീണ്ടും കേന്ദ്ര നേതൃത്വത്തിന് മുന്നിലത്തൊനാണ് സാധ്യത.
അതേസമയം ഈ പേർസണൽ സ്റ്റാഫിൽ കയറിക്കൂടാൻ ശ്രമിക്കുന്നവരാണ് യഥാർഥ പ്രശ്‌നക്കാർ എന്ന പരാതിയും പാർട്ടിക്ക് മുന്നിൽ എത്തിയിട്ടുണ്ട്.നേരത്തെ വി.എസിന്റെ മകൻ അരുൺകുമാർ അടക്കമുള്ളവർ ഈ സ്ഥാനത്തിനായി വി.എസിനെക്കൊണ്ട് കത്തുകൊടുപ്പിച്ചതും ഇങ്ങനെയുള്ള തസ്തികകൾ മുന്നിൽ കണ്ടുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്.