കൊച്ചി: ട്രസ്റ്റിന്റെ മറവിൽ ഓഹരി പിരിച്ചെടുത്ത് 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം ഉയർന്ന പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ.

അഴിമതിക്കെതിരായ തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പാർട്ടി നേതൃത്വത്തോട് ബോധ്യപ്പെടുത്തുകയാണ് വി എസ്. അടുത്ത ദിവസം തന്നെ പ്രതിപക്ഷ നേതാവ് നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാദ്ധ്യമ പ്രവർത്തകരോട് അറിയിക്കുമെന്നും സൂചനയുണ്ട്. ബോബി ചെമ്മണൂർ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ രാജ്യത്തിനകത്തും വിദേശത്തും നിന്നായി കോടികൾ പിരിച്ചെടുത്ത് വൻതട്ടിപ്പ് നടത്തുന്നതായി വാർത്താസമ്മേളനത്തിൽ വി എസ് ആരോപിച്ചിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങൾ മുക്കി മാദ്ധ്യമങ്ങളും തങ്ങളുടെ പരസ്യദാതാവിനോടുള്ള കൂറ് തെളിയിച്ചു.

വാർത്ത ചെറുതായി പോലും മിക്ക പത്രങ്ങളിലും വരാതിരുന്നത് വി എസിന് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നാണ് അദ്ദേഹത്തോടടുപ്പമുള്ളവർ പറയുന്നത്. വാർത്തയാക്കി പൊതുജന മധ്യത്തിൽ ബോബിവിഷയം ചർച്ചയാക്കിയതിനു ശേഷം നിയമനടപടികളിലേക്ക് കടക്കുകയെന്നതായിരുന്നു വി എസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് പറഞ്ഞിട്ട് പാർട്ടി പത്രം പോലും ഏതാനും വരികളിൽ ഒതുക്കിയത് അദ്ദേഹത്തെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതെല്ലാമാണ് നിയമനടപടി പെട്ടെന്നാക്കാൻ വി എസിനെ പ്രേരിപ്പിക്കുന്നത്. കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി ബോബിക്കെതിരെ അന്വേഷണം ആവശ്യപ്പെടാനാണ് തീരുമാനമെന്നാണ് സൂചന. ഈ വിഷയങ്ങളെല്ലാം സർക്കാരിനേയും അറിയിക്കും. ബോബിക്കെതിരായി മുൻപ് നൽകിയ പരാതി ആഭ്യന്തര വകുപ്പ് മുക്കിയത് രാഷ്ട്രീയ പ്രചരണ ആയുധമാക്കാനും പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ട്രസ്റ്റിന്റെ മറവിൽ ആളുകളിൽ നിന്ന് ഏതാണ്ട് 2000 കോടി രൂപ പിരിച്ചെടുത്തെന്നാണ് ആക്ഷേപം.ഇതിന് വ്യക്തമായ കണക്കുകൾ അവരുടെ പക്കൽ ഇല്ലെന്നും പറയപ്പെടുന്നു.

ഇങ്ങനെ പിരിച്ചെടുക്കുന്ന തുകയ്ക്കു പലിശ നല്കിയാണ് പരാതി വരാതെ ബോബി രക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്. റിസർവ് ബാങ്ക് ചട്ടപ്രകാരം സമാന്തര സാമ്പത്തിക സ്ഥാപനമായി പണം പലിശക്ക് നൽകാൻ ആർക്കും അധികാരമില്ലെന്നിരിക്കെയാണ് ട്രസ്റ്റിന്റേയും സ്ഥാപനത്തിന്റേയും മറവിൽ പലിശയിടപാട് നടക്കുന്നത്. 2000 കോടി പിരിച്ചെടുത്തെങ്കിലും ഇതിന്റെ വ്യക്തമായ കണക്ക് ഇവരുടെ പക്കലില്ലത്രെ. ഇതിന്റെയെല്ലാം കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന. സർക്കാരിനെ കബളിപ്പിച്ച് വൻനികുതി വെട്ടിപ്പും ഇതിലൂടെ ബോബി നടത്തിയിട്ടുണ്ട്. ഇത്രയധികം തട്ടിപ്പ് നടത്തിയെങ്കിലും പല മാദ്ധ്യമങ്ങളും ഇപ്പോഴും തങ്ങളുടെ പരസ്യ ദാതാവിനെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിപക്ഷനേതാവിന്റെ വിഷയത്തിലുള്ള നിലപാടിന് പ്രസക്തി വർദ്ധിക്കുന്നത്.

സർവ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നിയമങ്ങൾ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വി എസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വി എസ് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും കാണേണ്ട പോലെ കണ്ടതാണ് ഫയൽ മുങ്ങാൻ കാരണമെന്നും വി എസ് വാർത്താസമ്മേളന്തിൽ ആരോപിച്ചു. സർക്കാർ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. എന്നാൽ വൻകിടക്കാരുടേയും സ്വർണ്ണക്കടക്കാരുടേയും വാഴ്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും വി എസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ ആഞ്ഞടിച്ച് വി എസ് വാർത്താസമ്മേളനം നടത്തിയെങ്കിലും മാദ്ധ്യമങ്ങൾ ഒരുപോലെ മുക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

കന്റോൺമെന്റ് ഹൗസിൽ വച്ചായിരുന്നു വി എസ് അച്യുതാനന്ദന്റെ പത്ര സമ്മേളനം. എല്ലാ മുഖ്യധാരമാദ്ധ്യമങ്ങളും അവിടെ എത്തിയിരുന്നു. ചാനലുകൾ ആകട്ടെ വിഎസിന്റെ വാർത്താസമ്മേളനത്തിന്റെ ലൈവ് സംപ്രേഷണവും നടത്തി. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ വിഷയം വന്നപ്പോൾ ചാനലുകൾ ലൈവ് പിൻവലിക്കുകയും ചെയ്തു. പാർട്ടി പത്രമായ ദേശാഭിമാനിയിൽ പോലും കാര്യമായ പ്രാധാന്യത്തെ ബോബിക്കെതിരെ വാർത്ത നൽകിയില്ല. പാർട്ടി പത്രത്തിന്റെ ചില എഡിഷനുകളിലെ അഞ്ചാംപേജിൽ ചെറിയ വാർത്ത വന്നതൊഴിച്ചാൽ മറ്റ് എഡിഷനുകളിൽ വാർത്ത പ്രസിദ്ധീകരിച്ചില്ല. ഉന്നത സമ്മർദ്ദമാണ് വാർത്തയ്ക്ക് കാര്യമായ പ്രാധാന്യം നൽകാത്തതിന് കാരണമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വി എസ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

മുമ്പ് ബോബി ചെമ്മണ്ണൂർ രക്തം ശേഖരിക്കുന്നതിനെന്ന പേരിൽ കോടികൾ മുടക്കി കേരളത്തിൽ ഓടിയിരുന്നു. അന്ന് മന്ത്രിമാരടക്കം എല്ലാവരും ബോബിക്ക് ചൂട്ടുപിടിച്ചു. എന്നാൽ ഒടുവിൽ ബ്ലഡ്ബാങ്കിൽ രക്തമില്ലെന്ന യാഥാർത്ഥ്യവും പുറത്തുവന്നിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണം ഉന്നയിച്ച് പി സി ജോർജ്ജും അന്ന് രംഗത്തിറങ്ങിയെങ്കിലും പിന്നീട് അദ്ദേഹവും വാപൂട്ടുകയാണ് ഉണ്ടായത്. ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ഉയർന്നിട്ടും അതേക്കുറിച്ചും മാദ്ധ്യമങ്ങൾ മൗനം പുലർത്തുകയാണ് ഉണ്ടായത്. അന്ന് മറുനാടൻ മലയാളി ആയിരുന്നു ഈ വാർത്ത പുറത്തുവിട്ടത്. തുടർന്ന് നിരന്തരം ഇതേക്കുറിച്ചുള്ള വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി കേസെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിക്കുകയോ വിശദമായ അന്വേഷണം നടത്തുകയോ ഉണ്ടായില്ല. ഉന്നത സമ്മർദ്ദതെ തുടർന്നായിരുന്നു ബോബിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതും. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തതത് കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലായിരുന്നു. ഇരുവള്ളൂർ സ്വദേശി ജ്യോതീന്ദ്രനായിരുന്നു ബോബിയുടെ തട്ടിപ്പിന് ഇരയായത്.