തിരുവനന്തപുരം: ഇടതു മുന്നണിയിലെ വിപുലീകരണത്തിനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ. സവർണ മേധാവിത്വമുള്ളവർ ഇടതു മുന്നണിയിൽ വേണ്ടെന്നും വർഗീയ കക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നും മുൻ മുഖ്യമന്ത്രി ആഞ്ഞടിച്ചു. ആർ ബാലകൃഷ്ണ പിള്ളയെ എൽഡിഎഫിൽ എടുത്തതിനെയാണ് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ വി എസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ബാലകൃഷ്ണപിള്ളയുടെ എൽ ഡി എഫ് പ്രവേശനത്തെ ശക്തമായ ഭാഷയിലാണ് വി എസ് വിമർശിച്ചത്. കൂടാതെ ശബരിമല വെച്ച് വർഗീയ സംഘർഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സമരം ജനങ്ങൾ ഗൗനിക്കുന്നില്ല. യുപി അല്ല കേരളമെന്ന് ബിജെപി നേതാക്കൾ ഓർക്കണമെന്നും വി എസ് കൂട്ടിച്ചേർത്തു.

നേരത്തെ ഇടമലയാർ അഴിമതി കേസിൽ ആർ ബാലകൃഷ്ണ പിള്ളയെ ശിക്ഷിക്കാൻ വേണ്ടി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയത് വി എസ് ആയിരുന്നു. അഴിമതിക്കാരെ വിലങ്ങുവെച്ച് അഴിക്കുള്ളിലിടുമെന്ന് വാഗ്ദാനം അദ്ദേഹം പാലിച്ചത് പിള്ളയെ അഴുക്കുള്ളിലാക്കിയായിരുന്നു. എന്നാൽ, അന്ന് പിള്ളയുടെ ജയിൽവാസത്തിൽ അടക്കം എന്തെങ്കിലും അഭിപ്രായം പറയാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. പിണറായിയുടെ നിലപാടു കൊണ്ടാണ് പിള്ള ഇപ്പോൾ എൽഡിഎഫിലേക്ക് എത്തിയതും.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരണം നടത്തിയത്. കേരള കോൺഗ്രസ് ബി, ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ്, ഐ എൻ എൽ എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ, ആർ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോൺഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നൽകിയിരുന്ന ഐഎൻഎൽ എന്നീ പാർട്ടികളാണ് ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് എൽഡിഎഫ് വിപുലീകരിക്കാൻ മുന്നണി തീരുമാനം കൈക്കൊണ്ടത്. ഇക്കൂട്ടത്തിലാണ് ആർ ബാലകൃഷ്ണ പിള്ളയെയും മുന്നണിയിലേക്ക് അടുപ്പിച്ചത്. ഒരിക്കൽ എൽ.ഡി.എഫിന്റെ ഭാഗമായിരുന്നു ആർ ബാലകൃഷ്ണപിള്ള. 1980-ൽ നായനാർ മന്ത്രിസഭയിൽ അദ്ദേഹം അംഗവുമായിരുന്നു. 1982-ൽ ഇടതുബന്ധം മതിയാക്കി യു.ഡി.എഫിന്റെ ഭാഗമായി. 2015-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാനംവരെ ഇണങ്ങിയും പിണങ്ങിയും ഈ ബന്ധം തുടർന്നു. തനിക്കും പാർട്ടിക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് പിള്ള മുന്നണി വിട്ടു. 2016-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ചേർന്നു. കെ.ബി. ഗണേശ് കുമാർ എംഎൽഎ. ആയി.

പിള്ളയ്ക്ക് കാബിനറ്റ് റാങ്കോടുകൂടി മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചുവെന്നതല്ലാതെ ഘടകകക്ഷിയാക്കിയില്ല. എൻ.എസ്.എസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും ഇടതിനൊപ്പം നിന്നതാണ് പിള്ളയ്ക്ക് ഇപ്പോൾ അനുകൂലമായത്. അഴിമതിക്കേസിൽ ശിക്ഷ അനുഭവിച്ച കേരളത്തിലെ ഏക നേതാവുമാണ് പിള്ള. വി എസ് അച്യുതാനന്ദന്റെ നിയമപോരാട്ടമാണ് പിള്ളയെ തടവറയിൽ എത്തിച്ചത്. അത്തരത്തിലൊരു നേതാവിലൂടെ നായർ വോട്ടുകളെ അടുപ്പിക്കാനാണ് സിപിഎം തന്ത്രം.

ഘടകകക്ഷിയെന്ന നിലയിൽ ഐ.എൻ.എല്ലിലുണ്ടാക്കുന്ന മാറ്റം മുസ്ലിം വിഭാഗത്തിനുള്ളിൽ പിന്തുണ കൂട്ടാൻ വഴിയൊരുക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ബാലകൃഷ്ണപിള്ളയിലൂടെ നായർ വിഭാഗത്തിലും സ്വാധീനം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിലൂടെ ക്രൈസ്തവ വോട്ടുകളും സിപിഎം ലക്ഷ്യമിടുന്നു. ശബരിമല വിഷയത്തോടെ കേരളം മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രൂവീകരണത്തിലേക്ക് പോകുമെന്ന് സിപിഎം ഭയക്കുന്നു.

മുസ്ലിംലീഗിലൂടെ മുസ്ലീവോട്ടുകളും കേരളാ കോൺഗ്രസിലൂടെ ക്രൈസ്തവ വോട്ടുകളും യുഡിഎഫിലേക്ക് ഒഴുകും. ഇത് പിടിച്ചു നിർത്താനാണ് ഐഎൻഎല്ലും ജനാധിപത്യ കേരളാ കോൺഗ്രസും. മാതൃഭൂമിയുടെ വാർത്ത എഴുത്ത് അനുകൂലമാക്കാൻ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റുകളെ സിപിഎം ലക്ഷ്യമിടുന്നത്. അങ്ങനെ പത്ത് പാർട്ടികളുള്ള മതേതര മുന്നണിയായി ഇടതുപക്ഷത്തെ സിപിഎം വളർത്തുന്നത് മതേതരത്തിന് അപ്പുറം മത-സാമുദായിക സംവിധാനങ്ങൽ അനുകൂലമാക്കാനാണ്.

ആന്റണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കേരള കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി. തുടക്കംമുതൽ ഇടതുമുന്നണിയുമായി സഹകരിച്ച ജനാധിപത്യ കേരളകോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തു പോലും ജയിക്കാനായില്ല. ഇടത് തരംഗം ആഞ്ഞെടിച്ചിട്ടും ദയനീയ പരാജയമാണ് അവർ ഏറ്റുവാങ്ങിയത്. ഇതോടെ ഇടതുമുന്നണി ഫ്രാൻസിസ് ജോർജിനെ കൈവിടുമെന്ന് ഏറവും കരുതി. എന്നാൽ ശബരിമല പ്രശ്‌നത്തിലൂടെ മധ്യ തിരുവിതാകൂരിലെ ക്രൈസ്തവ വോട്ടുകൾ അടുപ്പിക്കേണ്ടതിന്റെ പ്രാധാന്യം സിപിഎമ്മിന് അറിയാം. കേരളാ കോൺഗ്രസ് മാണി ഇടതുപക്ഷത്ത് വരില്ലെന്ന് ഉറപ്പായതു കൊണ്ട് കൂടിയാണ് ഈ നീക്കം.

ഈ നാലുപാർട്ടികൾകൂടി മുന്നണിയിലെത്തുന്നതോടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എല്ലാ മേഖലകളിലും ഇടത് അടിത്തറ വിപുലപ്പെടുമെന്നതുറപ്പാണ്. ശബരിമലപ്രശ്‌നവും ലോക്സഭാ തിരഞ്ഞെടുപ്പും മുന്നണിക്കുമുമ്പിൽ വെല്ലുവിളിയായി നിൽക്കുമ്പോൾ എല്ലാവിഭാഗക്കാരുടെയും പിന്തുണ എൽ.ഡി.എഫിന് അനിവാര്യവുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമെന്ന തിരിച്ചറിവിലാണ് എൽഡിഎഫിന്റെ മുന്നണി വിപുലീകരണം.